Quantcast

ഫ്ലൈദുബൈ കോക്പിറ്റ് ആക്രമണം; ഒമാനി സഹപൈലറ്റിനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

സഹപൈലറ്റിനെ നേരത്തെ തന്നെ സുരക്ഷാ ഭീഷണിയായി കണക്കാക്കിയിരുന്നതായി എബിസി ന്യൂസും വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2026-10-03 03:32:12

Published:

3 Oct 2026 8:45 AM IST

ഫ്ലൈദുബൈ കോക്പിറ്റ് ആക്രമണം; ഒമാനി സഹപൈലറ്റിനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്
X

വാഷിംഗ്ടൺ: ഫ്ലൈദുബൈ വിമാനത്തിലെ കോക്പിറ്റ് ആക്രമണവുമായി ബന്ധപ്പെട്ട ഒമാനി സഹപൈലറ്റിനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. ഹമാം അൽ ഹമ്മാമിയെയാണ് തിരിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബൈ വിമാനത്തിലെ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് സഹപൈലറ്റിനെതിരായ ആരോപണം.

സഹപൈലറ്റിനെ നേരത്തെ തന്നെ സുരക്ഷാ ഭീഷണിയായി കണക്കാക്കിയിരുന്നതായി എബിസി ന്യൂസും വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തു. തീവ്രവാദ ആശയങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഒമാനിൽ വിമാനം പറത്തുന്നതിന് ഇയാൾക്ക് വിലക്കേർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഒമാന് പുറത്ത്, പ്രത്യേകിച്ച് സിറിയയിൽ, ഇയാൾ ഏറെക്കാലം ചെലവഴിച്ചിരുന്നതായും അവിടെവെച്ച് തീവ്രവാദ ആശയങ്ങളുമായി സമ്പർക്കത്തിലായതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് ഇയാൾ യുഎഇയിലേക്ക് യാത്ര ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

180 പേരുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്കായിരുന്നു ഫ്ലൈദുബൈ FZ1073 വിമാനം പുറപ്പെട്ടത്. സൗദി അറേബ്യക്ക് മുകളിലൂടെ ഏകദേശം 33,000–34,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ, യാത്ര തുടങ്ങി രണ്ട് മണിക്കൂറോളം കഴിഞ്ഞപ്പോൾ സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരും ജീവനക്കാരും കോക്പിറ്റിലെത്തി സഹപൈലറ്റിനെ കീഴടക്കി.

വിമാനം വഴിതിരിച്ചുവിട്ട് വടക്കുപടിഞ്ഞാറൻ സൗദിയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി. യാത്രക്കാരിൽ ഗുരുതര പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇരുപൈലറ്റുമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പകരം വിമാനത്തിലാണ് യാത്രക്കാരെ ഇസ്രായേലിലെത്തിച്ചത്. സൗദി അധികൃതർ സഹപൈലറ്റിനെ കസ്റ്റഡിയിലെടുത്ത ശേഷം യുഎഇക്ക് കൈമാറിയതായും അന്വേഷണത്തിന്റെ ഭാഗമായി ഇസ്രായേൽ ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്യുമെന്നുമാണ് റിപ്പോർട്ടുകൾ.

TAGS :

Next Story