ദുബൈ ടു പാകിസ്താൻ; ഒരു വർഷം മുമ്പ് ദുബൈയിൽ നിന്ന് കാണാതായ എയർപോഡിന് വേണ്ടിയുള്ള ബ്രിട്ടീഷ് യൂട്യൂബറുടെ തിരച്ചിൽ അവസാനിച്ചത് പാകിസ്താനിൽ
ഇന്ത്യക്കാരനില്‍ നിന്ന് പണം കൊടുത്തു വാങ്ങിയതെന്നാണ് ഝലം സ്വദേശി പൊലീസിനോട് പറഞ്ഞത്

ഇസ്‍ലാമാബാദ്: മൊബൈലും അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെടുന്നത് ഇന്നത്തെ കാലത്ത് പുതുമയുള്ള കാര്യമല്ല. ചിലർ പൊലീസിൽ പരാതി നൽകി കാത്തിരിക്കും. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതി മറന്നുകളയും. എന്നാൽ നഷ്ടപ്പെട്ട എയർപോഡിനായി ബിട്ടീഷുകാരനായ യുട്യൂബറുടെ ഒരു വർഷത്തെ തിരച്ചിൽ അവസാനിച്ചത് പാകിസ്താനിൽ.
സംഭവമിങ്ങനെ...ഒരു വർഷം മുമ്പ് ദുബൈയിലെ ഹോട്ടൽമുറിയിൽ വെച്ചാണ് 24 കാരനായ യൂട്യൂബർ ലോഡ് മൈൽസിന്റെ എയർപോഡ് നഷ്ടമാകുന്നത്. ദുബൈയിൽ വിസക്ക് കാത്തിരിക്കുമ്പോഴാണ് കാണാതായതെന്നും യൂട്യൂബർ പറയുന്നു. ഹോട്ടൽ മുറി വൃത്തിയാക്കാൻ ഹൗസ്‌കീപ്പിംഗ് ജീവനക്കാരൻ വന്നതിന് ശേഷമാണ് എയർപോഡ് കാണാതായതെന്ന് ലോഡ് മൈൽസ് നേരത്തെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.എന്നാൽ അതങ്ങനെ വിട്ടുകളയാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു.
ആപ്പിളിന്റെ 'ഫൈൻഡ് മി' ഡിവൈസ് സംവിധാനം ഉപയോഗിച്ച് എയർപോഡ് അദ്ദേഹം ട്രാക്ക് ചെയ്തു കൊണ്ടിരുന്നു. ഒടുവിൽ പാകിസ്താനിലെ ഝലം ഏരിയയിൽ എയർപോഡുണ്ടെന്ന് അദ്ദേഹത്തിന് മനസിലാക്കി. ഉടൻ തന്നെ എയർപോഡ് കണ്ടുപിടിക്കാനായി അദ്ദേഹം പാകിസ്താനിലേക്ക് പറന്നു. ഈ യാത്രയുടെ വിശേഷങ്ങളും തന്റെ അന്വേഷണത്തിന്റെ അപ്‌ഡേറ്റുകളുമെല്ലാം വീഡിയോയായി സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. എയർപോഡ് ട്രാക്ക് ചെയ്യാനായി പാകിസ്താൻ പൊലീസ് സഹായവും ലഭിച്ചു. ഒരു പ്രാദേശിക ഹോട്ടലിന്റെ സമീപത്ത് നിന്നാണ് ഇയർപോഡിന്റെ അവസാന സിഗ്നൽ കിട്ടിയത്.
ഇക്കാര്യവും യൂട്യുബർ പങ്കുവെച്ചു.ഇത് സോഷ്യൽമീഡിയയിൽ വൈറലായി. ഝലം ലോക്കൽ പൊലീസും സ്ഥലത്ത് അന്വേഷണം ആരംഭിച്ചു. ദുബൈയിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ആളുകളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം നടത്തിയത്. ഒടുവിൽ നാളുകൾ നീണ്ടുനിന്ന അന്വേഷണത്തിന് ഫലം കണ്ടു.ഇയർപോഡുകൾ കൈവശം വെച്ചിരുന്ന ആളെ പൊലീസ് കണ്ടെത്തി.
മോഷ്ടിച്ചതല്ലെന്നും ദുബൈയിൽ നിന്ന് ഒരു ഇന്ത്യക്കാരനിൽ നിന്ന് താൻ പണം കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇത് മറ്റൊരാളിൽ നിന്ന് മോഷ്ടിച്ചതാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. എയർപോഡ് കണ്ടെത്തിയ വിവരം പൊലീസ് അറിയിച്ചതിന് പിന്നാലെ പാകിസ്താനിലെത്തി അദ്ദേഹം ഇയർപോഡ് ഏറ്റുവാങ്ങുകയായിരുന്നു. തന്റെ എയർപോഡ് വീണ്ടെടുക്കാൻ സഹായിച്ച പാകിസ്താൻ പൊലീസിനും ലോഡ് മൈൽസ് നന്ദി പറഞ്ഞു.അതേസമയം,ദുബൈയിൽ നിന്ന് എയർപോഡ് മോഷ്ടിച്ച് വിൽപ്പന നടത്തിയ ആളെയും അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16

