Quantcast

ലൈറ്റണച്ചു, വാതിലടച്ചു; യൂറോപ്യൻ രാഷ്ട്രങ്ങൾ എനർജി സേവിങ് മോഡിൽ - റഷ്യൻ ഇഫക്ട്

യൂറോപ്പിന് ആവശ്യമുള്ള പ്രകൃതി വാതകത്തിന്റെ 40 ശതമാനവും നൽകുന്നത് റഷ്യയാണ്

MediaOne Logo

Web Desk

  • Published:

    4 Aug 2022 8:18 AM GMT

ലൈറ്റണച്ചു, വാതിലടച്ചു; യൂറോപ്യൻ രാഷ്ട്രങ്ങൾ എനർജി സേവിങ് മോഡിൽ  - റഷ്യൻ ഇഫക്ട്
X
Listen to this Article

ബർലിൻ: റഷ്യയിൽനിന്നുള്ള ഇന്ധന ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഊർജ ഉപയോഗത്തിൽ അതീവ സൂക്ഷ്മത പ്രഖ്യാപിച്ച് യൂറോപ്യൻ രാഷ്ട്രങ്ങൾ. അടുത്ത മാർച്ചോടെ ഇന്ധന ഉപഭോഗം 15 കുറയ്ക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) ആലോചിക്കുന്നത്. ശൈത്യകാലത്തെ ബ്ലാക്ക്ഔട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് നിലവിലെ നിയന്ത്രണങ്ങൾ.

യുക്രൈൻ അധിനിവേശത്തിന് പിന്നാലെയാണ് യൂറോപ്പിലേക്കുള്ള പ്രകൃതി വാതക കയറ്റുമതിയുടെ അളവ് റഷ്യ കുറച്ചത്. തങ്ങള്‍ക്കു മേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തിന് പിന്നാലെയായിരുന്നു റഷ്യന്‍ നടപടി. യൂറോപ്പിന് ആവശ്യമുള്ള പ്രകൃതി വാതകത്തിന്റെ 40 ശതമാനവും നൽകുന്നത് റഷ്യയാണ്.

17 അംഗരാഷ്ട്രങ്ങളുടെയും ഊർജ്ജ മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ഊർജ ഉപഭോഗം 15 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചത്. ഹംഗറി മാത്രമാണ് തീരുമാനത്തെ എതിർത്തത്. ചില യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇപ്പോൾ തന്നെ ഇത്തരം നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഫ്രാൻസ്

70 ശതമാനം ഊർജവും ആണവ പ്ലാന്റുകളിൽനിന്നാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇന്ധന ഉപഭോഗം 10 ശതമാനം കുറയ്ക്കാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ശീതീകരിച്ച കടകളുടെ വാതിൽ തുറന്നിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലംഘിക്കുന്നവർ പിഴയൊടുക്കേണ്ടി വരും. വാതിൽ തുറന്നിടുന്നത് ബുദ്ധിശൂന്യമാണ് എന്നാണ് ഇകോളജിക്കൽ ട്രാൻസിഷൻ വകുപ്പുമന്ത്രി ആഗ്നസ് പാന്നിയർ-റോഞ്ചർ പ്രതികരിച്ചത്. ഔട്ട്‌ഡോർ കഫേകൾക്കും മേൽക്കൂരയ്ക്ക് മുകളിലുള്ള ബാറുകൾക്കും കൂളറും ഹീറ്ററും ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.

അർധരാത്രി ഒരു മണി മുതൽ പുലർച്ചെ ആറു മണിവരെ ഇല്ലൂമിനേറ്റഡ് പരസ്യങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. 26 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുണ്ടെങ്കിൽ മാത്രമേ സർക്കാർ ഓഫീസുകളിൽ എയർ കണ്ടീഷൻ ഉപയോഗിക്കാൻ അനുമതിയുള്ളൂ.

ജർമനി

ഹാനോവർ അടക്കമുള്ള നഗരങ്ങളിൽ വലിയ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഷവറുകളിലെയും ബാത്തുകളിലെയും ചുടുവെള്ള സ്വിച്ച് ഓഫ് ചെയ്തു. എയർ കണ്ടീഷനുകളിൽ ഉപയോഗിക്കാനും നിയന്ത്രണമുണ്ട്. മറ്റു ചില നഗരങ്ങളിൽ പൊതുനിരത്തിലെയും ജലധാരകളിലെയും ലൈറ്റുകൾ ഓഫ് ചെയ്തു. ബുധനാഴ്ച രാത്രി മുതൽ ബർലിനിലെ 200 ചരിത്ര സ്മാരകങ്ങൾ ഇരുട്ടിലാണ്. ഊർജ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ യുക്തിസഹമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഹാനോവർ സിറ്റി സെനറ്റർ ബെറ്റിനെ ജറാഷ് പ്രതികരിച്ചു.

ഇറ്റലി

ജൂലൈ ആദ്യം മുതൽ തന്നെ ഊർജ ഉപഭോഗത്തിൽ നിയന്ത്രണം പ്രഖ്യാപിച്ച രാഷ്ട്രമാണ് ഇറ്റലി. നേരത്തെ കടകളപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. 19 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനിലയെങ്കിൽ കെട്ടിടങ്ങളിൽ എ.സി പ്രവർത്തിപ്പിക്കാൻ അനുമതിയില്ല.

ഗ്രീസ്

ജോലി കഴിഞ്ഞു പോകുമ്പോൾ കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്വിച്ചുകൾ ഓഫ് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 2030 ഓടെ ഊർജ ഉപഭോഗം 30 ശതമാനം കുറയ്ക്കാനാണ് ഗ്രീസ് ആലോചിക്കുന്നത്.

സ്‌പെയിൻ

റഷ്യയിൽനിന്നുള്ള വാതക വിതരണത്തെ ആശ്രയിക്കുന്നില്ലെങ്കിലും ഊർജ ഉപഭോഗം കുറയ്ക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 7-8 ശതമാനം ഉപഭോഗം കുറയ്ക്കാനാണ് തീരുമാനം.

പ്രകൃതി വാതക കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് യൂറോപ്പിനെപ്പോലെ റഷ്യയെയും ബാധിക്കുന്നുണ്ട് എന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ യേൽ യൂണിവേഴ്‌സിറ്റി പഠനസംഘം പറയുന്നത്. യൂറോപ്പിന്റെ ഉപഭോഗ ആവശ്യമുള്ള പ്രകൃതി വാതകത്തിന്റെ 40 ശതമാനവും വരുന്നത് റഷ്യയിൽനിന്നാണ്. നിയന്ത്രണങ്ങൾ മൂലം റഷ്യയുടെ കയറ്റുമതി വരുമാനത്തിൽ വൻ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് പഠന സംഘം പറയുന്നു.

Summary- Energy-saving measures across the country are in line with the European Union's (EU's) plan to gradually reduce the demand for gas

TAGS :

Next Story