Quantcast

കോവിഡ് കൂടുന്നു; ചൈനയില്‍ വീണ്ടും ലോക്ഡൗൺ

രാജ്യത്തെ 11 പ്രവിശ്യകളില്‍ നൂറിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്

MediaOne Logo

Web Desk

  • Published:

    26 Oct 2021 7:09 AM GMT

കോവിഡ് കൂടുന്നു; ചൈനയില്‍ വീണ്ടും ലോക്ഡൗൺ
X

കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ചൈനയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ഡൗൺ ഏര്‍പ്പെടുത്തി. രാജ്യത്തെ 11 പ്രവിശ്യകളില്‍ നൂറിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

ഒക്ടോബര്‍ 17 മുതല്‍ വിവിധ പ്രദേശങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അവ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ദേശീയ ആരോഗ്യ മിഷന്‍ വക്താവ് മി ഫെങ് ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈറസ് പടരാനുള്ള സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ ജനസംഖ്യയുടെ 75 ശതമാനവും വാക്സിനെടുത്തിട്ടും വ്യാപനം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മി ഫെങ് പറഞ്ഞു.

ഒക്‌ടോബർ 16 ന് ഷാങ്ഹായിൽ നിന്ന് യാത്ര തിരിച്ച മുതിര്‍ന്ന പൗരന്മാരുടെ വിനോദസഞ്ചാര സംഘത്തിലാണ് ഇടവേളക്ക് ശേഷം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച വരെ റിപ്പോർട്ട് ചെയ്യപ്പെട്ട 133 അണുബാധകളിൽ 106 എണ്ണം 13 ടൂർ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഫെങ് വ്യക്തമാക്കി. രാജ്യത്തെ മൂന്നിലൊന്ന് പ്രവിശ്യകളിലും പ്രദേശങ്ങളിലും അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മംഗോളിയ, ഗാൻസു, നിംഗ്‌സിയ, ഗുയിഷൗ, ബീജിംഗ് എന്നിവിടങ്ങളിലാണ് വ്യാപനം കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ടൂറുകൾ സംഘടിപ്പിക്കുന്നതിൽ നിന്ന് ട്രാവൽ ഏജൻസികളെ അധികൃതർ വിലക്കിയിട്ടുണ്ട്.

ഞായറാഴ്ച, തലസ്ഥാന നഗരത്തിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും 14 ദിവസത്തെ സ്വയംനിരീക്ഷണത്തിന് വിധേയമാക്കാനും നിര്‍ദേശിച്ചു. ഒക്ടോബര്‍ 31ന് തീരുമാനിച്ചിരുന്ന മാരത്തണും മാറ്റിവച്ചിട്ടുണ്ട്.

TAGS :

Next Story