'സോളിഡാരിറ്റി ഈസ് എ വെർബ്'; ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹോളിവുഡ് നടി എമ്മ വാട്‌സൺ
ഇസ്രയേലിൽനിന്ന് എതിർപ്പുകളുണ്ടായിട്ടും ഇൻസ്റ്റഗ്രാമിലെ തന്റെ കുറിപ്പ് പിൻവലിക്കാൻ നടി തയ്യാറായിട്ടില്ല

ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിഖ്യാത ഹോളിവുഡ് നടി എമ്മ വാട്‌സൺ. ഐക്യദാർഢ്യം ഒരു ക്രിയയാണ് എന്ന തലക്കെട്ടോടെ ബ്രിട്ടീഷ്-ആസ്‌ട്രേലിയൻ എഴുത്തുകാരി സാറ അഹ്‌മദിന്റെ വാക്കുകളാണ് എമ്മ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇസ്രയേലിൽ നിന്ന് എതിർപ്പുകളുണ്ടായിട്ടും ഇൻസ്റ്റഗ്രാമിലെ തന്റെ കുറിപ്പ് പിൻവലിക്കാൻ നടി തയ്യാറായിട്ടില്ല.
'ഐക്യദാർഢ്യം കൊണ്ട് നമ്മുടെ പോരാട്ടങ്ങൾ സമാന പോരാട്ടങ്ങളാണ്, അല്ലെങ്കിൽ നമ്മുടെ വേദന സമാന വേദനയാണ്, നമ്മുടെ പ്രതീക്ഷ സമാന ഭാവിക്കു വേണ്ടിയാണ് എന്ന് അനുമാനിക്കാനാകില്ല. പ്രതിബദ്ധതയും കഠിനാധ്വാനവും അംഗീകാരവും ഐക്യദാർഢ്യത്തിൽ ഉൾക്കൊണ്ടിട്ടുണ്ട്. നമുക്ക് അതേ വികാരമോ, അതേ ജീവിതമോ, അതേ ശരീരമോ ഇല്ലെങ്കിൽപ്പോലും നമ്മൾ പൊതുനിലപാടിൽ ജീവിക്കുന്നു' - എന്ന വാക്കുകളാണ് വാട്‌സൺ കുറിച്ചത്. 13 ലക്ഷം ലൈക്കാണ് ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഒരു ലക്ഷത്തിലേറെ പേർ കമന്റും ചെയ്തു. ഇൻസ്റ്റയിൽ 64.3 ദശലക്ഷം പേരാണ് ഹാരിപോർട്ടർ നായികയെ പിന്തുടരുന്നത്.
പോസ്റ്റിനു പിന്നാലെ എമ്മയെ വിമർശിച്ച് ഇസ്രയേലിലെ വലതുപക്ഷ കക്ഷിയായ ലികുഡ് പാർട്ടി നേതാവും യുഎന്നിലെ ഇസ്രയേൽ മുൻ അംബാസഡറുമായ ഡാന്നി ഡനൻ രംഗത്തെത്തി. വാട്‌സൺ സെമിറ്റിക് വിരുദ്ധത പരത്തുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
യുഎന്നിൽ ഇസ്രയേലിന്റെ നിലവിലെ പ്രതിനിധി ഗിലാഡ് എൻഡനും എമ്മയ്‌ക്കെതിരെ സംസാരിച്ചു. 'കൽപ്പിത കഥകൾ ഹാരിപോർട്ടറിൽ നടക്കും. യാഥാർഥ ലോകത്ത് നടപ്പില്ല. അങ്ങനെയൊരു അത്ഭുതം നടക്കണമെങ്കിൽ ഹമാസിനെയും ഫലസ്തീൻ അതോറിറ്റിയെയും നിഷ്‌കാസനം ചെയ്യണം. അതിനെ ഞാൻ പിന്തുണയ്ക്കുന്നു' - എന്നാണ് അദ്ദേഹം ട്വിറ്ററിൽ എഴുതിയത്.
ഹാരി പോർട്ടർ സിനിമയിൽ ഹെർമിയോൺ ഗ്രേഞ്ചറെ അവതരിപ്പിച്ച എമ്മ വാട്‌സൺ 2014 മുതൽ യുഎൻ വുമൺ ഗുഡ്‌വിൽ അംബാസഡറാണ്. 2001 മുതൽ 2010 വരെ ഇവർ ഏഴ് ഹാരിപോട്ടർ ചിത്രങ്ങളിൽ ഡാനിയേൽ റാഡ് ക്ലിഫിനും റൂപെർട്ട് ഗ്രിനിനും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഇത് ആദ്യമായല്ല നടി തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ രാഷ്ട്രീയം പങ്കുവയ്ക്കുന്നത്. ഗ്ലാസ്‌ഗോ പരിസ്ഥി ഉച്ചകോടിയിൽ ഇവർ തന്റെ അക്കൗണ്ട് പരിസ്ഥിതി പ്രവർത്തകർക്ക് താൽക്കാലികമായി കൈമാറിയിരുന്നു.
Adjust Story Font
16

