യുഎസില്‍ 'എടിഎം ജാക്ക്‌പോട്ടിങ്' വര്‍ധിക്കുന്നു; മുന്നറിയിപ്പ് നല്‍കി എഫ്ബിഐ, തട്ടിപ്പ് രീതി ഇങ്ങനെ
2025ല്‍ മാത്രം ഇത്തരത്തിലുള്ള 700ലേറെ തട്ടിപ്പുകളാണുണ്ടായത്. രണ്ട് കോടിയിലേറെ ഡോളറാണ് ബാങ്കുകള്‍ക്ക് നഷ്ടം

- Published:
22 Feb 2026 10:50 AM IST

വാഷിങ്ടണ്‍ ഡിസി: യുഎസില്‍ 'എടിഎം ജാക്ക്‌പോട്ടിങ്' എന്നറിയപ്പെടുന്ന തട്ടിപ്പ് രീതി വ്യാപകമാകുന്നു. എടിഎം തകര്‍ക്കാതെ, ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടാതെ, എടിഎമ്മുകളെ മാല്‍വെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്ത് പണം തട്ടുന്ന പുതിയ രീതിയാണിത്. എടിഎം ജാക്ക്‌പോട്ടിങ്ങിനെതിരെ ജാഗ്രത പാലിക്കണമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
പ്ലൂട്ടസ് മാല്‍വെയര്‍ പോലെയുള്ള സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുക. ഈ മാല്‍വെയര്‍ ഉപയോഗിച്ച് എടിഎമ്മിന്റെ ഫിനാല്‍ഷ്യല്‍ സര്‍വീസ് സോഫ്റ്റുവെയറില്‍ നുഴഞ്ഞുകയറും. ഇതോടെ എടിഎമ്മിന്റെ പ്രവര്‍ത്തനങ്ങളാകെ നിയന്ത്രിക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയും. പണം നല്‍കാനുള്ള നിര്‍ദേശം നല്‍കുന്നതോടെ എടിഎമ്മില്‍ നിന്നുള്ള മുഴുവന്‍ പണവും തട്ടിപ്പുകാരുടെ കൈകളിലെത്തും. സാധാരണഗതിയില്‍ എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നതിന് മുമ്പ് എടിഎം സോഫ്റ്റുവെയര്‍ ബാങ്കിന്റെ അനുമതി തേടാറുണ്ട്. എന്നാല്‍, മാല്‍വെയറുകള്‍ ഇതിനെ മറികടന്നാണ് പ്രവര്‍ത്തിക്കുക. ഇതോടെ, ബാങ്കിന്റെ അനുമതി ഇല്ലാതെ തന്നെ എടിഎം പണം നല്‍കും.
മാല്‍വെയറുകള്‍ ഉപയോഗിച്ച് എടിഎമ്മിനെ വരുതിയിലാക്കുന്ന തട്ടിപ്പ് രീതിയായതിനാല്‍ എടിഎം ജാക്ക്‌പോട്ടിങ്ങില്‍ അംഗീകൃത ട്രാന്‍സാക്ഷനുകള്‍ നടത്തേണ്ട ആവശ്യമില്ല. കാര്‍ഡുകള്‍ പോലും ഉപയോഗിക്കേണ്ടിവരുന്നില്ല. അതിനാല്‍ തട്ടിപ്പുകള്‍ തല്‍സമയം കണ്ടെത്താനും പ്രയാസം നേരിടും.
തട്ടിപ്പുകാര്‍ എടിഎമ്മിന്റെ ഹാര്‍ഡ് ഡ്രൈവ് നീക്കം ചെയ്യുകയും അത് അവരുടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുകയും മാല്‍വെയര്‍ ഹാര്‍ഡ് ഡ്രൈവിലേക്ക് പകര്‍ത്തുകയും ചെയ്യുന്നതാണ് ഒരു രീതി. ശേഷം ഹാര്‍ഡ് ഡ്രൈവ് തിരികെ സ്ഥാപിച്ച് റീബൂട്ട് ചെയ്യുന്നതോടെ എടിഎം പൂര്‍ണമായും തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. ഇതുകൂടാതെ, എടിഎം ഹാര്‍ഡ് ഡ്രൈവിനു പകരം എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവ് സ്ഥാപിച്ചും എടിഎം ഹാക്ക് ചെയ്യാം.
വര്‍ധിച്ചുവരുന്ന എടിഎം ജാക്ക്‌പോട്ടിങ്ങിനെതിരെ ജാഗ്രത വേണമെന്നാണ് എഫ്ബിഐയുടെ മുന്നറിയിപ്പ്. 2020ന് ശേഷം 1900 എടിഎം ജാക്ക്‌പോട്ടിങ് തട്ടിപ്പുകളാണ് യുഎസിലുണ്ടായത്. 2025ല്‍ മാത്രം ഇത്തരത്തിലുള്ള 700ലേറെ തട്ടിപ്പുകളാണുണ്ടായത്. ആ വര്‍ഷം രണ്ട് കോടി ഡോളറിലേറെയാണ് ഇതിലൂടെ നഷ്ടമായത്.
തട്ടിപ്പുകാര്‍ക്ക് ഈ രീതിയിലൂടെ എടിഎം മെഷീനിലെ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കും. ഒറ്റയടിക്ക് വന്‍തുക ലഭിക്കുന്ന തട്ടിപ്പായതിനാലാണ് ഇതിന് 'എടിഎം ജാക്ക്‌പോട്ടിങ്' എന്ന പേര് ലഭിച്ചത്.
Adjust Story Font
16
