Quantcast

വധുവിനെ വാങ്ങാനൊരു മാർക്കറ്റ്; നീലക്കണ്ണുള്ള കന്യകമാർക്ക് റേറ്റ് കൂടുതൽ!

വർഷത്തിൽ രണ്ടു തവണയാണ് ഈ ബ്രൈഡൽ മാർക്കറ്റ് പ്രവർത്തിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-08-29 11:32:40.0

Published:

29 Aug 2023 11:31 AM GMT

വധുവിനെ വാങ്ങാനൊരു മാർക്കറ്റ്; നീലക്കണ്ണുള്ള കന്യകമാർക്ക് റേറ്റ് കൂടുതൽ!
X

വധുവിനെ വാങ്ങാൻ ഒരു മാർക്കറ്റ്! ഓൺലൈൻ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. സംഗതി ഓഫ്‌ലൈനാണ്. ബാൾക്കൻ രാഷ്ട്രമായ ബൾഗേറിയയിലെ സ്റ്റാറ സഗോറ എന്ന നഗരത്തിലാണ് വധുവിനെ പണം കൊടുത്തുവാങ്ങാനുള്ള മാർക്കറ്റ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നത്. ക്രിസ്ത്യൻ ഓക്‌സഡോക്‌സ് വിഭാഗമായ കലൈദ്ജി റോമ സമുദായത്തിലാണ് ഇങ്ങനെയൊരു ആചാരം നൂറ്റാണ്ടുകളായി നിലവിലുള്ളത്.

വർഷത്തിൽ രണ്ടു തവണയാണ് ഈ ബ്രൈഡൽ മാർക്കറ്റ് പ്രവർത്തിക്കുന്നത്. കന്യകകൾ അടക്കമുള്ള യുവതികൾ തങ്ങളുടെ ഭാവി വരനെ കണ്ടെത്താൻ ഈ മാർക്കറ്റിലെത്തുന്നു. എത്തുന്ന ചെറുപ്പക്കാരുമായി മുതിർന്നവർ സംസാരിച്ചാണ് മക്കളുടെ വിവാഹം ഉറപ്പിക്കുന്നത്. എത്തുന്നവരുടെ ധനസ്ഥിതി അനുസരിച്ച് വധുവിനെ ഇവിടെ നിന്ന് കണ്ടെത്താനാകും. കന്യകമാർക്കാണ് മാർക്കറ്റിൽ ഡിമാൻഡ് കൂടുതൽ.


സ്റ്റാറ സഗോറയിലെ ബ്രൈഡ് മാര്‍ക്കറ്റിലെത്തിയവര്‍


ബൾഗേറിയയിലെ ഏറ്റവും ദരിദ്രരായ വിഭാഗമാണ് കലൈദ്ജി റോമ. പരമ്പരാഗതമായി ചെമ്പുപണിക്കാരാണ് ഇവരിൽ മിക്കവരും. ചെമ്പുപാത്രങ്ങൾക്ക് ഡിമാൻഡ് കുറവു വന്നതോടെ പലരും ഫാക്ടറിത്തൊഴിലാളികളായി. മോശം സാമ്പത്തിക സ്ഥിതിയിൽ നിന്ന് കരകയറാനുള്ള വഴിയായാണ് പലരും പെൺമക്കളുടെ വിവാഹത്തെ കാണുന്നത്. ബ്രൈഡ് മാർക്കറ്റിലേക്ക് അണിഞ്ഞൊരുങ്ങിയാണ് ഇവർ മക്കളെ കൊണ്ടുവരാറുള്ളത്. യുവതികളെ കാണാനെത്തുന്ന പുരുഷന്മാരും അണിഞ്ഞൊരുങ്ങുന്നു. തങ്ങളുടെ സമ്പത്തിന്‍റെ അടയാളമായി സ്വര്‍ണമാലയും സ്വര്‍ണവാച്ചുമൊക്കെ അണിഞ്ഞാണ് പുരുഷന്മാരില്‍ പലരും മാര്‍ക്കറ്റിലെത്തുന്നത്.

അതിസുന്ദരികളായ യുവതികൾക്ക് മാർക്കറ്റിൽ വൻ ഡിമാൻഡ് ആണുള്ളതെന്ന് ഈ സമുദായത്തെ കുറിച്ച് പഠിച്ച ഗവേഷകൻ വെൽചോ ക്രാസ്‌തേവ് പറയുന്നു. കന്യകമാർക്കും ഡിമാൻഡുണ്ട്. നീലക്കണ്ണും വെളുത്ത നിറവുമുള്ളവർക്ക് അതിലേറെ ആവശ്യക്കാർ. വിവാഹം കഴിക്കപ്പെടുന്ന സ്ത്രീ കന്യകയായിരിക്കണമെന്നാണ് ഓർത്തഡോക്‌സ് വിഭാഗത്തിലെ വിശ്വാസം. പതിനെട്ടോ അതിൽ കൂടുതലോ പ്രായമുള്ളവർ മാത്രമേ ബ്രൈഡൽ മാർക്കറ്റിൽ വിൽപ്പനയ്ക്കുണ്ടാകൂ. എന്നാൽ മാതാപിതാക്കൾ പറഞ്ഞുറപ്പിച്ച വരനെ ഇഷ്ടമല്ലെങ്കിൽ അത് പറയാനുള്ള സ്വാതന്ത്യവും മക്കൾക്കുണ്ട്.


സ്റ്റാറ സഗോറയിലെ ബ്രൈഡ് മാര്‍ക്കറ്റിലെത്തിയവര്‍


ഉത്സവാന്തരീക്ഷത്തിലാണ് ബ്രൈഡൽ ഫെയർ നടക്കാറുള്ളത്. മസ്‌കാര, ആഭരണങ്ങൾ, ഹൈ ഹീൽ ചെരുപ്പുകൾ എന്നിവ അണിഞ്ഞാണ് യുവതികൾ എത്താറുള്ളത്. കടുംനിറത്തുള്ള സ്‌കർട്ടുകളാണ് ഇവർ സാധാരണ ഗതിയിൽ അണിയാറുള്ളത്. ജീൻസും ഷർട്ടുമായിരിക്കും ആൺകുട്ടികളുടെ വേഷം. ചെയിന്‍ അടക്കമുള്ള ആഭരണങ്ങളും അണിയുന്നു. മാര്‍ക്കറ്റില്‍ ഇവർ പരസ്പരം നൃത്തം ചെയ്യുകയും ഹസ്തദാനം നടത്തുകയും ചെയ്യുന്നു. ഇവിടെ വച്ചാണ് ഇവർ 'കച്ചവടം' പറഞ്ഞുറപ്പിക്കാറുള്ളതും. നേരത്തെ സമൂഹമാധ്യമങ്ങൾ വഴി ബന്ധപ്പെട്ടവരും ഇവിടെ വച്ച് കണ്ടുമുട്ടുന്നു.

ഇത്തരത്തിൽ ഒരു വിപണി ധാർമികമാണോ എന്ന ചോദ്യം പല തവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നാണ് കലൈദ്ജികൾ ഉത്തരം നൽകുക.



ഇതെല്ലാം കേട്ട്, ഒരു ബൾഗേറിയൻ യുവതിയെ പോയി കല്യാണം കഴിക്കാം എന്നു കരുതിയാൽ അതു നടപ്പില്ല. രാജ്യത്ത് പൗരത്വമുള്ള സ്ഥിരതാമസക്കാർക്ക് മാത്രമേ ബൾഗേറിയക്കാരിയെ വിവാഹം ചെയ്യാനാകൂ. ബൾഗേറിയൻ ഫാമിലി കോഡിൽ ഇവ കൃത്യമായി പറഞ്ഞിട്ടുമുണ്ട്.

നാടോടി വിഭാഗത്തിൽപ്പെടുന്ന കലൈദ്ജികൾക്ക് ഒരിന്ത്യൻ ബന്ധവുമുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് രാജസ്ഥാനിൽ നിന്ന് കിഴക്കൻ യൂറോപ്പിലേക്ക് കുടിയേറിയവരാണ് ഇവരുടെ പ്രപിതാക്കൾ. റൊമാനിയ, ബൾഗേറിയ എന്നിവിടങ്ങളിലേക്കായിരുന്നു പ്രധാന കുടിയേറ്റം. യൂറോപ്യൻ യൂണിയൻ അതിർത്തികൾ തുറന്നതോടെ പിന്നീട് മറ്റു രാഷ്ട്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. മധ്യേഷ്യയിലും ഇവരുടെ സാന്നിധ്യമുണ്ട്.

TAGS :

Next Story