Quantcast

ഗസ്സയിലെ ജനങ്ങൾ സമാനതകളില്ലാത്ത ദുരിതത്തില്‍: അന്താരാഷ്ട്ര ആരോഗ്യസംഘടനകൾ

ഉടൻ വെടിനിർത്തലിന് മുൻകയ്യെടുക്കണമെന്ന് അമേരിക്കയോട് ഡോക്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-12-05 07:30:21.0

Published:

5 Dec 2023 7:29 AM GMT

doctors without borders
X

തെല്‍ അവിവ്: ഗസ്സയിലെ ജനങ്ങൾ സമാനതകളില്ലാത്ത ദുരിതങ്ങളാണ് അനുഭവിക്കുന്നതെന്ന് അന്താരാഷ്ട്ര ആരോഗ്യസംഘടനകൾ. തെക്കൻ ഗസ്സയിലെ മരുന്നു സംഭരണ കേന്ദ്രത്തിൽ നിന്നും സാധനങ്ങൾ മാറ്റണമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതായി ഡബ്ള്യൂ.എച്ച്.ഒ അറിയിച്ചു. ഉടൻ വെടിനിർത്തലിന് മുൻകയ്യെടുക്കണമെന്ന് അമേരിക്കയോട് ഡോക്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് ആവശ്യപ്പെട്ടു.

ഖാൻ യൂനിസ് അടക്കമുള്ള തെക്കൻ ഗസ്സയിലും ഇസ്രായേൽ ആക്രമണം കടുപ്പിക്കുകയാണ്. അഭയമേഖലകളായി നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇടങ്ങളാണിപ്പോൾ മരണക്കളമായിരിക്കുന്നത്. ഇവിടെ നിന്നും ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ ഭീഷണി മുഴക്കുകയാണ്. 24 മണിക്കൂറിനകം തെക്കൻ ഗസ്സയിൽ കരയുദ്ധം ശക്തമാകുമെന്നും അതിന് മുന്പ് അവിടെയുള്ള മരുന്നുസംഭരണകേന്ദ്രത്തിൽ നിന്നും സാധനങ്ങൾ മാറ്റണമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതായി ഡബ്ള്യൂ.എച്ച്.ഒ അറിയിച്ചു.

അരനൂറ്റാണ്ടായി വിവിധ യുദ്ധഭൂമികളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘമാണ് ഡോക്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ്. പക്ഷേ സാധാരണക്കാർ ഇത്ര നരകയാതന അനുഭവിക്കുന്നത് മുന്‍പ് കണ്ടിട്ടില്ലെന്നും അതിനാൽ ഉടൻ വെടിനിർത്തലിന് ഇടപെടണമെന്നും ആവശ്യപ്പെട്ട് സംഘടന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കത്തയച്ചു. ഗസ്സയിലെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട മൂന്നു സൈനികരുടെ പേരുകൾ കൂടി ഇസ്രായേൽ പുറത്തുവിട്ടു. നെതന്യാഹു രാജിവെക്കണം എന്ന ആവശ്യം ഇസ്രായേലിൽ ശക്തമാണ്.

ചെങ്കടലിൽ കപ്പലുകൾ പിടിച്ചെടുക്കുന്ന ഹൂതി പോരാളികളുടെ നീക്കത്തെ ചെറുക്കുമെന്ന് അമേരിക്ക അറിയിച്ചു.വിവിധ രാജ്യങ്ങളുമായി ചേർന്ന് സമുദ്രവ്യാപാര സംരക്ഷണ സേനയുണ്ടാക്കുമെന്ന് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജൈക് സള്ളിവൻ പറഞ്ഞു. ഗസ്സയിലെ സ്​ഥിതിഗതികൾ ചർച്ച ചെയ്യാൻ ആറ്​ ഗൾഫ്​ രാജ്യങ്ങളുടെ യോഗം ഇന്ന്​ ഖത്തറിൽ ചേരുന്നുണ്ട്.

TAGS :

Next Story