Quantcast

ആറുമാസ ദൗത്യം വിജയകരമാക്കി സുൽത്താൻ അൽ നിയാദി ഭൂമിയിലേക്ക്​

അറബ്​ ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയെന്ന നേട്ടവും ഇനി നിയാദിക്ക്​ സ്വന്തം.

MediaOne Logo

Web Desk

  • Updated:

    2023-09-03 17:07:02.0

Published:

3 Sep 2023 4:51 PM GMT

ആറുമാസ ദൗത്യം വിജയകരമാക്കി സുൽത്താൻ അൽ നിയാദി ഭൂമിയിലേക്ക്​
X

ഏറ്റെടുത്ത ലക്ഷ്യം വിജയകരമായി പൂർത്തീകരിച്ച്​ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി ഭൂമിയിലേക്ക്​. അറബ്​ ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയെന്ന നേട്ടവും ഇനി നിയാദിക്ക്​ സ്വന്തം. ഭൂമിയിൽ നിന്ന്​ 400 കി.മീറ്റർ അകലെയാണ് ​അന്താരാഷ്ട്ര ബഹിരാകാശ നിലയം. അവിടെ നിന്ന്​ സ്​പേസ്​എക്സിന്‍റെ ഡ്രാഗൺ പേടകത്തിൽ യു.എ.ഇ സമയം വൈകീട്ട് ​3.05ന്​ നിയാദിയും സഹയാത്രികരായ മൂന്ന് ക്രൂ-6 അംഗങ്ങൾക്കൊപ്പം യാത്ര തിരിച്ചു. ​പേടകം നാളെ രാവിലെ 8.07ന്​ യു.എസിലെ ഫ്ലോറിഡബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ എത്തിച്ചേരും.

ബഹിരാകാശനിലയത്തിൽ നിന്ന്​ 17മണിക്കൂർ ദൈർഘ്യം വരും ഭൂമിയിലേക്ക്​. ശനിയാഴ്ച പുറപ്പെടാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചത്​. ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഇഡാലിയ ചുഴലികാറ്റ്​ ഉൾപ്പെടെയുള്ള കാലാവസ്ഥ വെല്ലുവിളികളെ തുടർന്ന് ​സമയം മാറ്റുകയായിരുന്നു. നാസയുടെ ബഹിരാകാശ യാത്രികരായ സ്റ്റീഫൻ ബൊവൻ, വൂഡി ഹോബർഗ്​, റഷ്യക്കാരനായ ആൻഡ്രി ഫെദ്​യേവ് ​എന്നിവരാണ്​ സുൽത്താൻ അൽ നിയാദിക്കൊപ്പം മടങ്ങുന്നത്​. ബഹിരാകാശത്തേക്ക് ​വീണ്ടുമെത്താനാവുമെന്ന പ്രതീക്ഷ മടക്ക യാത്രക്ക്​ തൊട്ടുമുമ്പ്​ നിയാദി സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചു. മാർച്ച്​ മൂന്നിനാണ്​ ഈ സംഘം നാസയുടെയും സ്​പേസ്​എക്സിന്‍റെയും ക്രൂ-6 ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശനിലയത്തിൽ എത്തിച്ചേർന്നത്​. 200ലേറെ ശാസ്ത്രീയ പരീക്ഷണങ്ങൾ അടക്കമുള്ളവ പൂർത്തിയാക്കിയാണ്​ സംഘത്തിന്‍റെ മടക്കം. ഇവയിൽ 19 പരീക്ഷണങ്ങൾ യു.എ.ഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നിയാദി സ്വയം പൂർത്തിയാക്കി.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ നാൾ ചെലവിട്ട ആദ്യ അറബ് വംശജന്‍, ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ്​പൗരൻ എന്നീ റെക്കോർഡുകൾ ഇതിനകം നിയാദി സ്വന്തം പേരിൽ കുറിച്ചു. ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ത്യയു​ടേതടക്കം നിരവധി അപൂർവ ചിത്രങ്ങൾ അല്‍ നിയാദി പങ്കുവെച്ചിരുന്നു​. ഭൂമിയിൽ തിരിച്ചെത്തിയാൽ സഞ്ചാരികൾ ഒരു മാസത്തോളം ആരോഗ്യ പരിശോധനകൾക്കും മറ്റുമായി വിശ്രമത്തിലായിരിക്കും. തുടർന്നായിരിക്കും യു.എ.ഇയിലേക്ക് ​തിരിച്ചെത്തുക​. അൽ നിയാദിക്ക്​ ഊഷ്മളമായ സ്വീകരണം നൽകാൻ യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ്​ബിൻ റാശിദ്​ സ്​പേസ്​സെന്ററിന്‍റെ നേതൃത്വത്തിൽ വിപലമായ ചടങ്ങുകൾ ആസൂത്രണം ചെയ്യുന്നുണ്ട്​.

TAGS :

Next Story