Quantcast

പുരാതന ഈജിപ്ഷ്യന്‍ മമ്മിയുടെ ശവപ്പെട്ടി മോടികൂട്ടി കാര്‍ഡിഫ് യൂനിവേഴ്സിറ്റി

1000 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൗത്യം പൂര്‍ത്തിയാക്കിയത്

MediaOne Logo

Web Desk

  • Published:

    31 Aug 2024 4:01 PM IST

egyptian mummy
X

ലണ്ടന്‍: 650 ബി.സിയിലേതെന്ന് വിശ്വസിക്കുന്ന ഈജിപ്ഷ്യന്‍ മമ്മിയുടെ ശവപ്പെട്ടി മോടികൂട്ടി ബ്രിട്ടനിലെ കാര്‍ഡിഫ് യൂനിവേഴ്സിറ്റി. ഏകദേശം 1000 മണിക്കൂർ നീണ്ട അതിസൂക്ഷ്മ പരിശ്രമത്തിനൊടുവിലാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. കാര്‍ഡിഫിലെ മ്യൂസിയം ക്യൂറേറ്റര്‍ വെന്‍ഡി ഗോഡ്‌റിച്ചിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം.

മരം കൊണ്ട് നിര്‍മിച്ച പെട്ടിയില്‍ തുണികൊണ്ട് പൊതിഞ്ഞ് അതിനു മുകളില്‍ പ്രത്യേക തരത്തിലുള്ള മിശ്രിതം കൊണ്ടുള്ള അലങ്കരങ്ങളുണ്ട്. കാലപ്പഴക്കം കൊണ്ട് പെട്ടിയുടെ മുകളില്‍ പൊതിഞ്ഞിരുന്ന തുണിക്ക് കാര്യമായ കേടുപാട് സംഭവിച്ച് തലഭാഗം വേര്‍പെട്ട നിലയിലായിരുന്നുവെന്ന് യൂനിവേഴ്‌സിറ്റിലെ ഫില്‍ പാര്‍ക്ക്‌സ് പറയുന്നു. പെട്ടിയില്‍നിന്നും വലിയ മരകഷ്ണങ്ങള്‍ നഷ്ടപ്പെടുകയും അടിഭാഗത്തുനിന്നും ഒരു ഭാഗം വീണ് പോവുകയും ചെയ്തിരുന്നു. ഇതെല്ലാം ശരിയാക്കിയെടുത്തു. പരമ്പരാഗത ഈജിപ്തിലെ ദൈവങ്ങളുടെ കടും നിറങ്ങളും മരണാനന്തര ജീവിതത്തെകുറിച്ചുള്ള ലിഖിതങ്ങളും ഇപ്പോള്‍ വ്യക്തമായി കാണാം.

പുരാതന ഗ്രീക്ക് നഗരമായ തേബ്‌സിലെ അങ്കപങ്ക്രഡിന് വേണ്ടി നിർമിച്ച ശവപ്പെട്ടി ക്യൂറേറ്റര്‍ ഡോക്ടര്‍ കെന്‍ ഗ്രിഫിന്റെ നേതൃത്വത്തില്‍ കാര്‍ഡിഫ് യൂനിവേഴ്സിറ്റിയില്‍നിന്നും യു.കെയിലെ സ്വാന്‍സീ യൂനിവേഴ്സിറ്റിയിലേക്ക് തിരികെയെത്തിച്ചു. ഏറെ വൃത്തിയോടെ കേടുപാടുകള്‍ തീര്‍ത്ത് തിരിച്ചെത്തിയതില്‍ സന്തോഷം തോന്നുന്നുവെന്ന് ഗ്രിഫിൻ പറഞ്ഞു. 1997ല്‍ അബെറിസ്റ്റ് വിത്ത് യൂനിവേഴ്‌സിറ്റിയാണ് ഇത് സമ്മാനിച്ചതെന്നും പണ്ടുകാലങ്ങളില്‍ ഇത്തരം ശവപ്പെട്ടികള്‍ ഈജിപ്തിൽ സാധനങ്ങള്‍ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നതായും ഗ്രിഫിന്‍ കൂട്ടിച്ചേര്‍ത്തു.

പെട്ടിയുടെ മുകള്‍ ഭാഗത്തായി നല്‍കിയ അടയാളങ്ങളില്‍നിന്നും ഡിജേധര്‍ എന്ന പുരുഷന്റെ മമ്മി ഇതില്‍ സൂക്ഷിച്ചിരുന്നതായാണ് മനസ്സിലാക്കുന്നത്. ഈ നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഇത് ബ്രിട്ടനിൽ എത്തിച്ചപ്പോള്‍ ഇതിലൊരു പെണ്‍ മമ്മിയായിരുന്നു. നിലവില്‍ ഇതിലൊരു മമ്മിയുണ്ട്. ശവപ്പെട്ടിയുടെ മൂല്യം കൂട്ടാനാണ് ബ്രിട്ടീഷുകാര്‍ ഇത്തരത്തില്‍ മമ്മികള്‍ മാറ്റിയിരുന്നത്. ശവപ്പെട്ടി ഇനി ഈജിപ്തിലെ ഹൗസ് ഓഫ് ഡെത്ത് ഗാലറിയില്‍ സൂക്ഷിക്കാനാണ് തീരുമാനം.

TAGS :

Next Story