Quantcast

റഷ്യയെ ബഹിഷ്‌കരിച്ച് ഹോളിവുഡ് ഭീമന്മാരും; സിനിമ റിലീസുകൾ നിർത്തിവെച്ച് ഡിസ്‌നിയും വാർണർ ബ്രദേഴ്‌സും സോണിയും

'ബാറ്റ്‌സ്മാനും' 'ടേണിങ് റെഡും 'മോർബിയസും' റഷ്യയിൽ റിലീസ് ചെയ്യില്ല

MediaOne Logo

Web Desk

  • Published:

    1 March 2022 7:29 AM GMT

റഷ്യയെ ബഹിഷ്‌കരിച്ച് ഹോളിവുഡ് ഭീമന്മാരും; സിനിമ റിലീസുകൾ നിർത്തിവെച്ച് ഡിസ്‌നിയും വാർണർ ബ്രദേഴ്‌സും സോണിയും
X

യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയിലുള്ള സിനിമാ റിലീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഹോളിവുഡിലെ പ്രമുഖ സ്റ്റുഡിയോകളായ സിഡ്‌നിയും വാർണർ ബ്രദേഴ്‌സും സോണിയും. പ്രധാനപ്പെട്ട റിലീസുകൾ അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കെയാണ് റിലീസുകൾ നിർത്തിവെക്കുന്നതായി പ്രൊഡക്ഷൻ ഹൗസുകൾ തിങ്കളാഴ്ച അറിയിച്ചത്.

പിക്‌സർ ആനിമേഷൻ സ്റ്റുഡിയോയുടെ 'ടേണിങ് റെഡ്' മതൽ റഷ്യയിൽ സിനിമകളുടെ തിയേറ്റർ റീലിസുകൾ നിർത്തുകയാണെന്ന വാൾട്ട് സിഡ്‌നി അറിയിച്ചു. റഷ്യയിൽ മാർച്ച് 10നാണ് 'ടേണിങ് റെഡ് ' റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഇപ്പോഴുള്ള പ്രശ്‌നങ്ങൾ അവസാനിച്ചശേഷം സാഹചര്യമനുസരിച്ച് ഭാവിയിലെ കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇപ്പോൾ യുക്രൈനിലെ അഭയാർഥികളുടെ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് അടിയന്തര സഹായം നൽകുകയാണ് ഞങ്ങളുടെ തീരുമാനമെന്ന് ഡിസ്‌നി പ്രസ്താവനയിൽ അറിയിച്ചു. മാനുഷികമായ സഹായങ്ങൾ നൽകാൻ ഞങ്ങൾ എൻ.ജി.ഒയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.

കൂടാതെ 'ദ ബാറ്റ്മാൻ' എന്ന ചിത്രം റഷ്യയിൽ പ്രദർശിപ്പിക്കില്ലെന്ന് വാർണർ മീഡിയയും അറിയിച്ചു കഴിഞ്ഞു.മാർച്ച് മൂന്നിനാണ് ബാറ്റ്മാൻ റഷ്യയിൽ റിലീസാകേണ്ടിയിരുന്നത്. യുദ്ധവും അതിനെതുടർന്നുണ്ടായ പ്രശ്‌നങ്ങൾക്കും സമാധാനമായ അന്ത്യവും പരിഹാരവുമുണ്ടാകാനായി കാത്തിരിക്കുകയാണെന്ന് വാർണർ മീഡിയ അറിയിച്ചു. തിങ്കളാഴ്ച വാൾട്ട് ഡിസ്‌നി കമ്പനിയുടെ സമാനമായ തീരുമാനത്തെ തുടർന്നാണ് വാർണർ ബ്രദേഴ്സിന്റെ നീക്കം.

ഡിസ്‌നിയും വാർണർ ബ്രദേഴ്‌സും തീരുമാനങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോണിയും അത് പിന്തുടർന്നത്.

''യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടിയും അതിന്റെ ഫലമായുണ്ടാകുന്ന അനിശ്ചിതത്വവും മാനുഷിക പ്രതിസന്ധിയും കണക്കിലെടുത്ത്, 'മോർബിയസി'ന്റെ വരാനിരിക്കുന്ന റിലീസ് ഉൾപ്പെടെ റഷ്യയിലെ ഞങ്ങളുടെ പ്ലാൻ ചെയ്ത തിയറ്റർ റിലീസുകൾ ഞങ്ങൾ താൽക്കാലികമായി നിർത്തും,'' സോണി പ്രസ്താവനയിൽ അറിയിച്ചു. ഈ പ്രതിസന്ധി വേഗത്തിൽ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സോണി വ്യക്തമാക്കി.

ചലചിത്ര വ്യവസായത്തിൽ ഹോളിവുഡിന്റെ പ്രധാന വിപണിയാണ് റഷ്യ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സോണിയുടെ 'സ്‌പൈഡർമാൻ: നോ വേ ഹോം' ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 1.85 ബില്യൺ ഡോളറാണ് നേടിയത്. ഇതിൽ 46.7 ദശലക്ഷം ഡോളർ റഷ്യയിൽ നിന്നാണ് ലഭിച്ചത്. കൂടാതെ സോണിയുടെ ഏറ്റവും പുതിയ റിലീസായ 'അൺചാർട്ടഡ്' കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റഷ്യയിൽ നിന്ന് ഏകദേശം 20 മില്യൺ ഡോളറാണ് നേടിയത്.

'നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിലും യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ അപലപിക്കുന്നതിലും അന്താരാഷ്ട്ര സമൂഹത്തിനൊപ്പം നിൽക്കുന്നുവെന്ന് മോഷൻ പിക്ചർ അസോസിയേഷൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. റഷ്യൻ ചലച്ചിത്ര വ്യവസായത്തെ അന്താരാഷ്ട്ര തലത്തിൽ ബഹിഷ്‌കരിക്കാൻ യുക്രൈൻ ഫിലിം അക്കാദമി ആഹ്വാനം ചെയ്തിരുന്നു.

TAGS :

Next Story