Quantcast

ഹിജാബിന്റെ പേരിൽ പരിഹാസം നേരിട്ടു; പിതാവിന് കുറഞ്ഞ വേതനത്തിനു ജോലി ചെയ്യേണ്ടിവന്നു-ആസ്‌ട്രേലിയയുടെ പ്രായം കുറഞ്ഞ പാർലമെന്റ് അംഗം ഫാത്തിമ

ഓസീസ് പാർലമെന്റിലെ ആദ്യത്തെ അഫ്ഗാൻ വംശജയും ഹിജാബ് ധാരിണിയുമാണ് ഫാത്തിമ പൈമാൻ

MediaOne Logo

Web Desk

  • Updated:

    2022-09-15 12:02:21.0

Published:

15 Sep 2022 12:01 PM GMT

ഹിജാബിന്റെ പേരിൽ പരിഹാസം നേരിട്ടു; പിതാവിന് കുറഞ്ഞ വേതനത്തിനു ജോലി ചെയ്യേണ്ടിവന്നു-ആസ്‌ട്രേലിയയുടെ പ്രായം കുറഞ്ഞ പാർലമെന്റ് അംഗം ഫാത്തിമ
X

സിഡ്‌നി: ആസ്‌ട്രേലിയൻ പാർലമെന്റിൽ വികാരനിർഭരമായ പ്രസംഗവുമായി അഫ്ഗാൻ വംശജയായ പുതിയ സെനറ്റ് അംഗം ഫാത്തിമ പൈമാൻ. ഹിജാബിന്റെ പേരിൽ സർവകലാശാലയിൽ അടക്കം പരിഹസിക്കപ്പെട്ട കാലമുണ്ടായിരുന്നുവെന്നും പിതാവിന് കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഫാത്തിമ വെളിപ്പെടുത്തി.

ആസ്‌ട്രേലിയയുടെ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ പൈമാൻ സഭയിലെ കന്നി പ്രസംഗത്തിലാണ് കുടുംബത്തിന്റെ അതിജീവനത്തെക്കുറിച്ചു തുറന്നു സംസാരിച്ചത്. അഫ്ഗാനിസ്താനിൽനിന്ന് പാകിസ്താനിലേക്കും അവിടെനിന്ന് ആസ്‌ട്രേലിയയിലേക്കും കുടിയേറിയതാണ് ഫാത്തിമയുടെ കുടുംബം. പിന്നീട് ആസ്‌ട്രേലിയയിലെ പെര്‍ത്തില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

''സർവകലാശാലയിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ ഒരിക്കൽ പരിഹാസം നേരിടേണ്ടിവന്നിട്ടുണ്ട്. ഞാൻ ഇവിടത്തുകാരിയല്ലെന്ന തോന്നലാണ് അന്നുണ്ടായത്. പെർത്ത് സ്വന്തം വീടുപോലെത്തന്നെയാണ് എനിക്ക്. മറ്റെവിടെയോ വളർന്നവളാണെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. എല്ലാ ആസ്‌ട്രേലിയൻ കുട്ടികളെയും പോലെയാണ് ഞാനും വളർന്നത്. പൊതുഗതാഗത മാർഗങ്ങളിലാണ് യൂനിവേഴ്‌സിറ്റിയിൽ പോയിവന്നിരുന്നത്.''-ഫാത്തിമ പറഞ്ഞു.

എന്നാൽ, സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ നിർദേശിച്ചുള്ള സംസാരങ്ങളും ഭീകരവാദ പരാമർശങ്ങളുമെല്ലാം തന്നിൽ അപകർഷബോധമുണ്ടാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് സമൂഹത്തിനിടയിൽ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ട് സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായത്. താൻ ചെയ്യുന്ന നന്മകൾ കണ്ട് രാജ്യത്തെ ഒരു തുല്യപൗരയായി അംഗീകരിക്കപ്പെടാനിടയുണ്ടെന്ന ആഗ്രഹമായിരുന്നു ഇതിനു പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.

വെസ്റ്റേൺ ആസ്‌ട്രേലിയയിൽനിന്നാണ് ലേബർ പാർട്ടി അംഗമായി ഫാത്തിമ പൈമാൻ പാർലമെന്റിലെത്തുന്നത്. ആസ്‌ട്രേലിയയുടെ ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റ് അംഗം കൂടിയാണ് 27കാരിയായ പൈമാൻ. ഓസീസ് പാർലമെന്റിലെ ആദ്യത്തെ അഫ്ഗാൻ വംശജയും ഹിജാബ് ധാരിണിയും കൂടിയാണ് അവർ.

Summary: Fatima Payman, the youngest member of the new Australian parliament, has spoken of her hijab being "ridiculed" at university, and how "inferences to extremism" made her feel like she didn't belong

TAGS :

Next Story