Quantcast

കൊളംബിയയിൽ ഇടതു വസന്തം; മുൻ ഗറില്ലാ പോരാളി ഗുസ്താവോ പെട്രോയ്ക്ക് ചരിത്ര വിജയം

രാജ്യത്ത് സമൂലമായ സാമ്പത്തിക, സാമൂഹികമാറ്റം പ്രഖ്യാപിച്ചായിരുന്നു ഗുസ്താവോയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

MediaOne Logo

Web Desk

  • Updated:

    2022-06-20 17:07:19.0

Published:

20 Jun 2022 5:03 PM GMT

കൊളംബിയയിൽ ഇടതു വസന്തം; മുൻ ഗറില്ലാ പോരാളി ഗുസ്താവോ പെട്രോയ്ക്ക് ചരിത്ര വിജയം
X

ബൊഗോട്ട: കൊളംബിയയിൽ ചരിത്രമെഴുതി ഇടതുപക്ഷം. സ്വതന്ത്ര കൊളംബിയയുടെ ചരിത്രത്തിലെ ആദ്യത്തെ ഇടതുപക്ഷ സർക്കാർ അധികാരത്തിലേക്ക്. മുൻ ഗറില്ലാ പോരാളി കൂടിയായ ഇടതു നേതാവ് ഗുസ്താവോ പെട്രോ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഇന്നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിയൽ എസ്റ്റേറ്റ് ഭീമനും ശതകോടീശ്വരനുമായ റോഡൊൾഫോ ഹെർനാൻഡെസിനെ 7,16,890 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗുസ്താവോ തോൽപിച്ചത്. ഗുസ്താവോ 50.5 ശതമാനം വോട്ട് നേടിയപ്പോൾ ഹെർനാൻഡെസിന് 47.3 ശതമാനം വോട്ടും ലഭിച്ചിട്ടുണ്ട്.

1970കളിൽ സജീവമായിരുന്ന തീവ്ര ഇടതുപക്ഷ ഗറില്ലാ സംഘമായിരുന്ന എം19ൽ അംഗമായിരുന്നു ഗുസ്താവോ പെട്രോ. സംഘവുമായുള്ള ബന്ധത്തെ തുടർന്ന് ജയിൽവാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എം19 പിരിച്ചുവിട്ടതോടെ പൊതുരാഷ്ട്രീയരംഗത്ത് സജീവമായ അദ്ദേഹം കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയുടെ മേയറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പെട്രോയ്‌ക്കൊപ്പം കൊളംബിയയുടെ പ്രഥമ കറുത്ത വംശജയായ വൈസ് പ്രസിഡന്റായി ഫ്രാൻസിയ മാർക്വേസും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമാണ് ഫ്രാൻസിയ. അനധികൃത ഖനികൾക്കെതിരായ പോരാട്ടത്തിനിടെ വധഭീഷണി നേരിട്ട അവർക്കുനേരെ 2019ൽ ഗ്രനേഡ് ആക്രമണവുമുണ്ടായിട്ടുണ്ട്.

രാജ്യത്ത് സമൂലമായ സാമ്പത്തിക, സാമൂഹികമാറ്റം പ്രഖ്യാപിച്ചായിരുന്നു ഗുസ്താവോയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. സൗജന്യ സർവകലാശാലാ വിദ്യാഭ്യാസം, പെൻഷൻ പരിഷ്‌ക്കരണം, ഫലഭൂയിഷ്ടമല്ലാത്ത ഭൂമിക്ക് ഉയർന്ന നികുതി തുടങ്ങിയവയായിരുന്നു പ്രധാന വാഗ്ദാനങ്ങൾ. ഗറില്ലാ സംഘങ്ങളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി പതിറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഇടതുപക്ഷ കക്ഷികൾക്ക് ഗുസ്താവോയുടെ വിജയം പുതിയ ഉയിർത്തെഴുന്നേൽപ്പാകുമെന്നുറപ്പാണ്.

Summary: Colombia elects Gustavo Petro as first leftist President

TAGS :

Next Story