അറസ്റ്റ് വാറന്റ് ഉണ്ടായിട്ടും നെതന്യാഹുവിനെ തങ്ങളുടെ വ്യോമാതിർത്തിയിലൂടെ പറക്കാൻ അനുവദിച്ച് ഫ്രാൻസ്, ഇറ്റലി, ഗ്രീസ്
2023 ഒക്ടോബർ മുതൽ ഗസ്സയിൽ നടത്തുന്ന ആക്രമണങ്ങളിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി നവംബറിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു

ജെറുസലേം: അന്താരഷ്ട്ര ക്രിമിനൽ കോടതിയുടെ വാറന്റ് ഉണ്ടായിട്ടും അമേരിക്കയിലേക്കുള്ള യാത്രയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തങ്ങളുടെ വ്യോമാതിർത്തിയിലൂടെ പറക്കാൻ അനുവദിച്ച് ഫ്രാൻസ്, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങൾ. ഇത് അന്താരാഷ്ട്ര നിയമപ്രകാരമുള്ള അവരുടെ ബാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. 2023 ഒക്ടോബർ മുതൽ ഗസ്സയിൽ നടത്തുന്ന ആക്രമണങ്ങളിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി നവംബറിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) നെതായാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഫ്രാൻസ്, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിലൂടെ നെതന്യാഹുവിന്റെ വിമാനം പറന്നതിന്റെ റഡാർ ഡാറ്റ
ഫെബ്രുവരിയിൽ വാറണ്ടിന് ശേഷമുള്ള തന്റെ ആദ്യ വിദേശ യാത്രയിൽ യുഎസിലേക്ക് പോകുമ്പോൾ നെതന്യാഹു ഫ്രഞ്ച്, ഇറ്റാലിയൻ, ഗ്രീക്ക് വ്യോമാതിർത്തിയിലൂടെയാണ് പറന്നത്. 2002-ൽ ഹേഗ് ആസ്ഥാനമായുള്ള കോടതി സ്ഥാപിച്ച ഉടമ്പടിയായ റോം സ്റ്റാറ്റ്യൂട്ടിലെ കക്ഷികളാണ് മൂന്ന് രാജ്യങ്ങളും. കൂടാതെ ഐസിസി അന്വേഷിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള നിയമപരമായ ബാധ്യതയുമുണ്ട്. തുടർന്ന് ഏപ്രിലിൽ ഹംഗറിയിൽ നിന്ന് യുഎസിലേക്കുള്ള യാത്രയ്ക്കിടെയിലും നെതന്യാഹു ഫ്രാൻസ്, ഇറ്റലി, ക്രൊയേഷ്യ എന്നിവിടങ്ങളിലൂടെ പറന്നു.
'നെതന്യാഹുവിന്റെ സർക്കാർ വിമാനത്തിന് അവരുടെ വ്യോമാതിർത്തിയിലൂടെ കടന്നുപോകാൻ ആവർത്തിച്ച് അനുവദിക്കുന്നതിലൂടെ ഈ രാജ്യങ്ങൾ അദ്ദേഹത്തിന് ഒരു അപവാദം സൃഷ്ടിക്കുക മാത്രമല്ല. ഐസിസി പിടികിട്ടാപ്പുള്ളിക്കായി ഒരു എയർ കോറിഡോർ സജീവമായി പരിപാലിക്കുകയും ചെയ്യുന്നു.' അന്താരാഷ്ട്ര നിയമ പണ്ഡിതൻ സെർജി വാസിലീവ് പറഞ്ഞതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെയുള്ള വാറണ്ടുകളിൽ എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഉൾപ്പെടെ 125 പേർ ഇതിൽ ഒപ്പുവച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ഒരു മാർഗമായി സാധാരണക്കാരെ പട്ടിണിക്കിടുക, മനഃപൂർവ്വം വലിയ ദുരിതം സൃഷ്ടിക്കുക, മനഃപൂർവ്വം കൊലപാതകം നടത്തുക, സാധാരണക്കാരെ മനഃപൂർവ്വം ആക്രമിക്കുക, ഉന്മൂലനം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Adjust Story Font
16

