ഫാത്തിഹിന് പിന്നാലെ സെജ്ജിലും; ഇറാൻ പുറത്തെടുക്കുന്ന 'വജ്രായുധങ്ങൾ' !
ഇറാന്റെ മിസൈൽ ശേഖരത്തിൽ പകുതിയും ഇസ്രായേൽ ആക്രമണത്തിൽ തകർന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് ഫാത്തിഹും സെജ്ജിലും ഉൾപ്പടെ പുറത്തെടുത്ത് ഇറാന്റെ തിരിച്ചടി..

ഇറാൻ-ഇസ്രായേൽ സംഘർഷം കൊടുമ്പിരി കൊള്ളവേ, ഇസ്രായേലിന് നേരെ ഇറാൻ പ്രയോഗിച്ച ഹൈപ്പർസോണിക്-ബാലിസ്റ്റിക് മിസൈലുകളെ കുറിച്ചുള്ള വിവരങ്ങൾ ചർച്ചയാവുകയാണ്. ടെൽ അവീവിന് മേൽ പ്രയോഗിച്ച മിസൈലുകളെ പറ്റി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുമുണ്ട്.. ജൂൺ 13ന് തുടങ്ങിയ സംഘർഷത്തിൽ ഇതാദ്യമായി ഫാത്തിഹ്-1 മിസൈലും സെജ്ജിൽ മിസൈലും പുറത്തെടുത്തു എന്നതാണ് ഐആർജിസി നൽകുന്ന പ്രധാനപ്പെട്ട വിവരം.
ഫത്താഹ് എന്നതിന് പേർഷ്യൻ ഭാഷയിൽ ജേതാവ് എന്നാണർഥം. ഫാത്തിഹ് 1 മിസൈലുകളെ ഇസ്രായേൽ സ്ട്രൈക്കർ എന്നാണ് ഇറാൻ വിശേഷിപ്പിക്കുന്നത്. ഇറാന്റെ ആയുധ ശേഖരത്തിലെ വമ്പൻമാർ ആണ് ഈ ഹൈപ്പർസോണിക്ക് മിസൈലുകൾ. ഓപ്പറേഷൻ ഓണസ്റ്റ് പ്രോമിസ് 3യുടെ 11ാം തരംഗമായാണ് ഫാത്തിഹ് മിസൈലുകൾ അയച്ചതെന്നാണ് റെവല്യൂഷണറി ഗാർഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിക്കുന്നത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ പേരിട്ട ഫാത്തിഹ് മിസൈലുകൾ 2023ലാണ് ഇറാൻ അവതരിപ്പിക്കുന്നത്. പിന്നീട് കഴിഞ്ഞ വർഷം ഒക്ടോബർ 1ന് ഇസ്രായേലുമായുള്ള സംഘർഷത്തിൽ ജറൂസലേമിന് നേരെയും ഇറാൻ ഫാത്തിഹ് മിസൈലുകൾ പ്രയോഗിച്ചു. മറ്റ് മിസൈലുകളെ അപേക്ഷിച്ച് പതിന്മടങ്ങ് വേഗതയും കൃത്യതയും കൈമുതലാക്കിയ മിസൈലുകളാണ് ഫാത്തിഹ്1. ഇതുകൊണ്ട് തന്നെയാണ് ഇവയ്ക്ക് പ്രാധാന്യമേറുന്നതും. വിക്ഷേപിച്ച് പാതിവഴിയിൽ സഞ്ചാരപാത മാറ്റാൻ സാധിക്കുന്ന തരത്തിലാണ് ഇവ നിർമിച്ചെടുക്കുന്നത്.. ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോമിനെയും ആരോയെയുമൊക്കെ നിഷ്പ്രയാസം മറികടക്കാൻ ഇവയെ സഹായിക്കുന്നതും ഈ സവിശേഷതയാണ്.
2023ൽ ഫാത്തിഹ് മിസൈലുകൾ അനാവരണം ചെയ്യുന്ന സമയത്ത്, ടെഹ്റാനിൽ ഒരു വലിയ ബാനർ പ്രദർശിപ്പിച്ചിരുന്നു ഇറാൻ. 400 സെക്കൻഡ്സ് ടു ടെൽ അവീവ് എന്ന് അർഥമാക്കുന്ന ഹീബ്രു വാചകമാണ് ആ ബാനറിലുണ്ടായിരുന്നത്. അതായത് വിക്ഷേപിച്ച് 400 സെക്കൻഡുകൾക്കുള്ളിൽ ഈ മിസൈലുകൾക്ക് ഇസ്രായേലിലെത്താനാകും. അതിവേഗ മിസൈലുകളായത് കൊണ്ടും ദ്രുതഗതിയിൽ സഞ്ചാരപാത വ്യതിചലിക്കുന്നത് കൊണ്ടും ഇവയെ തടസ്സപ്പെടുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ശബ്ദത്തേക്കാൾ 5 മടങ്ങ് വേഗത്തിലാണ് ഈ മിസൈലുകൾ സഞ്ചരിക്കുക. മണിക്കൂറിൽ 6100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ഇവയ്ക്കാവും. 12 മീറ്റർ നീളമുള്ള ഈ മിസൈലിന്റെ ദൂരപരിധി 1400 കിലോമീറ്റർ ആണ്. ഖര ഇന്ധനം ഉപയോഗിക്കുന്ന ഫാത്തിഹ് മിസൈലുകൾക്ക് 200 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുണ്ടെന്നാണ് ഇറാൻ വാച്ച് റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ഇസ്രായേലിനെതിരെ തൊടുത്ത മിസൈലുകളിൽ ഭൂരിഭാഗവും ഫാത്തിഹ് മിസൈലുകൾ ആണെന്നാണ് റിപ്പോർട്ട്.
ഇനി ഫാത്തിഹ് മിസൈലുകളോളം, അല്ലെങ്കിൽ ഒരു പക്ഷേ അതിന്റെ ഇരട്ടിയാണ് സെജ്ജിൽ മിസൈലുകളുടെ ശേഷി. ഇറാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, രണ്ട് ഘട്ടങ്ങളുള്ള, ഖര ഇന്ധനം ഉപയോഗിക്കുന്ന മിസൈലാണ് സെജ്ജിൽ. ഇറാന്റെ കൈവശമുള്ളതിൽ ഏറ്റവും വലിയ മിസൈലുകളിലൊന്നാണിവ. ഇതാദ്യമായാണ് ഇറാൻ സെജ്ജിൽ മിസൈലുകൾ പ്രയോഗിക്കുന്നതും.
കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച, ആകാശത്ത് വളഞ്ഞുപുളഞ്ഞ് കാണുന്ന രേഖ സെജ്ജിൽ മിസൈലുകളുടേത് തന്നെയാണെന്നാണ് വിവരം. 2500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ ആണ് സെജ്ജിൽ. എന്ന് വെച്ചാൽ പശ്ചിമേഷ്യ ഒന്നാകെ ഇതിന്റെ ലക്ഷ്യ പരിധിയിൽ വരും. ടെൽ അവീവിനെ 2000 കിലോമീറ്റർ അകലെ നിന്ന് പോലും ഇവയ്ക്ക് ചാരമാക്കാം. നതാൻസിൽ നിന്ന് വെറും 7 മിനിറ്റ് കൊണ്ട് ഇവ ടെൽ അവീവിലെത്തും. 1000 കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുണ്ട് സെജ്ജിലിന്. സജിൽ, അഷൗറ, അഷൂറ എന്നും ഇവയ്ക്ക് പേരുകളുണ്ട്.
ചൈനയുടെ സഹായത്തോടെ, ഇറാൻ 1990കളിൽ തന്നെ സെജ്ജിൽ മിസൈലുകൾ നിർമിക്കാൻ ശ്രമം തുടങ്ങിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 2008ലും 2009ലുമൊക്കെ മിസൈലിന്റെ ടെസ്റ്റിങ് നടപടികൾ നടന്നിരുന്നു. 2012 വരെ നാല് തവണയാണ് ടെസ്റ്റിങ് നടന്നത്. ആ സമയം കൊണ്ട് 1900 കിലോമീറ്റർ ദൂരപരിധി കൈവരിച്ചിരുന്നു സെജ്ജിൽ. 2021ലാണ് ഇറാന്റെ സൈനിക നടപടികളിൽ സെജ്ജിൽ മിസൈലുകൾ ഒരു സുപ്രധാന ആയുധമായി വിലയിരുത്തപ്പെടുന്നത്. ഇത്രനാളും നിർമാണഘട്ടത്തിലാണ് സെജ്ജിൽ എന്ന് കരുതിയിടത്താണ് ഇസ്രായേലിന് നേരെ അതുതന്നെ പ്രയോഗിച്ച് ഇറാന്റെ അപ്രതീക്ഷിത നീക്കം.
ഇറാന്റെ മിസൈൽ ശേഖരത്തിൽ പകുതിയും ഇസ്രായേൽ ആക്രമണത്തിൽ തകർന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് ഫാത്തിഹും സെജ്ജിലും ഉൾപ്പടെ പുറത്തെടുത്ത് ഇറാന്റെ തിരിച്ചടി എന്നതാണ് ശ്രദ്ധേയം. ഇസ്രായേൽ ആക്രമണത്തിൽ മിസൈലുകൾ തകർന്നതിനാൽ ഇറാൻ ഇവയുടെ ഉപയോഗം കുറയ്ക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. ഇതിനെ പിന്താങ്ങുന്നതായിരുന്നു ഐഡിഎഫിന്റെ വാദങ്ങളും. ഇറാന്റെ മിസൈൽ ശേഖരം 45 ശതമാനവും ഇടിഞ്ഞു എന്നായിരുന്നു ഐഡിഎഫ് വാദം. എന്നാലിതിനെ പൊളിച്ചടുക്കുന്നതാണ് ഇറാന്റെ പ്രത്യാക്രമണങ്ങളൊക്കെ. ഇതുവരെ 2000 ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്നായിരുന്നു കണക്കുകൂട്ടലെങ്കിൽ, ഇറാന്റെ ആയുധ ശേഖരത്തിന്റെ കനം അതിലുമെത്രയോ മടങ്ങ് അധികമാണെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
Adjust Story Font
16

