Quantcast

ജീവനക്കാരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചോ? ബോയിങ്ങിനെ വിടാതെ പിന്തുടരുന്ന ദുരന്തങ്ങൾ

  • 2024ൽ, മുൻ ബോയിംഗ് ക്വാളിറ്റി മാനേജരായിരുന്ന ജോൺ ബാർനെറ്റ് കമ്പനി സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്‌ച ചെയ്‌തുവെന്ന ആരോപണം ഉന്നയിച്ചിരുന്നു. വിമാനത്തിന്റെ അടിയന്തര ഓക്‌സിജൻ സംവിധാനങ്ങളിൽ 25 ശതമാനം പരാജയ നിരക്ക് പരിശോധനയിൽ കണ്ടെത്തിയതായും ഇദ്ദേഹം അന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. 787നെ കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ച ജോൺ ബാർനെറ്റിനെ പിന്നീട് സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

MediaOne Logo

Web Desk

  • Published:

    13 Jun 2025 3:04 PM IST

ജീവനക്കാരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചോ? ബോയിങ്ങിനെ വിടാതെ പിന്തുടരുന്ന ദുരന്തങ്ങൾ
X

ഇന്ത്യയെ കണ്ണീരണിയിച്ച് മറ്റൊരു വിമാനദുരന്തം കൂടി സംഭവിച്ചിരിക്കുന്നു... മിനിറ്റുകൾക്കുളിൽ തകർന്നുവീണ് കത്തിയമർന്ന വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ ആരും രക്ഷപ്പെട്ടില്ല. വിമാനം നഗരത്തിലെ ഒരു മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിൽ പതിച്ചതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ, സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്കുപുറപ്പെട്ട വിമാനമാണ് ഇന്നലെ ടേക്ക് ഓഫിനുപിന്നാലെ തകർന്നുവീണത്. 12 വർഷം പഴക്കമുള്ള ഇന്ത്യയുടെ എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനം... അഹമ്മദാബാദ് ദുരന്തത്തോടെ ബോയിങ് കമ്പനി വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്..

ബോയിംഗിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ വീണ്ടും ചർച്ചയിലെത്തിയിരിക്കുന്നു.. ബോയിംഗ് വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ ഈ അപകടം കമ്പനിക്ക് വലിയ തിരിച്ചടിയാണ്. സിയാറ്റിൽ ആസ്ഥാനമായുള്ള എയ്‌റോസ്‌പേസ് ഭീമൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ മൂലമുള്ള സാമ്പത്തിക സമ്മർദ്ദങ്ങളടക്കം നേരിടുമ്പോഴാണ് ഈ വെല്ലുവിളികൾ വരുന്നത്. ഇതാദ്യമായല്ല കഴിഞ്ഞ കുറേ വർഷങ്ങളായി തുടങ്ങിയതാണ് ബോയിങ്ങിന്റെ പ്രതിസന്ധി.

2018ൽ ലയൺ എയർ 737 MAX വിമാനം തകർന്നുവീണതിനെ തുടർന്ന് ബോയിങ്ങിന്റെ പ്രതിച്ഛായക്ക് വിള്ളലേറ്റുതുടങ്ങി. മാനൂവറിങ് ക്യാരക്‌ടറിസ്റ്റിക്‌സ്‌ ഓഗ്മെന്റേഷൻ എന്ന സുരക്ഷാ സിസ്റ്റത്തിലെ തകരാർ മൂലമായിരുന്നു ആ അപകടം സംഭവിച്ചത്. അപകട സാഹചര്യങ്ങളില്‍ വിമാനത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ് MCAS എന്ന സംവിധാനം.

അന്ന് വിമാനത്തിലുണ്ടായിരുന്ന 189 പേരും മരണപ്പെട്ടു. ഏതാനും മാസങ്ങൾക്ക് ശേഷം, 2019 മാർച്ചിൽ ഇതേ വിമാന മോഡൽ ഉപയോഗിച്ചിരുന്ന ഒരു എത്യോപ്യൻ എയർലൈൻസ് വിമാനം ഇതേ കാരണത്താൽ തകർന്നു. വിമാനത്തിലുണ്ടായിരുന്ന 157 പേർക്കാണ് ജീവൻ നഷ്‌ടമായത്.

2024 ജനുവരിയിൽ അലാസ്‌ക എയർലൈൻസ് റൂട്ടിൽ പറക്കുന്നതിനിടെ ഒരു വിമാനത്തിന്റെ ഡോർ പാനൽ യാത്രാമധ്യേ അഴിഞ്ഞുവീണ സംഭവവും വിവാദമായി. എന്നാൽ, 787 ഡ്രീംലൈനർ ഇതുവരെ താരതമ്യേന മികച്ച സുരക്ഷാ റെക്കോർഡ് നിലനിർത്തിയിരുന്നു. ഇതാണ് 787ന്റെ ആദ്യത്തെ മാരക അപകടമെന്നാണ് വ്യോമയാന വിദഗ്‌ധനായ സ്കോട്ട് ഹാമിൽട്ടൻ പറയുന്നത്. അഹമ്മദാബാദ് ദുരന്തത്തോടെ ആ റെക്കോർഡും തിരുത്തപ്പെട്ടിരിക്കുന്നു...

2011ൽ ആദ്യമായി പുറത്തിറക്കിയ ബോയിംഗ് ആഗോളതലത്തിൽ 2,500 ലധികം മോഡലുകൾ വിറ്റഴിച്ചിട്ടുണ്ട്. എയർ ഇന്ത്യ അവയിൽ 47 എണ്ണം വാങ്ങി. ബോയിങ്ങിന്റെ ഡ്രീംലൈനർ മോഡൽ വർഷങ്ങളോളം സുരക്ഷയുമായി ബന്ധപ്പെട്ട സൂക്ഷ്‌മപരിശോധന നേരിട്ടിട്ടുണ്ട്. 2024ൽ, മുൻ ബോയിംഗ് ക്വാളിറ്റി മാനേജരായിരുന്ന ജോൺ ബാർനെറ്റ് കമ്പനി സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്‌ച ചെയ്‌തുവെന്ന ആരോപണം ഉന്നയിച്ചിരുന്നു. വിമാനത്തിന്റെ അടിയന്തര ഓക്‌സിജൻ സംവിധാനങ്ങളിൽ 25 ശതമാനം പരാജയ നിരക്ക് പരിശോധനയിൽ കണ്ടെത്തിയതായും ഇദ്ദേഹം അന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. 787നെ കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ച ജോൺ ബാർനെറ്റിനെ പിന്നീട് സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് ബോയിംഗ്, തൊഴിലാളികളിൽ സമ്മർദ്ദം ചെലുത്തിയതായി 2019ൽ, ന്യൂയോർക്ക് ടൈംസും വെളിപ്പെടുത്തിയിരുന്നു.

2024ൽ വിമാനങ്ങളെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകൾ ഉന്നയിച്ചതിന് തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ബോയിങിലെ മുൻ എഞ്ചിനീയറായ സാം സാലെപോറും രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം നിലവിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

2024ൽ കെല്ലി ഓർട്ട്ബർഗ്‌ സിഇഒ ആയി ചുമതലയേറ്റതിന് ശേഷം നടക്കുന്ന മാരകമായ അപകടമായിരുന്നു അഹമ്മദാബാദിലേത്. ഇതിനു മുൻപ്, ഡിസംബറിൽ ഒരു ബോയിംഗ് വിമാനം പക്ഷി ഇടിച്ചതിനെ തുടർന്ന് തകർന്നുവീണ് 181 പേരിൽ 179 പേർ കൊല്ലപ്പെട്ട സംഭവമായിരുന്നു അവസാനത്തേത്. ഇതിനിടെ, ഈ മാസം ആദ്യം, യുഎസ് നീതിന്യായ വകുപ്പ് ബോയിംഗുമായി ഒരു ഒത്തുതീർപ്പിലെത്തിയിരുന്നു. മുൻകാല അപകടങ്ങളിലെ പ്രോസിക്യൂഷൻ ഒഴിവാക്കാനായെങ്കിലും ബോയിംഗിന് 1.1 ബില്യൺ ഡോളർ പിഴ അടയ്ക്കേണ്ടി വന്നിട്ടുണ്ട്. അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് ഇന്നലെ യുഎസ് വിപണിയിൽ ബോയിങ് കമ്പനിയുടെ ഓഹരിവിലയിൽ വലിയ ഇടിവുമുണ്ടായി.

ബോയിങ്ങിന് മാത്രമല്ല, അഹമ്മദാബാദ് ദുരന്തം തിരിച്ചടിയായിരിക്കുന്നത് എയർ ഇന്ത്യക്ക് കൂടിയാണ്. 1932ൽ സ്ഥാപിതമായ ഈ വിമാനക്കമ്പനി 2022ലാണ് ടാറ്റ ഗ്രൂപ്പിന്റെ കീഴിലേക്ക് മാറിയത്.യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള ഇന്ത്യയുടെ ഏക ദീർഘദൂര അന്താരാഷ്ട്ര വിമാനക്കമ്പനി എന്ന നിലയിൽ, രാജ്യത്തുടനീളമുള്ള ആഗോള യാത്രയിൽ എയർ ഇന്ത്യയ്ക്ക് ശക്തമായ പങ്കാണുള്ളത്. 2023ൽ 220 ബോയിംഗ് വിമാനങ്ങൾ ഓർഡർ ചെയ്‌ത എയർ ഇന്ത്യ, തങ്ങളുടെ ബ്രാൻഡിനെ ആധുനികവത്കരിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ, 2010ൽ ഉണ്ടായ മംഗലാപുരം അപകടവും 2020ലെ കരിപ്പൂർ വിമാനദുരന്തവും എയർ ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയായിരുന്നു.

അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ടാറ്റ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും വഹിക്കുമെന്ന് ടാറ്റ സൺസ് ചെയർപേഴ്‌സൺ എൻ ചന്ദ്രശേഖരൻ അറിയിച്ചു. എയർ ഇന്ത്യയുമായി സഹകരിക്കുമെന്ന് ബോയിങ്ങും അറിയിച്ചിട്ടുണ്ട്.

മരണസംഖ്യയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനദുരന്തമാണ് ഇന്നലെ നടന്നത്. 1996-ൽ ഹരിയാണയിലെ ചർഖി ദദ്രിയിൽ, സൗദി അറേബ്യൻ വിമാനവും കസാഖ്‌സ്താൻ എയർലൈൻസ് വിമാനവും ആകാശത്തു കൂട്ടിയിടിച്ച് 349 പേർ മരിച്ചിരുന്നു. കൂടുതൽ ഇന്ധനക്ഷമതയും മികച്ച യാത്രാനുഭവവും വാഗ്‌ദാനം ചെയ്യുന്നതാണ് ബോയിങ്ങിന്റെ ഡ്രീംലൈനർ വിമാനങ്ങൾ. ദീർഘദൂരസർവീസുകൾക്ക് ഉപയോഗിക്കുന്ന അത്യാധുനികവിമാനങ്ങളാണ് ഇവ. സുരക്ഷിതത്വത്തിനേക്കാള്‍ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ലെന്നായിരുന്നു ലോകം കണ്ട ഏറ്റവും വലിയ വിമാനനിര്‍മാതാക്കളുടെ അവകാശവാദവും. എന്നാൽ, ബോയിങ് എന്ന പേര് വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നത് വിവാദങ്ങളുടെ അകമ്പടിയോടെയാണ്.. അഹമ്മദാബാദ് ദുരന്തം ബോയിംഗിന്റെയും എയർ ഇന്ത്യയുടെയും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ്...

TAGS :

Next Story