അമേരിക്കന്‍ പിന്മാറ്റത്തിനു ശേഷം കാബൂളില്‍ നിന്നും ആദ്യ രാജ്യാന്തര വിമാനം പറന്നുയര്‍ന്നു

അടിയന്തര സഹായങ്ങളും സന്നദ്ധ സേവകരേയും വഹിച്ചുള്ള ഖത്തര്‍ എയര്‍വേഴ്‌സ് വിമാനമാണ് കാബൂളിലെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2021-09-09 15:56:38.0

Published:

9 Sep 2021 3:51 PM GMT

അമേരിക്കന്‍ പിന്മാറ്റത്തിനു ശേഷം കാബൂളില്‍ നിന്നും ആദ്യ രാജ്യാന്തര വിമാനം പറന്നുയര്‍ന്നു
X

വിദേശ സൈന്യം രാജ്യം വിട്ട് പത്തു ദിവസത്തിനു ശേഷം രാജ്യാന്തര വിമാനം കാബുളില്‍ നിന്നും സര്‍വീസ് നടത്തി. ഖത്തര്‍ എയര്‍വേഴ്‌സിന്റെ പാസഞ്ചര്‍ വിമാനമാണ് കാബുള്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്നത്. കാബൂള്‍ വിമാനത്താവളം പൂര്‍ണമായും യാത്രക്ക് സജ്ജമായതായി ഖത്തര്‍ അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വരുന്ന മണിക്കൂറുകളോടെ നൂറു മുതല്‍ നൂറ്റമ്പത് വരെ വിദേശീയരെ കൂടി വിമാനത്താവളം വഴി പുറത്തെത്തിക്കാന്‍ താലിബാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. രേഖകളുള്ളവരെ രാജ്യത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കുമെന്ന് താലിബാന്‍ അറിയിച്ചിരുന്നു.

അടിയന്തര സഹായങ്ങളും സന്നദ്ധ സേവകരേയും വഹിച്ചുള്ള ഖത്തര്‍ എയര്‍വേഴ്‌സ് വിമാനമാണ് വ്യാഴാഴ്ച കാബൂളിലെത്തിയത്. വിദേശ സേന അഫ്ഗാന്‍ വിട്ട ശേഷം രാജ്യത്ത് എത്തിയ ആദ്യ രാജ്യാന്തര വിമാനമാണ് ഖത്തര്‍ എയര്‍വേഴ്‌സ്.

അമേരിക്കന്‍ പിന്‍മാറ്റത്തെ തുടര്‍ന്ന് അഫ്ഗാന്‍ വിടാന്‍ വ്യാപകമായ തിക്കും തിരക്കുമായിരുന്നു കാബൂള്‍ വിമാനത്താവളത്തിലുണ്ടായിരുന്നത്. ആഗസ്റ്റ് 31 വരെയായിരുന്നു വിദേശ സൈന്യത്തിന് അഫ്ഗാന്‍ വിടാന്‍ താലിബാന്‍ സമയപരിധി നിശ്ചയിച്ചത്. ഒഴിപ്പിക്കലിനിടെ തുടര്‍ന്ന് കേടുപാടുകള്‍ പറ്റിയ വിമാനത്താവളം അടച്ചിടുകയാണുണ്ടായത്.

ഖത്തര്‍, തുര്‍ക്കിഷ് വിദഗ്ധ സംഘമാണ് കാബൂള്‍ വിമാനത്താവളത്തിന്റെ പുനര്‍നിര്‍മാണ ചുമതല ഏറ്റെടുത്ത് നടത്തിയത്. വലിയ വെല്ലുവിളി അതിജയിച്ചതായും, ഘട്ടംഘട്ടമായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും, രാജ്യാന്തര വിമാനങ്ങള്‍ക്കിറങ്ങാന്‍ സജ്ജമാകുമെന്നും ഖത്തരി സംഘം അറിയിച്ചു.

TAGS :

Next Story