Quantcast

എപ്പോഴും പൊലീസും കേസും; 'വിചിത്ര' പെരുമാറ്റത്തിന് ചികിത്സ തേടി ഹോളിവുഡ് നടന്‍ എസ്ര മില്ലര്‍

ഈയിടെ മില്ലറിനെതിരെ മോഷണക്കുറ്റത്തിന് വെര്‍മോണ്ട് പൊലീസ് കേസെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    17 Aug 2022 5:33 AM GMT

എപ്പോഴും പൊലീസും കേസും; വിചിത്ര പെരുമാറ്റത്തിന് ചികിത്സ തേടി ഹോളിവുഡ് നടന്‍ എസ്ര മില്ലര്‍
X

സ്റ്റാംഫോർഡ്: ജസ്റ്റിസ് ലീഗ് പോലുള്ള സൂപ്പര്‍ഹീറോ സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടനാണ് എസ്ര മില്ലര്‍. ഫ്ലാഷ് എന്ന കഥാപാത്രത്തിലൂടെ മില്ലര്‍ പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. കാര്യം വലിയ നടനൊക്കെയാണെങ്കിലും പൊലീസും കേസും ഒഴിഞ്ഞൊരു സമയമില്ല മില്ലറിന്. ഈയിടെ മില്ലറിനെതിരെ മോഷണക്കുറ്റത്തിന് വെര്‍മോണ്ട് പൊലീസ് കേസെടുത്തിരുന്നു. സ്റ്റാംഫോർഡിലെ ഒരു വീട്ടിൽ കയറി മദ്യം മോഷ്ടിച്ചുവെന്നായിരുന്നു കേസ്. ഇപ്പോള്‍ തന്‍റെ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

സങ്കീര്‍ണമായ മാനസിക പ്രശ്നങ്ങള്‍ക്കുള്ള ചികിത്സയിലാണെന്നാണ് മില്ലര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍. ''കടുത്ത പ്രതിസന്ധിയിലൂടെയാണ് ഞാന്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മാനസികാരോഗ്യത്തിനുള്ള ചികിത്സയിലാണ് ഞാന്‍. മുന്‍പ് എന്‍റെ പെരുമാറ്റം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങള്‍ക്കും എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്‍റെ ജീവിതത്തില്‍ ആരോഗ്യകരവും സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഒരു ഘട്ടത്തിലേക്ക് തിരിച്ചുവരാനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനാണ്''. മില്ലര്‍ പറഞ്ഞു.

കഴിഞ്ഞ മെയ് 1നാണ് പൊലീസിന് മോഷണം സംബന്ധിച്ച പരാതി ലഭിക്കുന്നത്. വീട്ടുടമയില്ലാത്ത സമയത്ത് വീട്ടിനുള്ളിൽ നിന്നും നിരവധി മദ്യകുപ്പികൾ നഷ്ടമായെന്നായിരുന്നു പരാതി. വീട്ടിലെ സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് മില്ലറിനെതിരെ കുറ്റം ചുമത്തിയത്. കഴിഞ്ഞ മാസം മില്ലറിനെതിരെ ഒരു ജർമൻ യുവതി ആരോപണവുമായി എത്തിയിരുന്നു. ഫെബ്രുവരിയിൽ യുവതിയുടെ ബെർലിനിലുള്ള ഫ്ലാറ്റിലേക്ക് താരം എത്തുകയും മുറിയിലിരുന്ന് പുകവലിക്കുകയും ചെയ്തു. മുറിയ്ക്ക് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ മില്ലർ തന്നെ നാസിയെന്ന് വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് മുറിയിലുള്ള സാധനങ്ങൾ ഇയാൾ തകർത്തുവെന്നുമായിരുന്നു യുവതിയുടെ ആരോപണം.

യുവതിയുടെ ആരോപണങ്ങൾ രണ്ട് സുഹൃത്തുക്കൾ സ്ഥിരീകരിക്കുകയും ചെയ്തു. മാർച്ച് 28ന് ഒരു കരോക്കേ ബാറിൽ നിന്നും താരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹവായിയിലെ സിൽവ സ്ട്രീറ്റിലെ കരോക്കെ ബാറിൽ പാർട്ടിയ്ക്കിടയിൽ ബാറിലെ സ്റ്റാഫിനോട് മില്ലർ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് അറസ്റ്റിലായ താരം 500 ഡോളർ പിഴയടക്കുകയും ചെയ്തു.

ഇതിനു മുന്‍പും മില്ലര്‍ നിരവധി കേസുകളിലും വിവാദങ്ങളിലും കുടുങ്ങിയിട്ടുണ്ട്. 2011ൽ പിറ്റ്സ്ബർഗിൽ വച്ച് മില്ലര്‍ ഓടിച്ചിരുന്ന കാറിൽ നിന്ന് 20 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തിരുന്നു. കഞ്ചാവ് കൈവശം വച്ച കേസിലും മില്ലറിനെതിരെ കുറ്റം ചുമത്തിയിരുന്നു.

ദി ഫ്ലാഷാണ് മില്ലറുടെ അടുത്ത ചിത്രം. അടുത്ത വര്‍ഷം ജൂണില്‍ ചിത്രം തിയറ്ററുകളിലെത്തും. നേരത്തെ, 2022 നവംബറിൽ ഫ്ലാഷ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് മൂലം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. മൈക്കൽ കീറ്റൺ, റോൺ ലിവിംഗ്സ്റ്റൺ, കീർസി ക്ലെമൺസ്, മൈക്കൽ ഷാനൻ, സാഷ കോളെ എന്നിവരും ചിത്രത്തിലുണ്ട്.

TAGS :

Next Story