'ബ്രിക്‌സ് അമേരിക്കയെ ദ്രോഹിക്കുന്ന കൂട്ടായ്മ, 10 ശതമാനം അധിക തീരുവ ചുമത്തും': ഭീഷണി ആവര്‍ത്തിച്ച് ട്രംപ്
വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ ബ്രിക്‌സ് ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചിരുന്നു

വാഷിങ്ടണ്‍: ബ്രിക്‌സ് കൂട്ടായ്മയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അധികതീരുവ ചുമത്തുമെന്നുമുള്ള ഭീഷണി ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ബ്രിക്‌സ് അമേരിക്കയെ ദ്രോഹിക്കാനായി ഉണ്ടാക്കപ്പെട്ട കൂട്ടായ്മയാണെന്നും അവരുടെ തീരുമാനങ്ങള്‍ക്ക് അതേ നാണയത്തില്‍ അമേരിക്ക തിരിച്ചടി നല്‍കുമെന്നും ചൊവ്വാഴ്ച വൈറ്റ്‌ഹൗസ്സില്‍ മാധ്യമങ്ങളെ കാണവെ ട്രംപ് പറഞ്ഞു. നേരത്തെ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയും ട്രംപ് സമാന ഭീഷണി മുഴക്കിയിരുന്നു.
ബ്രിക്‌സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തില്‍ നിന്നും അധികമായി 10 ശതമാനം താരിഫ് ഈടാക്കും. ഈ നയത്തിന് ഒരു ഇളവുമുണ്ടായിരിക്കില്ലെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നത്. ഇറാനെതിരെ കഴിഞ്ഞ മാസം യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെ ബ്രസീലിൽ നടന്നുകൊണ്ടിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടി അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
അതേസമയം ആഗോള സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കും വിധം ലോകരാജ്യങ്ങള്‍ക്ക് വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ ബ്രിക്‌സ് ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബ്രസീലിലെ റിയോ ഡി ജനൈറോയില്‍ നടന്ന 17-ാം ബ്രിക്‌സ് ഉച്ചകോടി ചൊവ്വാഴ്ച അവസാനിച്ചതിന് പിന്നാലെയാണ് അതില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ രാജ്യങ്ങള്‍ക്കുമേലും അധികതീരുവ ചുമത്തും എന്ന ഭീഷണി ട്രംപ് ആവര്‍ത്തിച്ചത്.
Adjust Story Font
16

