Quantcast

ഒരാഴ്ച കൊണ്ട് ഒരു ലക്ഷം കോപ്പി; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ഇലോണ്‍ മസ്കിന്‍റെ ജീവചരിത്രം

മസ്കിന്‍റെ വിവാഹം, കുട്ടികളുമായുള്ള ബന്ധം എന്നിവയുള്‍പ്പെടെ അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തെക്കുറിച്ചും ജീവചരിത്രത്തില്‍ പറയുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    26 Sept 2023 10:49 AM IST

Elon Musk
X

ഇലോണ്‍ മസ്ക്

ന്യൂയോര്‍ക്ക്: വിപണിയില്‍ ബെസ്റ്റ് സെല്ലറായി ടെസ്‍ല മേധാവി ഇലോണ്‍ മസ്കിന്‍റെ ജീവചരിത്രം. ഒരാഴ്ച കൊണ്ട് ഒരു ലക്ഷത്തിനടുത്ത് കോപ്പിയാണ് വിറ്റഴിഞ്ഞത്. പ്രശസ്ത അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വാൾട്ടർ ഐസക്സൺ ജീവചരിത്രം എഴുതിയിരിക്കുന്നത്.

സെപ്തംബര്‍ 16 വരെ 92,560 കോപ്പികളാണ് വിറ്റതെന്ന് ബുക്ക് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ സിർക്കാന ബുക്ക്‌സ്‌കാൻ സമാഹരിച്ച ഡാറ്റയെ ഉദ്ധരിച്ച് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്‍റെ ജീവചരിത്രത്തിന് ശേഷം പുറത്തിറക്കിയ ആഴ്ചയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റുപോകുന്ന രണ്ടാമത്തെ പുസ്തകമാണ് മസ്‌കിന്‍റെ ജീവചരിത്രം. 2011 ല്‍ ഐസക്‌സണ്‍ തന്നെ രചന നിര്‍വഹിച്ച സ്റ്റീവ് ജോബ്‌സിന്‍റെ ജീവചരിത്രം ആദ്യ ആഴ്ചയില്‍ ഏകദേശം 3,83,000 കോപ്പികളാണ് വിറ്റത്. ടൈം മാഗസിന്റെ മുൻ എഡിറ്റർ-ഇൻ-ചീഫായ ഐസ്കസണ്‍ കോഡ് ബ്രേക്കർ, ലിയോനാർഡോ ഡാവിഞ്ചി, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ഐൻ‌സ്റ്റൈൻ എന്നിവരുടെ ജീവചരിത്രവും എഴുതിയിട്ടുണ്ട്.

മസ്കിന്‍റെ വിവാഹം, കുട്ടികളുമായുള്ള ബന്ധം എന്നിവയുള്‍പ്പെടെ അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തെക്കുറിച്ചും ജീവചരിത്രത്തില്‍ പറയുന്നുണ്ട്. പിതാവിന്‍റെ സ്വാധീനത്തെക്കുറിച്ചും സ്കൂൾ കാലത്ത് സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സ്കൂളിലെ ഏകനായ കുട്ടിയില്‍ നിന്നും കോടീശ്വരനായ സംരംഭകനിലേക്കുള്ള അദ്ദേഹത്തിന്‍റെ രൂപാന്തരം പുസ്തകം എടുത്തുകാണിക്കുന്നു. 2022 ൽ ടെസ്‌ലയുടെ സ്റ്റോക്ക് ഷോർട്ടിംഗിനെച്ചൊല്ലി ബിൽ ഗേറ്റ്‌സുമായുള്ള തർക്കം ഉൾപ്പെടെ, മസ്‌കിന്‍റെ ഏറ്റുമുട്ടലുകൾ എന്നിവയും ഐസക്സൺ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പിതാവുമായി വലിയ അടുപ്പമില്ലാത്ത മസ്കും ഇറോള്‍ മസ്കുമായുള്ള വെല്ലുവിളി നിറഞ്ഞ ബന്ധത്തെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നു.

TAGS :

Next Story