Quantcast

പ്രധാനമന്ത്രിയെയും കരുത്തന്മാരെയും കേന്ദ്ര കമ്മിറ്റിയിൽനിന്ന് വെട്ടിനിരത്തി; ഏകാധിപത്യമുറപ്പിച്ച് ഷി ജിൻപിങ്

ചൈനീസ് ഭരണത്തിലെ രണ്ടാമനും പ്രധാനമന്ത്രിയുമായ ലി കെഗിയാങ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഉപദേശക സമിതി തലവൻ വാങ് യാങ് അടക്കമുള്ള പ്രമുഖരെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് പുറത്താക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം

MediaOne Logo

Web Desk

  • Published:

    22 Oct 2022 3:53 PM GMT

പ്രധാനമന്ത്രിയെയും കരുത്തന്മാരെയും കേന്ദ്ര കമ്മിറ്റിയിൽനിന്ന് വെട്ടിനിരത്തി; ഏകാധിപത്യമുറപ്പിച്ച് ഷി ജിൻപിങ്
X

ബെയ്ജിങ്: പ്രമുഖ നേതാക്കളെ വെട്ടിനിരത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അധികാരമുറപ്പിച്ച് ഷി ജിൻപിങ്. ചൈനീസ് ഭരണത്തിലെ രണ്ടാമനും പ്രധാനമന്ത്രിയുമായ ലി കെഗിയാങ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഉപദേശക സമിതി തലവൻ വാങ് യാങ് അടക്കമുള്ള പ്രമുഖരെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് പുറത്താക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 205 അംഗ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഇവർ പുറത്തായിട്ടുണ്ട്.

ഏഴു കരുത്തരായ നേതാക്കൾ ഉൾപ്പെടുന്ന പോളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയാണ് ചൈനീസ് ഭരണം കൈയാളുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ അംഗങ്ങളായവർക്കു മാത്രമേ പോളിറ്റ് ബ്യൂറോയിലും അംഗമാകാനാകൂ. എന്നാൽ, ഇതിൽനിന്നാണ് ലി കെഗിയാങ്ങടക്കമുള്ളവരെ നീക്കിയിരിക്കുന്നത്.


ഷി ജിൻപിങ്ങിന്റെ ദീർഘകാല വിശ്വസ്തനായ ലി ഷാൻഷു(72), പാർട്ടി ഉപദേശക സമിതി തലവനും ചൈനീസ് ഭരണകൂടത്തിൽ നാലാമനുമായ വാങ് യാങ്(67), ഷാങ്ഹായിയിലെ പാർട്ടി തലവൻ ഹാൻ ഷെങ്(68) എന്നിവരും പുതിയ കേന്ദ്ര കമ്മിറ്റിയിലില്ലെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയാണെങ്കിൽ നാളെ പ്രഖ്യാപിക്കുന്ന പോളിറ്റ് ബ്യൂറോയിൽ ഇവർക്കൊന്നും സ്ഥാനം നിലനിർത്താനാകില്ല.

താഴേതട്ടിൽനിന്ന് പ്രവർത്തന മികവുകൊണ്ട് ഉയർന്നുവന്ന നേതാവാണ് ലി കെഗിയാങ്. നിലവിൽ ചൈനീസ് പ്രധാനമന്ത്രിയാണ്. ഒരുകാലത്ത് ചൈനീസ് പ്രസിഡന്റാകുമെന്നു വരെ പ്രതീക്ഷിക്കപ്പെട്ടിരുന്നയാളാണ്. മുൻ ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയുടെ ആശ്രിതവത്സരിൽ പ്രധാനിയുമായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായാണ് ലിയെ മറികടന്ന് ഷി ജിൻപിങ് ഹു ജിന്റാവുവിനു പകരക്കാരനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും രാജ്യത്തിന്റെയും അമരത്തെത്തുന്നത്.


ഒരേയൊരു ഷി ജിൻപിങ്

2,300 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്. പാർട്ടി ജനറൽ സെക്രട്ടറിയായി അഞ്ചു വർഷക്കാലത്തേക്കുകൂടി ഷിയെ ഐക്യകണ്ഠ്യെന തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ചൈനീസ് പ്രസിഡന്റായും ഷിക്ക് തുടർച്ച ലഭിക്കും. അടുത്ത മാർച്ചിൽ നടക്കുന്ന സർക്കാരിന്റെ വാർഷിക സെഷനിലായിരിക്കും പ്രഖ്യാപനമുണ്ടാകുക.

2003 മുതൽ 2013 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തലവനും ചൈനീസ് പ്രസിഡന്റുമായിരുന്നു ഹൂ ജിന്റാവോ. ഒരു പതിറ്റാണ്ടുമുൻപാണ് ഹൂ ജിന്റാവോയിൽനിന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരം ഷി ജിൻപിങ് ഏറ്റെടുക്കുന്നത്. പിന്നാലെ ചൈനീസ് ഭരണാധികാരിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.


2012 നവംബർ 15ന് ജനറൽ സെക്രട്ടിയായ ഷി 2017ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ൽ ഭരണഘടന തിരുത്തി ഷി ആജീവനാന്തം അധികാരത്തിൽ തുടരാനുള്ള നിയമനിർമാണങ്ങൾ നടത്തുകയും ചെയ്തു.

പാർട്ടി ഭരണഘടയ്‌ക്കൊപ്പം ഷി ജിൻപിങ് ചിന്തകൂടി കൂട്ടിച്ചേർക്കുന്ന ഭേദഗതിയും കേന്ദ്ര കമ്മിറ്റിയുടെയും അച്ചടക്ക സമിതിയുടെയും റിപ്പോർട്ടുകളും അംഗീകരിച്ചുകൊണ്ടാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം പാർട്ടി കോൺഗ്രസിന് സമാപനം കുറിച്ചത്. 205 അംഗ കേന്ദ്ര കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

നാളെ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗം പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. മൂന്നാം തവണയും ഷി ജിൻപിങ് പാർട്ടി ജനറൽ സെക്രട്ടറിയാകുമെന്നുറപ്പാണ്.

ഹൂ ജിന്റാവോയെ ബലംപ്രയോഗിച്ച് പുറത്താക്കി

മാവോ സേതൂങ്ങിനുശേഷമുള്ള ഏറ്റവും പ്രബലനായ നേതാവായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിലെ നാടകീയരംഗങ്ങൾ പുറത്തായിരിക്കുന്നത്. പാർട്ടി കോൺഗ്രസിന്റെ സമാപന ചടങ്ങിൽനിന്ന് മുൻ പ്രസിഡന്റ് ഹൂ ജിന്റാവോയെ ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.

ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹോൾ ഓഫ് ദി പീപ്പിളിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് നാടകീയ സംഭവം അരങ്ങേറിയത്. വേദിയിൽ പ്രസിഡന്റ് ഷി ജിൻപിങ്ങിനും പ്രധാനമന്ത്രി ലി കെഗിയാങ്ങിനും തൊട്ടടുത്താണ് 79കാരനായ ഹൂ ജിന്റാവോ ഇരുന്നിരുന്നത്. ഇതിനിടയ്ക്കാണ് സുരക്ഷാ ഉദ്യോഗസ്ഥർ വന്ന് അദ്ദേഹത്തെ എഴുന്നേൽപിക്കാൻ ശ്രമിച്ചത്.


ബലംപ്രയോഗിച്ച് പിടിച്ച് എഴുന്നേൽപിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഇരിപ്പിടത്തിൽനിന്ന് അനങ്ങിയില്ല. ഇതിനിടെ ടേബിളിൽ ഷി ജിൻപിങ്ങിനുമുൻപിലുണ്ടായിരുന്ന പേപ്പർ എടുക്കാൻ ജിന്റാവോ ശ്രമിച്ചു. എന്നാൽ, ഷി ഇത് പിടിച്ചുവാങ്ങുകയും ചെയ്തു. തുടർന്നാണ് ഒരാൾകൂടി വന്ന് അദ്ദേഹത്തെ എന്തൊക്കെ കാണിച്ച് വേദിയിൽനിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയത്. ഒടുവിൽ, ഷിയുടെയും ലി കെഗിയാങ്ങിന്റെയും തോളിൽ തട്ടിയാണ് അദ്ദേഹം വേദിയിൽനിന്ന് ഇറങ്ങിപ്പോയത്.

അടച്ചിട്ട വേദിയിലാണ് കഴിഞ്ഞ ഒരാഴ്ചയായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടന്നത്. എന്നാൽ, പരിപാടികൾ നേരിട്ട് റിപ്പോർട്ട് ചെയ്യാനും ദൃശ്യങ്ങൾ പകർത്താനും അൽപനേരം മാധ്യമപ്രവർത്തകർക്ക് അനുമതി നൽകിയിരുന്നു. ഈ സമയത്താണ് നാടകീയസംഭവങ്ങൾ നടന്നത്.

Summary: China's Premier Li Keqiang and three others big names removed from communist party central committee as Xi Jinping set for record 3rd term

TAGS :

Next Story