Quantcast

പരിക്കേറ്റവര്‍ക്കിടയില്‍ ഡോ.ഘദ കണ്ടത് കണ്ടത് ജീവനു വേണ്ടി പിടയുന്ന സ്വന്തം മകളെ....

ഡ്യൂട്ടിക്കിടെ മുന്നിലെത്തുന്ന മൃതദേഹങ്ങളിൽ തങ്ങളുടെ ഉറ്റവരെയും ഗസ്സയിലെ ആരോഗ്യ പ്രവർത്തകർ കണ്ടു

MediaOne Logo

Web Desk

  • Published:

    2 Nov 2023 6:31 AM IST

Doctor story
X

 ഡോ. ഘദ അബു ഈദയെ ആശ്വസിപ്പിക്കുന്നു

തെല്‍ അവിവ്: ഇസ്രായേലിന്‍റെ മനുഷ്യക്കുരുതിയിൽ മാരകമായി പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുകയാണ് ഗസ്സയിലെ ആശുപത്രികൾ. സംഘർഷം തുടങ്ങിയത് മുതൽ ആശുപത്രി വിടാത്ത ആരോഗ്യ പ്രവർത്തകരുണ്ട് . ഡ്യൂട്ടിക്കിടെ മുന്നിലെത്തുന്ന മൃതദേഹങ്ങളിൽ തങ്ങളുടെ ഉറ്റവരെയും ഗസ്സയിലെ ആരോഗ്യ പ്രവർത്തകർ കണ്ടു. രക്തം ചിന്തി കൺമുന്നിലൂടെ മകളെ കൊണ്ട് വരുന്നത് കണ്ട ഡോ. ഘദ അബു ഈദയുടെ നിലവിളി ഹൃദയം നുറുക്കുന്നതാണ്.

പിടയുന്ന ജീവനുമായി ഒരോ ആംബുലൻസും ആശുപത്രി അങ്കണത്തിൽ എത്തുമ്പോൾ അവരിലേക്ക് ഓടിയെത്തും ഡോ. ഘദ അബു ഈദ. ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ അത്യഹിത വിഭാഗത്തിലാണ് ഡോ. ഘദയ്ക്ക് ഡ്യൂട്ടി. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടെയാണ് വ്യോമാക്രമണത്തിൽ പരിക്കേറ്റവരെയും കൊണ്ട് കൂടുതൽ ആംബുലൻസുകൾ ആശുപത്രിയിലെത്തിയത്. അങ്ങോട്ടേക്ക് പാഞ്ഞ ഡോ.ഘദ കണ്ടത് ജീവന് വേണ്ടി പിടയുന്ന സ്വന്തം മകളെ... നാളുകളായി ചിന്നിച്ചിതറിയ മനുഷ്യശരീരങ്ങൾ കണ്ട് മനസ് മരവിച്ച ആ മാതൃ ഹൃദയത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ആ രംഗം.

തന്‍റെ കുഞ്ഞിന് പിന്നാലെ നിലവിളിച്ച് ഓടി ആ അമ്മ. പിന്നാലെ കുഴഞ്ഞ് വീണു. ഗസ്സയിലെ നിരപരാധികളെ കൊന്ന് ഇസ്രായേൽ നരഹത്യ തുടരുകയാണ്. ആശുപത്രികളെയും വെറുതെ വിടുന്നില്ല. നിറഞ്ഞ് കവിഞ്ഞ ആശുപത്രികൾക്ക് ചുറ്റും വട്ടമിടുകയാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ...

TAGS :

Next Story