Quantcast

ഇസ്രായേൽ ആക്രമണം 12-ാം ദിവസത്തിലേക്ക്; ഗസ്സയിൽ മാനുഷിക പ്രതിസന്ധി അതിരൂക്ഷം

റഫ അതിർത്തി മുഖേന വരുന്ന ട്രക്കുകളിലെ മരുന്നും ഭക്ഷണവും വെള്ളവും കാത്തിരിക്കുകയാണ് ഗസ്സയിലെ ജനലക്ഷങ്ങൾ.

MediaOne Logo

Web Desk

  • Published:

    19 Oct 2023 12:40 AM GMT

Gazza under attack israel invation
X

ഗസ്സ: ആക്രമണം 12-ാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗസ്സയിൽ മാനുഷിക പ്രതിസന്ധി അതീവ സങ്കീർണം. നിരന്തരമായ വ്യോമാക്രമണവും കുരുതിയും തുടരുന്നതിനിടെ റഫ അതിർത്തി എപ്പോൾ തുറക്കും എന്ന ചോദ്യത്തിന് ഇനിയും തൃപ്തികരമായ ഉത്തരമില്ല. ജോർദാൻ യാത്ര റദ്ദാക്കിയ യു.എസ് പ്രസിഡന്റ് ഇന്ന് ഇസ്രായേലിൽനിന്ന് മടങ്ങും

അവസാന കണക്ക് പ്രകാരം ഗസ്സയിൽ മരണസംഖ്യ 3,478 ആണ്. പരിക്കേറ്റവരുടെ എണ്ണം 12,065. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർ ചുരുങ്ങിയത് 1200ൽ ഏറെയാണ്. അവരിൽ 600ൽ അധികവും കുട്ടികൾ. എന്നിട്ടും ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും ബോംബർ വിമാനങ്ങൾ തീതുപ്പുന്നത് തുടരുകയാണ്. വൈദ്യമേഖല ഏറെക്കുറെ സമ്പൂർണ തകർന്നുകഴിഞ്ഞു. പല ആശുപത്രികളുടെയും പ്രവർത്തനം പരുങ്ങലിലാണ്. റഫ അതിർത്തി മുഖേന വരുന്ന ട്രക്കുകളിലെ മരുന്നും ഭക്ഷണവും വെള്ളവും കാത്തിരിക്കുകയാണ് ജനലക്ഷങ്ങൾ. സഹായ ഉത്പന്നങ്ങൾ റഫ വഴി എത്തിക്കാൻ ഇസ്രായേൽ സമ്മതിച്ചതായി ബൈഡൻ ഇന്നലെ അറിയിച്ചു. എന്നാൽ ബന്ദികളുടെ മോചനം ഇതിനുള്ള ഉപാധിയായി ഇസ്രായേൽ ഇനിയും ഉന്നയിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

വിദേശികളെ ഒഴിപ്പിക്കാൻ മാത്രമായി അതിർത്തി തുറക്കില്ലെന്ന് ഈജിപ്തും വ്യക്തമാക്കി. ഗസ്സ അൽ അഹ്‌ലി ബാപ്‌സ്റ്റിക് ആശുപത്രിയിൽ ആക്രമണം നടത്തി 500 പേരെ കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് അറബ്, മുസ്‌ലിം രാജ്യങ്ങൾ. ആക്രമണം നടത്തിയത് തങ്ങളല്ലെന്ന ഇസ്രായേൽ വാദത്തെ ശരിവെക്കുകയായിരുന്നു ജോ ബൈഡൻ. എന്നാൽ അറബ്, മുസ്‌ലിം ലോകം ഇതു തള്ളി. ഇസ്രായേൽ പങ്കിനുള്ള ആധികാരിക തെളിവ് കൈമാറാൻ ഒരുക്കമാണെന്ന് ഫലസ്തീൻ പ്രതിനിധി സംഘം യു.എൻ രക്ഷാസമിതിക്കു മുമ്പാകെ അറിയിച്ചു. അതിനിടെ, ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിൽ സംഘർഷം കൂടുതൽ രൂക്ഷമായി. ഹിസ്ബുല്ലക്കു പുറമെ ഇസ്‌ലാമിക് ജിഹാദ് വിഭാഗമായ അൽ ഫജ്‌റും ലബനാനിൽ നിന്ന് ഇസ്രായേൽ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തി. യുദ്ധത്തിന് വ്യാപ്തി കൂടുന്ന നടപടിയിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.


TAGS :

Next Story