Quantcast

ഉ.കൊറിയയിൽ ആദ്യത്തെ കോവിഡ് കേസ്! സമ്പൂര്‍ണ ലോക്ഡൗൺ പ്രഖ്യാപിച്ച് കിം

ഇതാദ്യമായാണ് കിം ജോങ് ഉന്‍ മാസ്ക് ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2022-05-12 13:57:00.0

Published:

12 May 2022 12:07 PM GMT

ഉ.കൊറിയയിൽ ആദ്യത്തെ കോവിഡ് കേസ്! സമ്പൂര്‍ണ ലോക്ഡൗൺ പ്രഖ്യാപിച്ച് കിം
X

പ്യോങ്‌യാങ്: ഉത്തര കൊറിയയിൽ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണാധികാരി കിം ജോങ് ഉൻ. ഇതാദ്യമായി കിം മാസ്ക് ധരിച്ച് പൊതുവേദിയില്‍‌ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

കോവിഡിന്റെ ആരംഭം മുതൽ തന്നെ കടുത്ത നിയന്ത്രണങ്ങളാണ് ഉ.കൊറിയ ഏർപ്പെടുത്തിയിരുന്നത്. അതിർത്തികൾ അടച്ച് പുറത്തുനിന്നുള്ളവർ രാജ്യത്ത് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. ഒറ്റ കോവിഡ് കേസും ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഉ.കൊറിയ അവകാശപ്പെട്ടിരുന്നത്.

എന്നാൽ, കഴിഞ്ഞ ദിവസം തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയവരുടെ സാംപിളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതേതുടർന്ന് കിം അടിയന്തരമായി പോളിറ്റ് ബ്യൂറോ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര മഹാമാരി പ്രതിരോധത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് കിം പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ വിദഗ്ധരുമായി നടത്തിയ യോഗങ്ങൾക്കു പിന്നാലെ ഉ.കൊറിയയിൽ സമ്പൂർണമായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വരുംദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വൈറസ് വ്യാപനം തടയാനായി അടിയന്തര പരിചരണം നൽകുമെന്നും നിലവിലെ സാഹചര്യം പെട്ടെന്നു തന്നെ മറികടക്കുമെന്നും കിം അറിയിച്ചു.

എത്ര പേർക്കാണ് ഇപ്പോൾ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതെന്ന കാര്യം വ്യക്തമല്ല. 2.5 കോടി ജനസംഖ്യയിൽ ആരും വാക്‌സിനെടുത്തിട്ടില്ലെന്നാണ് വിവരം. വാക്‌സിനേഷന് ആവശ്യമായ സഹായങ്ങൾ നൽകാമെന്ന ലോകാരോഗ്യ സംഘടനയുടെയും ചൈനയുടെയും റഷ്യയുടെയുമെല്ലാം വാഗ്ദാനങ്ങൾ കൊറിയ തള്ളിയിരുന്നു.

Summary: North Korea registers first-ever Covid case, Kim Jong orders nationwide lockdown

TAGS :
Next Story