Quantcast

ആശുപത്രികൾ നിറഞ്ഞു, ചൈനയിലെ കോവിഡ് രോഗികളിൽ കൂടുതലും വയോധികർ;സ്ഥിതി രൂക്ഷം

ആശുപത്രി ജീവനക്കാരിൽ ഭൂരിഭാഗം പേരും കോവിഡ് ബാധിതരാണ്, പക്ഷേ, ജോലി തുടരാതെ മറ്റ് മാർഗങ്ങളില്ലെന്നും ജീവനക്കാർ പറയുന്നു

MediaOne Logo

Web Desk

  • Published:

    22 Dec 2022 12:54 PM GMT

ആശുപത്രികൾ നിറഞ്ഞു, ചൈനയിലെ കോവിഡ് രോഗികളിൽ കൂടുതലും വയോധികർ;സ്ഥിതി രൂക്ഷം
X

ചോങ്‌കിംഗ്: ചൈനയിൽ കോവിഡ് ഭീതി തുടരുകയാണ്. കേസുകള്‍ക്കൊപ്പം മരണനിരക്കും കൂടിയിട്ടുണ്ട്. രോഗികളിൽ കൂടുതലും പ്രായമായവരാണെന്നതാണ് ആശങ്ക ഉയർത്തുന്നത്. ചൈനയിലെ പ്രധാന നഗരങ്ങളിലെ ആശുപത്രികളുടെ വാർഡുകൾ വയോധികരായ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്. സീറോ-കോവിഡ് നയത്തിൽ ഇളവ് വരുത്തിയതും നിർബന്ധിത കോവിഡ് പരിശോധന അവസാനിപ്പിക്കുകയും ചെയ്തതോടെ ചൈനയിലുടനീളം വൈറസ് വ്യാപനം ഗണ്യമായ രീതിയിൽ വർധിച്ചിരിക്കുകയാണെന്ന് അധികൃതർ പറയുന്നു.

ചോങ്‌കിംഗ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഫസ്റ്റ് അഫിലിയേറ്റഡ് ഹോസ്പിറ്റലിൽ എത്തുന്ന 80 മുതൽ 90 ശതമാനം പേരും കോവിഡ് രോഗികളാണ്. ഇവരിൽ കൂടുതലും പ്രായമായവരാണെന്ന് ആശുപത്രിയിലെ ജീവനക്കാർ പറഞ്ഞു. ആശുപത്രി ജീവനക്കാരിൽ ഭൂരിഭാഗം പേരും കോവിഡ് ബാധിതരാണ്, പക്ഷേ, ജോലി തുടരാതെ മറ്റ് മാർഗങ്ങളില്ലെന്നും ജീവനക്കാർ പറയുന്നു. ഗുരുതരാവസ്ഥയിലുള്ളവർ പോലും ചികിത്സക്കായി മണിക്കൂറുകളോളമാണ് കാത്തുനിൽക്കുന്നത്. ആശുപത്രികളിലെ അവസ്ഥയിൽ രോഗികൾ മാത്രമല്ല ഡോക്ടർമാരടക്കം പരിഭ്രാന്തിയിലാണെന്ന് ജീവനക്കാർ പറയുന്നു.

ചൈനയിലുടനീളമുള്ള ദശലക്ഷക്കണക്കിന് പ്രായമായ ആളുകൾക്ക് ഇപ്പോഴും പൂർണമായി വാക്സിനേഷൻ ലഭിച്ചിട്ടില്ല. നിലവിലെ കോവിഡ് വ്യാപനത്തിൽ ചൈനയിലെ വയോധികരുടെ മരണനിരക്ക് ഉയർന്നേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, പ്രായമായവരുടെ മരണം കോവിഡ് കാരണം മാത്രമല്ലെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ ന്യായീകരണം. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലമാണ് കൂടുതൽ ആളുകളും മരിക്കുന്നതെന്നും അധികൃതർ വാദിക്കുന്നു.

2020 മുതൽ, 'സീറോ കോവിഡ്' നയത്തിന്‍റെ ഭാഗമായി ചൈന കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ പൊതുജന പ്രതിഷേധം വ്യാപകമാവുകയും ലോക്ഡൗണ്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ച സാഹചര്യത്തിലും ഡിസംബര്‍ ആദ്യം നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയായിരുന്നു.ബുധനാഴ്ച ലക്ഷണങ്ങളോടു കൂടിയ 3,030 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് മൂലമുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൈനയിലെ ഭൂരിഭാഗം ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഫാര്‍മസികളില്‍ മരുന്നുകള്‍ കിട്ടാനില്ല. പല ഉപഭോക്താക്കളും വെറുംകയ്യോടെ മടങ്ങുകയാണ്. ഷാങ്ഹായിലെ ഏറ്റവും വലിയ പൊതു ആശുപത്രികളിലൊന്നായ ടോംഗ്രെൻ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രിയുടെ ഇടനാഴികളിലാണ് കിടത്തിയിരിക്കുന്നത്.

TAGS :

Next Story