മോസ്‌കോയിൽ കാർ ബോംബ് സ്‌ഫോടനം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു
റഷ്യൻ സൈന്യത്തിന്റെ ട്രെയിനിങ് ഡിപാർട്ട്‌മെന്റ് തലവനാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഫാനിൽ സർവറോവ്

മോസ്‌കോ: തിങ്കളാഴ്ച ദക്ഷിണ മോസ്‌കോയിൽ നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. മുതിർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറൽ ഫാനിൽ സർവറോവ് ആണ് കാർ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്. റഷ്യയിലെ ഇൻവസ്റ്റിഗേറ്റീവ് കമ്മിറ്റി സർവറോവിന്റെ കൊലപാതകം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ റഷ്യൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ ഏഴു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.
റഷ്യൻ സൈന്യത്തിന്റെ ട്രെയിനിങ് ഡിപാർട്ട്‌മെന്റ് തലവനാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഫാനിൽ സർവറോവ്. കാറിന്റെ അടിയിൽ സ്ഥാപിച്ചിട്ടുള്ള സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. യാസെനേവ സ്ട്രീറ്റിലെ പാർക്കിംഗ് സ്ഥലത്ത് വെച്ചാണ് സ്‌ഫോടനമെന്നും പ്രാദേശിക അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ജനറലിന്റെ കൊലപാതകം ഉക്രൈൻ രഹസ്യാന്വേഷണ വിഭാഗം ആസൂത്രണം ചെയ്തതാണെന്ന് റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
2024 ഡിസംബർ മാസത്തിൽ സമാന രീതിയിൽ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഉക്രൈൻ ഏറ്റെടുത്തിരുന്നു.അന്ന് റഷ്യൻ ആണവ-ജൈവ സംരക്ഷണ സേനകളുടെ തലവനായ ലെഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവ് തന്റെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് പുറത്ത് ഒരു ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു.
Adjust Story Font
16

