Quantcast

ക്ലാസില്‍ ഇസ്രായേല്‍ പതാക തൂക്കിയിട്ടത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയുടെ തലവെട്ടുമെന്ന് ഭീഷണി; യു.എസില്‍ അധ്യാപകന്‍ അറസ്റ്റില്‍

അധ്യാപകന്‍ ഭീഷണിപ്പെടുത്തുന്നത് സ്‌കൂളിലെ മറ്റ് അധ്യാപകരും വിദ്യാർഥികളും കേട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    17 Dec 2023 4:29 PM IST

US Teacher Threatens To Behead Student Over Israeli Flag Remark,Georgia teacher arrest,israel ,israel gaza,israel palestine,israel palestine war
X

ജോർജിയ: ഇസ്രായേൽ പതാകയെ അപമാനിച്ചെന്നാരോപിച്ച് വിദ്യാർഥിയുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ. യു.എസിലെ ജോർജിയയിലെ സ്‌കൂൾ അധ്യാപകനായ ബെഞ്ചമിൻ റീസാണ് അറസ്റ്റിലായത്. ഡിസംബർ 7 നാണ് സംഭവം നടന്നത്. ക്ലാസ് മുറിയിൽ ഇസ്രായേൽ പതാക തൂക്കിയിട്ടതിനെക്കുറിച്ച് ചോദിക്കാനാണ് താൻ അധ്യാപകന്റെ അടുത്തെത്തിയതെന്ന് വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു.

എന്തിനാണ് ക്ലാസ് മുറിയിൽ ഇസ്രായേൽ പതാക തൂക്കിയിട്ടിരിക്കുന്നത് എന്ന ചോദ്യത്തിന് താൻ ജൂതനാണെന്നും ഇസ്രായേലിൽ തന്റെ കുടുംബാംഗങ്ങൾ താമസിക്കുന്നുണ്ടെന്നുമായിരുന്നു അധ്യാപകന്റെ മറുപടി. എന്നാൽ ഇസ്രായേൽ ഫലസ്തീനികളെ കൊല്ലുകയാണെന്ന് വിദ്യാർഥി മറുപടി നൽകി. ഇതാണ് അധ്യാപകനെ പ്രകോപിപ്പിച്ചതെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് വിദ്യാർഥികളോട് അധ്യാപകൻ തട്ടിക്കയറുകയും അവരുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് സ്‌കൂളിലെ മറ്റ് അധ്യാപകരും വിദ്യാർഥികളും കേട്ടിരുന്നതിന് തെളിവുകളുണ്ടായിരുന്നു. സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങളിലും അധ്യാപകന്‍ വിദ്യാര്‍ഥികളെ ചീത്തവിളിക്കുന്നതിന്‍റെ ദൃശ്യങ്ങളുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

വിദ്യാർഥികളോട് റീസ് ബഹളം വയ്ക്കുന്നത് കണ്ട മറ്റൊരു അധ്യാപകനാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികളോട് ക്രൂരമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത റീസിനെ അറസ്റ്റ് ചെയ്തതായി ഹൂസ്റ്റൺ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. 51 കാരനായ റീസ്ഏഴാം ക്ലാസിലെ സോഷ്യൽ സ്റ്റഡീസ് അധ്യാപകനാണ്.

TAGS :

Next Story