Quantcast

‘റമദാനിലെ ഗസ്സ ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലമായിരുന്നു’

‘ഗസ്സയിലെ ജനങ്ങൾക്ക് ഈ വിശുദ്ധ മാസം ഹൃദയഭേദകവും വിലാപങ്ങൾ നിറഞ്ഞതുമാണ്’

MediaOne Logo

Web Desk

  • Updated:

    2024-03-12 16:35:12.0

Published:

12 March 2024 2:20 PM GMT

ramadan gaza
X

റമദാനിലെ ഗസ്സ ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലമായിരുന്നുവെന്ന് മാധ്യമപ്രവർത്തക ഇമാൻ അൽഹാജ് അലി. ഗസ്സയിലെ ജനങ്ങൾക്ക് റമദാൻ തീർച്ചയായും വർഷത്തിലെ ഏറ്റവും സവിശേഷമായ സമയമാണെന്നും അവർ അൽജസീറയിൽ പങ്കുവെച്ച ലേഖനത്തിൽ വ്യക്തമാക്കി. എന്നാൽ, ഇത്തവണ വിശുദ്ധ മാസത്തിൽ സമാധാനത്തോടെ ആരാധനകൾ നിർവഹിക്കാനും ആസ്വദിക്കാനും കഴിയില്ലെന്നും അവർ പറഞ്ഞു.

പരിശുദ്ധ റമദാൻ മാസം തുടങ്ങിയിരിക്കുന്നു. ലോകമെമ്പാടുമുള്ള മുസ്‍ലിംകൾ വ്രതം അനുഷ്ഠിക്കുകയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും പ്രാർഥനക്കും ആരാധനകൾക്കും വേണ്ടി സ്വയം സമർപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ഗസ്സയിലെ മുസ്‍ലിംകളായ ഞങ്ങൾക്ക് ഈ വിശുദ്ധ മാസം ഹൃദയഭേദകവും വിലാപങ്ങൾ നിറഞ്ഞതുമാണ്.

അഞ്ച് മാസത്തിലേറെയായി ഇസ്രായേൽ സൈന്യത്തിന്റെ കൂട്ടക്കൊലകളും രോഗങ്ങളും പട്ടിണിയും ദാഹവും ​സഹിക്കുന്നു. റമദാൻ ആരംഭിച്ചിട്ടും അക്രമങ്ങളും ക്രൂരതയും അവസാനിക്കുകയോ കുറയുകയോ ചെയ്തിട്ടില്ല.

നോമ്പ് തുറക്കാനും പ്രാർഥനക്ക് സുരക്ഷിതമായ ഇടം കണ്ടെത്താനും ഭക്ഷണം മേശപ്പുറത്ത് വെക്കാനുമെല്ലാം നമ്മിൽ പലരും പാടുപെടുമ്പോൾ, കഴിഞ്ഞ റമദാനുകളുടെ ഓർമ്മകൾ നമ്മെ കുളിരണിയിപ്പിക്കുന്നു. ഇസ്രായേൽ ഡ്രോണുകളുടെ മുഴക്കങ്ങൾക്കും സ്ഫോടനങ്ങളുടെ ശബ്ദത്തിനും ഇടയിൽ, ഞാൻ കണ്ണുകൾ അടച്ച് ഗസ്സയിലെ റമദാനിന്റെ പ്രൗഢിയെക്കുറിച്ച് ഓർക്കുന്നു.

പുണ്യമാസത്തിനായുള്ള ഒരുക്കങ്ങൾ എപ്പോഴും നേരത്തേ തുടങ്ങാറുണ്ട്. ആഴ്ചകൾ മുമ്പേ ആളുകൾ റമദാനിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ പോകും. പഴയ നഗരവും പരമ്പരാഗത മാർക്കറ്റായ അൽ-സാവിയയുമാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം. അവിടെ എല്ലാ പരമ്പരാഗത റമദാൻ ഭക്ഷണ സാധനങ്ങളും നിരന്നിട്ടുണ്ടാകും. അച്ചാറുകൾ, മികച്ച ഈത്തപ്പഴം, സ്വദിഷ്ടമായ ഒലീവ്, സുഗന്ധവ്യഞ്ജനങ്ങൾ, ആപ്രിക്കോട്ട് പേസ്റ്റ്, വിവിധ ജ്യൂസുകൾ എന്നിവയെല്ലാം അവിടെ ലഭിക്കും.

പുതിയ വസ്ത്രങ്ങൾ വാങ്ങാതെ ആരും മടങ്ങാറില്ല. നമസ്കാരത്തിന് ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്. റമദാൻ കരീം എന്നെഴുതിയ വിളക്കുകൾ വാങ്ങാൻ കുട്ടികൾ മാതാപിതാക്കളോട് ആവശ്യപ്പെടുന്നുണ്ടാകും.

തെരുവുകൾ ജനങ്ങളെക്കൊണ്ട് നിറയും. അലങ്കാരങ്ങൾ ഉയരും. സന്തോഷകരമായ റമദാൻ ഗാനങ്ങൾ എവിടെയും കേൾക്കാം. റമദാനിലെ ആദ്യരാവിൽ ഗസ്സയുടെ പരിസരങ്ങൾ തറാവീഹ് നമസ്കാരങ്ങളാൽ നിറയും. പുണ്യമാസത്തിന്റെ ആരംഭം കുറിച്ച് കുട്ടികൾ വൈകും വരെ പുറത്തുണ്ടാകും. തെരുവുകളിൽ കളിച്ചും വിളക്കുകൾ കത്തിച്ചും പാട്ടുപാടിയും അവർ റമദാനെ വരവേൽക്കും.

രാത്രി നമസ്കാരത്തിനും അത്താഴം കഴിക്കാനും കുടുംബങ്ങൾ ഒത്തുചേരും. അതിന് ശേഷം ചിലർ ഉറങ്ങും. മറ്റുള്ളവർ സ്കൂളിലേക്കും ജോലിക്കും പോകും. ഉച്ചയോടെ എല്ലാവരും വീട്ടിലേക്ക് മടങ്ങും. തുടർന്ന് ഖുർആൻ പാരായണത്തിൽ മുഴുകും. കുട്ടികൾ വീട്ടിലോ പള്ളികളിലോ പോയി ഖുർആൻ മനഃപഠമാക്കാനുള്ള ​​ശ്രമത്തിലാകും. മാതാപിതാക്കളും മുത്തശ്ശിമാരും കുട്ടികളോടും കൊച്ചുമക്കളോടും പ്രവാചകന്മാരുടെ കഥകൾ പറഞ്ഞുകൊടുക്കും.

പിന്നീട് ഇഫ്താറിനുള്ള ഭക്ഷണം തയറാക്കുന്നതിന്റെ സമയമായി. സൂര്യാസ്തമയത്തിന് ഒരു മണിക്കൂർ മുമ്പ്, പരിസരം മുഴുവൻ വിവിധ ഭക്ഷണങ്ങളുടെ രുചികരമായ ഗന്ധം കൊണ്ട് നിറയും. എല്ലാ വീട്ടിലെയും അടുക്കളയിൽ കഠിനാധ്വാനം ചെയ്യുന്ന ആളുകൾ ഒരുമിച്ച് ചേരും. ഒരാൾ അരിയും പച്ചക്കറികളും അടങ്ങിയ ഇറച്ചി വിഭവമായ മഖ്‌ലൂബ പാചകം ​ചെയ്യും. മറ്റൊരാൾ ചിക്കൻ വിഭവമായ മുസാഖൻ തയാറാക്കുന്ന തിരക്കിലായിരിക്കും. മറ്റൊരാൾ മുലൂഖിയ സൂപ്പും ഒരുക്കും.

അതിനിടയിൽ അയൽക്കാരൻ തന്റെ വീട്ടിലുണ്ടാക്കിയ ഭക്ഷണവുമായെത്തും. തീർച്ചയായും അദ്ദേഹം വൈറുംകൈയോടെ ആകില്ല മടങ്ങിപ്പോവുക. അസ്തമയമെത്തുന്നതോടെ തീൻമേശക്ക് മുമ്പിൽ എല്ലാവരും ഒരുമിച്ചിരിക്കും. വൈകാതെ പള്ളികളിൽ നിന്ന് നോമ്പ് തുറക്കാനുള്ള ബാങ്ക് ഉയരും. എല്ലാവരും സന്തോഷത്തോടെ സ്വാദിഷ്ടമായ ഭക്ഷണം പങ്കിടും.

ഇഫ്താറിന് ശേഷം പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒരുമിച്ച് തറാവീഹ് നമസ്കരിക്കാൻ പള്ളികളിലേക്ക് പോകും. വിശുദ്ധ ഖുർആനിന്റെ ശബ്ദങ്ങളും പ്രാർഥനകളും ഗാസയുടെ എല്ലാ ഭാഗങ്ങളിലും വ്യാപിക്കും. ഉമ്മമാർ വിശുദ്ധ മാസത്തിൽ മാത്രം തയാറാക്കുന്ന പ്രശസ്ത പലഹാരമായ ഖതായ്ഫ് ലഭിക്കുന്നതോടെ കുട്ടികൾ ഏറെ സന്തോഷത്തിലാകും.

ഗസ്സയിലെ ജനങ്ങൾക്ക് റമദാൻ തീർച്ചയായും വർഷത്തിലെ ഏറ്റവും സവിശേഷമായ സമയമാണ്. റമദാനിലെ ഗസ്സ ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ്. എന്നാൽ, ഈ വിശുദ്ധ മാസത്തിൽ നമുക്ക് സമാധാനത്തോടെ ആരാധനകൾ നിർവഹിക്കാനും ആസ്വദിക്കാനും കഴിയില്ല. വർണ്ണാഭമായ വിളക്കുകളും ഗാനങ്ങളുമെല്ലാം ഇസ്രായേലിന്റെ ബോംബുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങൾക്ക് മുന്നിൽ വഴിമാറി.

തെരുവുകളിൽ കളിക്കുന്ന കുട്ടികളുടെ ശബ്ദത്തിന് പകരം, ഇസ്രായേൽ ബോംബാക്രമണത്തിൽ പരിക്കേറ്റവരും നിലവിളികളാണ് ഉയരുന്നത്. ജീവിതം നിറഞ്ഞ അയൽപക്കങ്ങൾ ശ്മശാനങ്ങളായി മാറി. മസ്ജിദുകൾ എല്ലാം നശിച്ചതിനാൽ ജനത്തിരക്കില്ല.

തെരുവുകളിൽ ആളുകളെ കാണാനില്ല. അവയെല്ലാം അവശിഷ്ടങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാ​തെയാണ് ഇഫ്താർ. കുടുംബങ്ങൾ ഒത്തുകൂടുന്നത് പരസ്പരം അഭിവാദ്യം ചെയ്യാനും ആഘോഷിക്കാനുമല്ല, മരിച്ചവരെ യാത്രയയക്കാനാണ്. വിശുദ്ധ റമദാൻ മാസം ആരംഭിക്കുമ്പോൾ, രക്തസാക്ഷികൾ ഓരോരുത്തരായ വിടപറയുന്നു.

വിശുദ്ധ മാസത്തിലും ഇസ്രായേലിനെ വംശഹത്യ തുടരാൻ അനുവദിച്ച്, ലോകം ഫലസ്തീൻ ജനതയെ കൈവിട്ടുവെന്ന തിരിച്ചറിവ് കൂടുതൽ ​വേദനയുണ്ടാക്കുന്നുവെന്നും ഇമാൻ അൽഹാജ് അലി വ്യക്തമാക്കി. അൽ മഗസി അഭയാർഥി ക്യാമ്പിൽനിന്നുള്ള എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഇവർ.

TAGS :

Next Story