Quantcast

'നദിയില്‍ നിന്ന് കടലിലേക്ക്' മുദ്രാവാക്യത്തെ സോഷ്യല്‍മീഡിയയില്‍ അനുകൂലിക്കുന്നവരുടെ പൗരത്വം നിഷേധിക്കുമെന്ന് ജര്‍മനി

രാജ്യത്ത് വർധിച്ചുവരുന്ന യഹൂദവിരുദ്ധതയും വംശീയതയും നേരിടാൻ ജർമനിയുടെ പുതിയ പൗരത്വ നിയമം കർശനമാക്കി

MediaOne Logo

Web Desk

  • Published:

    1 Oct 2024 4:49 AM GMT

from the river to the sea
X

ബെര്‍ലിന്‍: ഫലസ്തീന്‍ വിമോചന മുദ്രാവാക്യമായ "From the river to the sea"(നദിയില്‍ നിന്ന് കടലിലേക്ക്) സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരുടെ പൗരത്വം നിഷേധിക്കുമെന്ന് ജര്‍മനി. ഇത് കൂടാതെ ഇത്തരം പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതോ കമൻ്റ് ചെയ്യുന്നതോ ആയ വ്യക്തികൾക്ക് ജർമൻ പൗരത്വത്തിന് അർഹതയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് നോർത്ത് ജർമൻ റേഡിയോ ആൻഡ് ടെലിവിഷൻ (എൻഡിആർ) റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് വർധിച്ചുവരുന്ന യഹൂദവിരുദ്ധതയും വംശീയതയും നേരിടാൻ ജർമനിയുടെ പുതിയ പൗരത്വ നിയമം കർശനമാക്കി. പുതുക്കിയ നിയമപ്രകാരം ജർമനിയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് അഞ്ച് വർഷത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാം. നേരത്തെ എട്ട് വര്‍ഷമായിരുന്നു. സ്വദേശിവൽക്കരണ പ്രക്രിയ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ് മാറ്റം. ജൂതന്മാര്‍ക്ക് നിയമപരമായ ഗ്യാരണ്ടിയും സുരക്ഷാ പ്രതിബദ്ധതയും നല്‍കുന്ന ജര്‍മനിയുടെ നിലപാടിനെ മാനിക്കാത്ത വ്യക്തിക്ക് പൗരത്വം നല്‍കില്ലെന്ന് നിയമത്തില്‍ പറയുന്നു. “നിങ്ങൾ ഞങ്ങളുടെ മൂല്യങ്ങൾ പങ്കിടുന്നില്ലെങ്കിൽ, നിങ്ങൾക്ക് ജർമൻ പാസ്‌പോർട്ട് ലഭിക്കില്ല. അതിനായി ഞങ്ങളിവിടെ വ്യക്തമായ അതിര്‍വരമ്പ് വച്ചിട്ടുണ്ട് '' ജർമൻ ആഭ്യന്തര മന്ത്രി നാൻസി ഫെയ്സർ പറഞ്ഞു.

ഈ വ്യവസ്ഥയില്‍ ഇസ്രായേല്‍ വിരുദ്ധ, ജൂത വിരുദ്ധ മുദ്രാവാക്യങ്ങളും ശൈലികളും ഉള്‍പ്പെടുന്നു. അതായത് ഈ പ്രസ്താവനകള്‍ ഓണ്‍ലൈനില്‍ പോസ്റ്റുചെയ്യുന്ന ഏതൊരു വ്യക്തിക്കും ജര്‍മന്‍ പൗരത്വം നിഷേധിക്കപ്പെടാം. ജർമനിയിലെ യഹൂദ ജീവിതത്തിൻ്റെ സംരക്ഷണത്തെ തുരങ്കം വയ്ക്കുന്ന നടപടികളും പ്രസ്താവനകളും നിയമം നിരോധിക്കുന്നു. അക്രമത്തിനായുള്ള വ്യക്തമായ ആഹ്വാനങ്ങൾ മാത്രമല്ല, അത്തരം വികാരങ്ങളെ അംഗീകരിക്കുന്ന സോഷ്യൽ മീഡിയ ഇടപെടലുകളും ഇതിൽ ഉൾപ്പെടുന്നു. ഇസ്രായേലിനെതിരായ അക്രമത്തിനുള്ള ആഹ്വാനവുമായി ഒരു പ്രസ്താവന പൊരുത്തപ്പെടുന്നെങ്കിൽ, പൗരത്വവുമായി ബന്ധപ്പെട്ട പ്രക്രിയയില്‍ അത് സൂക്ഷ്മമായി പരിശോധിക്കും.

ലോകമെമ്പാടുമുള്ള ഫലസ്തീൻ അനുകൂല റാലികളിൽ ഉപയോഗിക്കുന്ന ജനപ്രിയ മുദ്രാവാക്യമാണ് ‘ഫ്രം ദി റിവർ ടു ദി സീ’. അടിച്ചമർത്തലിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് ഇത് അര്‍ഥമാക്കുന്നത്. ജോർദാൻ നദിയുടെ പടിഞ്ഞാറ് മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള ഭാഗം ഫലസ്തീന്‍റെതാണ് എന്ന അർഥത്തിലാണ് ഈ മുദ്രാവാക്യം രൂപപ്പെട്ടത്.

നേരത്തെ ബ്രീട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകും മുദ്രാവാക്യത്തിനെതിരെ രംഗത്തെത്തിയിരുന്നു. ‘നദിയിൽ നിന്ന് കടലിലേക്ക്’ എന്ന് ശബ്ദമുയര്‍ത്തുന്നവര്‍ വിഡ്ഢികളോ അതിനേക്കാൾ മോശക്കാരോ ആ​ണെന്നായിരുന്നു സുനകിന്‍റെ പരാമര്‍ശം. ''ഈ മുദ്രാവാക്യം വിളിക്കുന്നവർ ഒന്നുകിൽ അവർ പറയുന്നതെന്തെന്ന് മനസ്സിലാകാത്ത വിഡ്ഢികളാണ്. അല്ലെങ്കിൽ ജൂത രാഷ്ട്രത്തെ ഭൂപടത്തിൽനിന്ന് തുടച്ചുമാറ്റാൻ ആഗ്രഹിക്കുന്ന ആളുകളായിരിക്കും. ഞങ്ങളുടെ തെരുവുകളിൽ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരോടും മഹത്വവൽക്കരിക്കുന്നവരോടും യഹൂദ വിരുദ്ധത പ്രചരിപ്പിക്കുന്നവരോടും ഒരു സഹിഷ്ണുതയും കാണിക്കില്ല'' എന്നാണ് യുകെ പ്രധാനമന്ത്രി പറഞ്ഞത്.

TAGS :

Next Story