ജി 7 ഉച്ചകോടിക്കിടെ ഇറ്റലി പാർലമെന്റിൽ കൂട്ടത്തല്ല്, പ്രതിപക്ഷപാർട്ടി അംഗത്തിന് പരിക്ക്; വീഡിയോ
പാർലമെന്റിൽ നടന്ന സംഘർഷത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്

റോം: അമ്പതാമത് ജി 7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റലിയിലെ പാർലമെന്റിൽ എം.പിമാർ തമ്മിൽ കൂട്ടത്തല്ല്. പ്രദേശങ്ങൾക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകാനുള്ള സർക്കാറിന്റെ ബില്ലിനെതിരെയാണ് എം.പിമാർ പ്രതിഷേധിച്ചത്. ഇറ്റലിയുടെ പ്രാദേശിക കാര്യ മന്ത്രി റോബർട്ടോ കാൽഡെറോളിയുടെ കഴുത്തിൽ പ്രതിപക്ഷപാർട്ടി അംഗമായ ലിയോനാർഡോ ഡോണോ ഇറ്റാലിയൻ പതാക കെട്ടാൻ ശ്രമിച്ചതിനെ തുടർന്നാണ് ബഹളം തുടങ്ങിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് നടന്ന കയ്യാങ്കളിയിൽ ലിയോനാർഡോ ഡോണോക്ക് പരിക്കേറ്റതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലയിലും നെഞ്ചിലും പരിക്കേറ്റ ഡോണോയെ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി.
ജി 7 ഉച്ചകോടിക്കായി രാഷ്ട്രതലവന്മാർ ഇറ്റലിയിലെത്തുന്ന സമയത്ത് പാർലമെന്റിൽ നടന്ന സംഘർഷത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പാർലമെന്റിൽ നടന്ന കയ്യേറ്റത്തെ അപലപിച്ചു. രാഷ്ട്രീയ തർക്കങ്ങൾ ശാരീരികമായ കലഹങ്ങളില്ലാതെ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി ഓർമിപ്പിച്ചു. പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ പാർട്ടി അംഗങ്ങളും വിമർശനവുമായി രംഗത്തെത്തി. പരിക്കേറ്റ ഡോണോ മനപ്പൂർവം പ്രകോപനമുണ്ടാക്കുകയാണെന്നും പരിക്കുകൾ വ്യാജമാണെന്നും പാർട്ടി അംഗങ്ങൾ ആരോപിച്ചു.
അമേരിക്ക,ബ്രിട്ടൻ,ഫ്രാൻസ്,ഇറ്റലി,ജർമ്മനി,കാനഡ,ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ അടങ്ങുന്നതാണ് ജി 7. യുക്രൈൻ യുദ്ധവും ഗസ്സയിലെ അധിനിവേശവുമടക്കമുള്ള പ്രശ്‌നങ്ങളായിരിക്കും ഉച്ചകോടിയിലെ പ്രധാനചർച്ചകളെന്നാണ് റിപ്പോർട്ട്.
Adjust Story Font
16

