Quantcast

മൃഗശാലയിൽ നിന്ന് ദുരൂഹ ഫോൺകോൾ, പാഞ്ഞെത്തി പൊലീസ്; ആളെക്കണ്ട് ഞെട്ടി

ഗോൾഫ് വണ്ടിയിൽ ഉണ്ടായിരുന്ന സെൽഫോൺ 'റൂട്ട്' അടിച്ചുമാറ്റിയതാകാമെന്ന് മൃഗശാല ജീവനക്കാർ പോലീസിനോട് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    18 Aug 2022 8:44 AM GMT

മൃഗശാലയിൽ നിന്ന് ദുരൂഹ ഫോൺകോൾ, പാഞ്ഞെത്തി പൊലീസ്; ആളെക്കണ്ട് ഞെട്ടി
X

കാലിഫോർണിയ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോളെത്തി. അത്യാഹിത സാഹചര്യങ്ങളിൽ വിളിക്കുന്ന 911 എന്ന നമ്പറിലേക്കാണ് കോളെത്തിയത്. ഫോണെടുത്ത പോലീസുകാരൻ എത്ര ചോദിച്ചിട്ടും മറുപടിയൊന്നും ലഭിച്ചില്ല. പെട്ടെന്ന് തന്നെ കോൾ കട്ടാവുകയും ചെയ്തു. അപകടം മണത്ത പൊലീസ് ഉടൻ തന്നെ ലൊക്കേഷൻ തിരഞ്ഞിറങ്ങി. ഒടുവിൽ ജീപ്പ് ചെന്ന് നിന്നതാകട്ടെ പാസോ റോബിൾസിലെ 'സൂ ടു യു' (Zoo To You) എന്ന മൃഗശാലയിലും.

മൃഗശാല അധികൃതരോട് വിവരങ്ങൾ തേടിയെങ്കിലും അസ്വാഭികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു മറുപടി. പൊലീസ് ആകെ കുഴങ്ങി, ആരായിരിക്കും ഫോൺ ചെയ്തിട്ടുണ്ടാവുക? വിശദമായ അന്വേഷണത്തിനൊടുവിൽ പൊലീസിന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയ പ്രതിയെ കയ്യോടെ പിടികൂടി. 'റൂട്ട്' എന്നായിരുന്നു അവന്റെ പേര്. കപ്പൂച്ചിൻ വർഗത്തിൽ പെട്ട കുരങ്ങാണ് കക്ഷി. മൃഗശാലയുടെ പരിസരത്തുണ്ടായിരുന്ന ഗോൾഫ് വണ്ടിയിലെ സെൽഫോൺ റൂട്ട് അടിച്ചുമാറ്റിയതാകാമെന്ന് മൃഗശാല ജീവനക്കാർ പോലീസിനോട് പറഞ്ഞു.

കപ്പൂച്ചിൻ കുരങ്ങുകൾ പൊതുവെ ഇത്തരം സ്വഭാവക്കാരാണത്രേ. എന്തെങ്കിലും കയ്യിൽ കിട്ടിയാൽ അത് ഉപയോഗിക്കുന്ന സ്വഭാവം ഇവയ്‌ക്കുണ്ട്. ഫോൺ കയ്യിൽ കിട്ടിയപ്പോൾ റൂട്ടും ഇതുപോലെ ബട്ടൺ അമർത്തിയതാകാം. അങ്ങനെ അബദ്ധത്തിൽ 911ലേക്ക് കോൾ പോയതാണെന്നും ജീവനക്കാർ പറഞ്ഞു. എങ്കിലും, 40 ഏക്കർ വരുന്ന സ്ഥലത്ത് ആരുടേയും കണ്ണിൽപെടാതെ കിടന്ന ഗോൾഫ് വണ്ടിയിലേക്ക് റൂട്ടിന്റെ ശ്രദ്ധപോയതാണ് ജീവനക്കാരെയും പൊലീസുകാരെയും ഒരുപോലെ അമ്പരിപ്പിക്കുന്നത്.

എന്തായാലും, രസകരമായ ഈ സംഭവം 'പ്രതി'യുടെ ഫോട്ടോ സഹിതം പൊലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. 'കുരങ്ങ് ബിസിനസുകൾ പലതും കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ആദ്യമാണ്' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. നിരവധി ആളുകൾ ഇതിനോടകം ഈ പോസ്റ്റ് ഷെയർ ചെയ്ത് കഴിഞ്ഞു.

TAGS :

Next Story