Quantcast

ചൈനീസ് പ്രതിനിധി സംഘം ജമാഅത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ചൈനീസ് അംബാസഡറുടെ നേതൃത്വത്തിലുള്ള സംഘം ജമാഅത്തെ ഇസ്‍ലാമിയുടെ കേന്ദ്ര ഓഫീസി​ലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-09-03 09:07:37.0

Published:

3 Sept 2024 2:35 PM IST

ചൈനീസ് പ്രതിനിധി സംഘം ജമാഅത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
X

ധാക്ക: ചൈനീസ് പ്രതിനിധി സംഘം ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചൈനീസ് അംബാസഡർ യാവോ വെന്നിന്റെ നേതൃത്വത്തിലുള്ള സംഘം ധാക്കയിലെ മോഗ്ബസാറിലുള്ള ജമാഅത്തിന്റെ കേന്ദ്ര ഓഫീസി​ലെത്തിയാണ് അമീർ ഡോ.ഷഫീഖുർ റഹ്മാനുമായി കൂടിക്കാഴ്ച നടത്തിയത്.

ബംഗ്ലാദേശിലെ സമീപകാല മാറ്റങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളിലെയും ജനങ്ങളും സർക്കാരും തമ്മിലുള്ള സഹകരണം കൂടുതൽ​ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച നടന്നതായി ഇരുവരും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബംഗ്ലാദേശ് ചരിത്രപരമായ വഴിത്തിരിവിലാണെന്നും അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നതെന്നും യാവോ പറഞ്ഞു.

ബംഗ്ലാദേശ് മനോഹരമായ രാജ്യമാണെന്നും ജമാഅത്തെ ഇസ്‌ലാമി സുസംഘടിതമായ രാഷ്ട്രീയ പാർട്ടിയാണെന്നും യാവോ വെൻ പറഞ്ഞു. ബംഗ്ലാദേശിലെ ജനങ്ങളുമായി സൗഹൃദപരമായ ബന്ധമാണ് ചൈന ആഗ്രഹിക്കുന്നത്. ബംഗ്ലാദേശിന്റെ വികസനമടക്കമുള്ള കാര്യങ്ങളിൽ തുടർന്നും ചൈനയുടെ സഹകരണമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ചൈന-ബംഗ്ലാദേശ് ബന്ധം, സഹകരണം, പൊതുവായ ആശങ്കയുള്ള മറ്റ് വിഷയങ്ങൾ ചർച്ചയായി.

ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത സൗഹൃദം മെച്ചപ്പെടുത്തുക. ബംഗ്ലാദേശിന്റെ വികസനത്തിന് പിന്തുണ നൽകുന്നതിനൊപ്പം ഇടക്കാല സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ബന്ധം മെച്ചപ്പെടുത്താനും ആഴത്തിലുള്ള ആശയവിനിമയത്തിനും സഹകരണത്തിനും ചൈന പ്രതിജ്ഞാബദ്ധമാണ്. ഇത് രണ്ടു രാജ്യങ്ങൾക്കും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ ഗുണകരമാകു​മെന്നും യാവോ വെൻ പറഞ്ഞു.

ബംഗ്ലാദേശിന്റെ സാമ്പത്തിക സാമൂഹിക വികസനത്തിന് ചൈന നൽകുന്ന സംഭാവനകളെ അമീർ ഡോ.ഷഫീഖുർ റഹ്മാൻ അഭിനന്ദിച്ചു. വിദ്യാഭ്യാസം, സംസ്‌കാരം, വികസനം എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളിൽ ചർച്ച നടന്നതായി ജമാഅത്ത് അമീർ പറഞ്ഞു. റോഹിങ്ക്യകളുടെ പുനരധിവാസത്തിൽ ചൈന കൂടുതൽ ശ്രദ്ധപുലർത്തണമെന്നും അമീർ ആവശ്യപ്പെട്ടു. ജമാഅത്ത് അസിസ്റ്റന്റ് അമീർ മുജിബുർ റഹ്മാൻ, ഡോ. സയ്യിദ് അബ്ദുല്ല എം.ഡി താഹിർ, സെക്രട്ടറി ജനറൽ മിയ ഗോലം പോർവാർ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വിദ്യാർഥി പ്ര​ക്ഷോഭത്തെ തുടർന്ന് രാജിവെച്ച് രാജ്യംവിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് പിന്നാലെ അധികാരത്തിൽ വന്ന പ്രധാനമന്ത്രി പ്രഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ജമാഅത്തെ ഇസ്‌ലാമിയുടെയും വിദ്യാർഥി സംഘടനയായ ഇസ്‌ലാമി ഛാത്ര ശിബിറിന്റെയും നിരോധനം നീക്കിയത്. രാജ്യത്തുടനീളം സ്വാധീനമുള്ള ജമാഅത്തെ ഇസ്‌ലാമിയെ, 2013ലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയത്. ശേഷം 2014, 2018 തെരഞ്ഞെടുപ്പുകളിലും 2024 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിച്ചിരുന്നില്ല.

TAGS :

Next Story