മാസങ്ങള്‍ക്കു മുന്‍പ് കാണാതായ ബ്രിട്ടീഷ് നടൻ ജൂലിയൻ സാൻഡ്സ് മരിച്ചതായി സ്ഥിരീകരണം; അസ്ഥികൂടം കണ്ടെത്തി
അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ദക്ഷിണ കാലിഫോര്‍ണിയയിലെ മലനിരകളില്‍ ഹൈക്കിങ്ങിന് പോയതിനിടെയാണ് അദ്ദേഹത്തെ കാണാതായത്

ജൂലിയൻ സാൻഡ്സ്
ലോസാഞ്ചലസ്: മാസങ്ങള്‍ക്ക് മുന്‍പ് കാലിഫോര്‍ണിയ പര്‍വത നിരകളില്‍ നിന്നും കാണാതായ ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്സ്(65) മരിച്ചതായി സ്ഥീരികരിച്ചത്. അസ്ഥികൂടവും കണ്ടെത്തി. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ദക്ഷിണ കാലിഫോര്‍ണിയയിലെ മലനിരകളില്‍ ഹൈക്കിങ്ങിന് പോയതിനിടെയാണ് അദ്ദേഹത്തെ കാണാതായത്.ഓസ്‌കര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 'എ റൂം വിത്ത് എ വ്യൂ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സാന്‍ഡ്സ് ശ്രദ്ധ നേടുന്നത്.
ജൂൺ 25 ന് സാന്‍ഡ്സ് അപ്രത്യക്ഷമായ സ്ഥലത്തു നിന്നും യാത്രക്കാര്‍ കണ്ടെത്തിയ അസ്ഥികൂടം നടന്‍റേതാണെന്ന് സാൻ ബെർണാർഡിനോ കൗണ്ടി കോറോണർ തിരിച്ചറിഞ്ഞതായി കൗണ്ടി ഷെരീഫ് വകുപ്പ് അറിയിച്ചു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.പര്‍വതാരോഹകന്‍ കൂടിയായ സാന്‍ഡ്സിനെ ജനുവരി 13 മുതലാണ് കാണാതായത്. ലോസ് ഏഞ്ചൽസിൽ നിന്ന് ഏകദേശം 50 മൈൽ (80 കിലോമീറ്റർ) വടക്കുകിഴക്കായി സാൻ ഗബ്രിയേൽ പർവതനിരകളിലെ ബാൽഡി ബൗൾ പ്രദേശത്തേക്ക് ഒറ്റക്ക് ഹൈക്കിങ് നടത്തുകയായിരുന്നു താരം. ബാൽഡി പർവതത്തിന്റെ കൊടുമുടിക്ക് താഴെയുള്ള വലിയ, ചരിഞ്ഞ പ്രദേശം സ്കീയർമാർക്കും മലകയറ്റക്കാർക്കും ബാക്ക്പാക്കർമാർക്കും പ്രിയപ്പെട്ട സ്ഥലമാണ്.എന്നാൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ശീതക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഞ്ഞുവീഴ്ച മൂലം പ്രദേശം വിനോദ സഞ്ചാരത്തിന് അനുയോജ്യമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ആഴ്ചയിലെ രാത്രി താപനില 4 മുതല്‍ മൈനസ് 4 സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു.
ഹിമവീഴ്ചയും മോശം കാലാവസ്ഥയും കാരണം അന്ന് തിരച്ചില്‍ നടത്തിയിരുന്ന സംഘം 24 മണിക്കൂറിന് ശേഷം തിരികെ വന്നിരുന്നു. ഇതിന് പുറമെ സാന്‍ഡ്സിനെ കണ്ടെത്താന്‍ നിരവധി തിരച്ചിലുകള്‍ നടത്തിയിരുന്നെന്നും അവ വെറുതെയായെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി 15-ന് ഞായറാഴ്ച കണ്ടെത്തിയ സെല്‍ഫോണ്‍ സിഗ്‌നലുകള്‍ പ്രകാരം, അദ്ദേഹം മൗണ്ട് ബാല്‍ഡി പര്‍വതത്തിലേക്ക് നീങ്ങുന്നതായാണ് കാണിച്ചതെന്നും അദ്ദേഹം ഇപ്പോഴും യാത്രയിലാണെന്നുമാണ് അവസാനത്തെ സൂചന എന്നുമാണ് ഉദ്യോഗസ്ഥര്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ജൂണ്‍ 21 ന് സാന്‍ഡ്സിന്റെ കുടുംബം ഏജന്‍സിയുടെ തിരച്ചിലുകള്‍ക്ക് നന്ദി അറിയിച്ചതായും ഔദ്യോഗിക വകുപ്പ് പോസ്റ്റ് ചെയ്തിരുന്നു. ' ഒരു നല്ല പിതാവ്, ഭര്‍ത്താവ്, പര്യവേക്ഷകന്‍, പ്രകൃതിയോയും കലകളേയും സ്‌നേഹിക്കുന്നന്‍ എന്നീ നിലയില്‍ ജൂലിയനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഞങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു.' എന്നാണ് കുടുംബം പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
Adjust Story Font
16

