Quantcast

ഇസ്രായേല്‍ മന്ത്രി ബെന്‍ ഗ്വിറും നെതന്യാഹുവിൻ്റെ സഹോദരന്‍ ഈദോയും ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം

ഇറ്റാമര്‍ ബെന്‍ ഗ്വിറും ഈദോ നെതന്യാഹുവും കൊല്ലപ്പെട്ടതായ അഭ്യൂഹം സമൂഹമാധ്യമങ്ങളിലാണ് വ്യാപകമായി പ്രചരിക്കുന്നത്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-03-10 16:55:15.0

Published:

10 March 2026 10:21 PM IST

Did Iranian airstrikes kill Israeli PMs brother
X

തെല്‍ അവിവ്: ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം 11 ദിവസമായി തുടരുകയാണ്. ഇറാനില്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടെ നൂറുകണക്കിന് പേരെ കൊന്നൊടുക്കിയ ക്രൂരമായ ആക്രമണമാണ് ഇസ്രായേലും യുഎസും ചേര്‍ന്ന് നടത്തിയത്. മറുപടിയായി ഇസ്രായേലിലും മേഖലയിലെ യുഎസിന്റെ സൈനിക കേന്ദ്രങ്ങളിലും ഇറാന്‍ ശക്തമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ഇസ്രായേലിനെ ഞെട്ടിച്ച് തെല്‍ അവിവില്‍ ഉള്‍പ്പെടെ നിരവധി ആക്രമണങ്ങളാണ് ഇറാന്‍ നടത്തിയത്. ഈ ആക്രമണങ്ങളില്‍ ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ സഹോദരന്‍ ഈദോ നെതന്യാഹു എന്നിവര്‍ കൊല്ലപ്പെട്ടതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച സ്ഥിരീകരണം ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇറ്റാമര്‍ ബെന്‍ ഗ്വിറും ഈദോ നെതന്യാഹുവും കൊല്ലപ്പെട്ടതായ അഭ്യൂഹം സമൂഹമാധ്യമങ്ങളിലാണ് വ്യാപകമായി പ്രചരിക്കുന്നത്. ചില ഇറാനിയന്‍ മാധ്യമങ്ങളും ഇക്കാര്യം പറയുന്നുണ്ട്. തെല്‍ അവിവിലെ ബെന്‍ ഗ്വിറിന്റെ വീടിന് നേര്‍ക്ക് മിസൈല്‍ ആക്രമണമുണ്ടായതായാണ് പ്രചരിക്കുന്നത്. ആക്രമണത്തില്‍ ബെന്‍ ഗ്വിറിന് പരിക്കേറ്റിട്ടേയുള്ളൂവെന്നും, ഇസ്രായേലി മാധ്യമങ്ങള്‍ ഇത് കാര്‍ അപകടത്തിലുണ്ടായ പരിക്കാണെന്ന് പ്രചരിപ്പിക്കുകയാണെന്നും ചില പോസ്റ്റുകള്‍ പറയുന്നു. അതേസമയം, തെല്‍ അവിവിലെ മന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായതിനോ മരണപ്പെട്ടതിനോ യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല.


ഈദോ നെതന്യാഹുവിന്റെ മരണവാര്‍ത്ത സംബന്ധിച്ചും ഇതുപോലെ സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങളാണുള്ളത്. നെതന്യാഹുന്റെ കുടുംബവീടിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഈദോ നെതന്യാഹു കൊല്ലപ്പെട്ടു എന്നാണ് സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റില്‍ അവകാശപ്പെടുന്നത്. ആക്രമണത്തിന്റേതെന്ന പേരില്‍ വിഡിയോയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനും സ്ഥിരീകരണമില്ല.

യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് ശേഷമാണ് ഇസ്രായേലിലെ പ്രമുഖര്‍ കൊല്ലപ്പെട്ടതായ അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലിലെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിലും മന്ത്രിമാരോ നെതന്യാഹുവിന്റെ കുടുംബാംഗങ്ങളോ കൊല്ലപ്പെട്ടതിന് സ്ഥിരീകരണമില്ലെന്നാണ് വിവിധ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റുകള്‍ പറയുന്നത്.

TAGS :

Next Story