Quantcast

ഒളിച്ചിരുന്ന പ്രതിയെ പിടികൂടാന്‍ സഹായിച്ചത് പശുക്കൾ! വൈറൽ പോസ്റ്റുമായി പൊലീസ്

കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പശുക്കളെ പൊലീസിൽ എടുത്താലോ എന്ന് പൊലീസ്

MediaOne Logo

Web Desk

  • Published:

    14 May 2023 10:35 AM GMT

ഒളിച്ചിരുന്ന പ്രതിയെ പിടികൂടാന്‍ സഹായിച്ചത് പശുക്കൾ! വൈറൽ പോസ്റ്റുമായി പൊലീസ്
X

യുഎസ്: പ്രതികളെ പിടികൂടാൻ പൊലീസീനെ സഹായിച്ചത് ഒരുകൂട്ടം പശുക്കൾ..പ്രതികളെ പിടികൂടാൻ പരിശീലനം ലഭിച്ച നായ്ക്കൾ സഹായിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ പശുക്കൾ പൊലീസിനെ സഹായിച്ചെന്ന് കേട്ടിട്ട് വിശ്വാസം വരുന്നില്ലേ.. സംഭവം നടന്നത് യുഎസ്എയിലെ നോർത്ത് കരോലിനയിലാണ്. പൊലീസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ട്രാഫിക് നിയമം ലംഘിച്ച യുവാവിനെ പിന്തുടർന്ന് എത്തിയതായിരുന്നു പൊലീസ്.എന്നാൽ അയാൾ പാതിവഴിയിൽ വാഹനം ഉപേക്ഷിച്ച് ഓടിമറഞ്ഞു. വയലുകൾ നിറഞ്ഞ ഭാഗത്തേക്കാണ് പ്രതി ഓടിയൊളിച്ചത്. ആ വയലിൽ കുറച്ച് പശുക്കൾ പുല്ല് മേയുന്നുണ്ടായിരുന്നു. തങ്ങളുടെ ഏരിയയിലേക്ക് ഒരാൾ കടന്നുവന്നത് പശുക്കൾക്കും ഇഷ്ടപ്പെട്ടില്ല. ഈ സമയം പ്രതിയെ തിരഞ്ഞ് ടൗൺ ഓഫ് ബൂൺ പൊലീസ് ഉദ്യോഗസ്ഥരും അവിടെയെത്തി. ഈ സമയം പശുക്കൾ പ്രതി ഒളിച്ചിരിക്കുന്ന ഭാഗത്ത് ചെന്ന് അസാധാരണമായി അമറാൻ തുടങ്ങി. ആദ്യം കാര്യമാക്കിയില്ലെങ്കിലും അസ്വാഭാവിക തോന്നിയ ഉദ്യോഗസ്ഥർ അവിടെയെത്തി പരിശോധിച്ചപ്പോൾ ദേ പ്രതി ഒളിച്ചിരിക്കുന്നു. ഉടൻ തന്നെ പ്രതിയെ പിടികൂടിയെന്നും ടൗൺ ഓഫ് ബൂൺ പൊലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വളരെ ഹാസ്യാത്മകമായാണ് പൊലീസ് കാര്യങ്ങൾ പങ്കുവെച്ചത്. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പശുക്കളെ എന്തുകൊണ്ട് പൊലീസിൽ എടുത്തുകൂടാ എന്നാണ് പൊലീസ് ചോദിച്ചത്. പൊലീസ് നായ്ക്കളെക്കാൾ ചെലവ് കുറവാണെന്നും ഇതുപോലെ ഒളിച്ചിരിക്കുന്ന പ്രതികളെ പിടിക്കാൻ പശുക്കൾ സഹായിക്കുമോ തുടങ്ങിയ ചോദ്യങ്ങളും പൊലീസ് തമാശ രൂപേണ ഉന്നയിക്കുന്നുണ്ട്. ഇനി അഥവാ പൊലീസിൽ എടുത്താൽ കുറ്റകൃത്യം നടക്കുന്ന സ്ഥലത്തേക്ക് പശുക്കളെ എങ്ങനെ എത്തിക്കുമെന്നും പൊലീസ് ചോദിക്കുന്നുണ്ട്. നിരവധി പേർ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എത്തി.പലരും രസകരമായ കമന്റുകളാണ് പങ്കുവെച്ചത്.

അതേസമയം, പശുക്കൾ പിടികൂടാൻ സഹായിച്ച പ്രതിയുടെ പേര് ജോഷ്വ റസ്സൽ മിന്റൺ (34) എന്നാണ്. റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ, മോശം പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

TAGS :

Next Story