Quantcast

'ഒരു സ്വപ്‌നവും വലുതല്ല'; അരയ്ക്ക് താഴെ വളർച്ച നിലച്ചിട്ടും ലോകകപ്പ് വേദിയിലും തിളങ്ങി ഗാനിം അൽ മുഫ്താഹ്

ഫുട്‌ബോൾ കളിക്കും, റോക്ക് ക്ലൈംബിംഗ് ചെയ്യും, നീന്തും, സ്‌കൂബ ഡൈവ് ചെയ്യും; ലോകകപ്പ് അംബാസിഡറായി ഗാനിം അൽ മുഫ്താഹ്

MediaOne Logo

Web Desk

  • Updated:

    2022-11-21 13:08:57.0

Published:

20 Nov 2022 3:04 PM GMT

ഒരു സ്വപ്‌നവും വലുതല്ല; അരയ്ക്ക് താഴെ വളർച്ച നിലച്ചിട്ടും ലോകകപ്പ് വേദിയിലും തിളങ്ങി ഗാനിം അൽ മുഫ്താഹ്
X

''എന്റെ പേര് ഗാനിം അൽമുഫ്താഹ്, കൗഡൽ റിഗ്രഷൻ സിൻഡ്രോം (സിഡിഎസ്) എന്ന അരയ്ക്ക് താഴേക്കുള്ള വളർച്ച മുരടിക്കുന്ന അസുഖ ബാധിതനാണ് ഞാൻ. എന്റെ മാതാപിതാക്കൾ എനിക്ക് പോർക്കളങ്ങളിലെ വിജയിയെന്ന് അർഥം വരുന്ന ഗാനിം എന്നാണ് പേരിട്ടത്. അതിനാൽ തന്നെ ഒരു സ്വപ്‌നവും വലുതല്ലെന്ന് ലോകത്തിന് മുമ്പിൽ കാണിച്ചുകൊടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതോടൊപ്പം ഒരു ഭിന്നശേഷിക്കും സ്വപ്‌നങ്ങളിൽ നിന്ന് നിങ്ങളെ പിടിച്ചുകെട്ടാനാകില്ലെന്നും കാണിക്കാൻ ഞാൻ കൊതിക്കുന്നു'' കഴിഞ്ഞ ആഗസ്ത് പത്തിന് ഗാനിം അൽ മുഫ്താഹെന്ന 20കാരനായ ഭിന്നശേഷിക്കാരനെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് അംബാഡിറായി ഫിഫ ട്വിറ്ററിൽ പരിചയപ്പെടുത്തിയ വീഡിയോയിലെ വാക്കുകളാണിത്.

ആത്മവിശ്വാസം തുളുമ്പുന്ന ഈ വാക്കുകൾ വെറുതെയല്ലെന്ന് ലോകകപ്പ് ടൂർണമെൻറിന്റെ അംബാസിഡർ പദവി വരെയെത്തി അന്ന് തന്നെ തെളിയിക്കുകയായിരുന്നു ഗാനിം. ഇന്ന് ഉദ്ഘാടന മത്സരവേദിയിലും ഗാനിം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഉദ്ഘാടനത്തിന് മുന്നോടിയായി നിരവധി പരിപാടികൾ നടന്നപ്പോൾ വിശുദ്ധ ഖുർആൻ പാരായണത്തിനായി സംഘാടകർ തിരഞ്ഞെടുത്തത് ഗാനിമിനെയായിരുന്നു. നിലത്തിരുന്ന അമേരിക്കൻ നടനും സംവിധായകനുമായ മോർഗൻ ഫ്രീമാനുമായി ചേർന്ന് ഗാനിം ലോകകപ്പ് വേദിയിൽ സംസാരിച്ചതും അതിജീവിതത്തിന് കൊതിക്കുന്നവർക്ക്‌ ആവേശം പകരുന്ന കാഴ്ച്ചയായിരുന്നു.

2005 മേയ് അഞ്ചിനാണ് ഗാനിം ജനിച്ചത്. കൗഡൽ റിഗ്രഷൻ സിൻഡ്രോം എന്ന രോഗത്തിന് തന്റെ ജീവിതത്തെ മുരടിപ്പിക്കാൻ അനുവദിക്കാതെയാണ് ഈ കൊച്ചു പ്രതിഭ വളർന്നത്. പൊളിറ്റിക്കൽ സയൻസിൽ ബിരുദം പഠനം നടത്തുകയാണ്. വൈകല്യം ഉണ്ടായിരുന്നിട്ടും, സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റ്‌ബോർഡിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ കായിക വിനോദങ്ങളിൽ പങ്കെടുത്തുവരുന്നു.

ജനിക്കും മുമ്പേ ഗാനിമിനെ തേടി അമ്പുകളെത്തി തുടങ്ങിയിരുന്നു. ഭിന്നശേഷിയുള്ള കുഞ്ഞു പിറന്നാൽ അവനും മാതാവും ഏറെ സഹിക്കേണ്ടി വരും. അതിനാൽ ഗർഭചിദ്രം നടത്താൻ പലരും പറഞ്ഞു. പക്ഷേ ഗാനിമിന്റെ മാതാപിതാക്കൾ കേട്ടില്ല. അവർ ഗാനിമിന്റെ ഇരുകാലുകളായി കൂടെ നിൽക്കാൻ തീരുമാനിച്ചു. അതോടെ ഗാനിം അൽമുഫ്താഹ് ആദ്യ പോരാട്ടത്തിൽ വിജയിച്ച് ഭൂമിയിലെത്തി.

പിന്നീട് സ്‌കൂൾ കാലഘട്ടത്തിൽ പരിഹാസ കൂരമ്പുകൾ ഏറ്റുവാങ്ങി. മാതാവിന്റെ നിർദേശപ്രകാരം തന്റെ അവസ്ഥകളെ കുറിച്ച് സഹപാഠികളോട് സംസാരിച്ചു, അവരെ ബോധവത്കരിച്ചു. ഏറെ വെല്ലുവിളികൾ നേരിട്ട് മുന്നേറിയ ഗാനിം ഇപ്പോൾ സമൂഹ മാധ്യമ സെൻസേഷനാണ്.

വിവിധ ബ്രാൻഡുകളുടെ അംബാസിഡർ, ഗുഡ്‌വിൽ അംബാസിഡർ, സംരംഭകൻ, സമൂഹ മാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് പേർ പിന്തുടരുന്നയാൾ എന്നിങ്ങനെ ഗാനിം പ്രശസ്തിയുടെ പടവുകൾ കയറുകയാണ്. ഏറ്റവുമൊടുവിൽ ഖത്തറിൽ കാൽപ്പന്തിന്റെ പെരുങ്കളിയാട്ടം അരങ്ങേറുമ്പോൾ ഗാനിമിന്റെ പെരുമയും വിശ്വത്തോളമുയരുന്നു.

കായിക ഇനങ്ങൾ തന്റെ ജീവിതത്തിന്റെ പ്രധാന ഘടകമായിരുന്നുവെന്നാണ് ഗാനിം റോഡ് ടു2022 എന്ന ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്. തന്റെ വ്യക്തിഗത വളർച്ചക്കും ഇക്കാര്യം ഏറെ പ്രയോജനകരമായെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ നീന്തും,സ്‌കൂബ ഡൈവ് ചെയ്യും, ഫുട്‌ബോൾ കളിക്കും... എന്റെ രാജ്യത്തെയും സമൂഹത്തെയും പ്രതിനിധീകരിച്ച് ഫിഫ ലോകകപ്പ് അംബാസിഡറാകാൻ എനിക്കേറെ പ്രൗഡിയുണ്ട്. എനിക്ക് കൈമാറാനുള്ള സന്ദേശം എല്ലാവരെയും ഉൾക്കൊള്ളണമെന്നാണ്. സമാധാനവും മാനവിക ഐക്യവും പുലർത്തണമെന്നാണ്.'' ഗാനിം പറഞ്ഞു.

ഭിന്നശേഷിക്കാരനായിരിക്കെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലസരമോ മതിയായ ചികിത്സയോ വിദ്യാഭ്യാസമോ ലഭിക്കാത്ത നിരവധി അരികുവത്കരിക്കപ്പെട്ടവരുണ്ടെന്നും ഭിന്നശേഷിക്കാർക്ക് അവ വകഞ്ഞുമാറ്റി മുന്നേറാൻ കഴിയുമെന്നും ആ അവസ്ഥക്കിടയിലും വ്യത്യാസങ്ങൾ കണ്ടെത്തുന്ന അതേതരത്തിൽ നമുക്ക് സാമ്യതകൾ കണ്ടെത്താനാകുമെന്നും ഗാനിം ഓർമിപ്പിച്ചു.

ഖത്തറിൽ ഫുട്‌ബോൾ ലോകകപ്പ് ആസ്വദിക്കാനെത്തുന്ന ഭിന്നശേഷിക്കാർക്കായി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Ghanim Al Muftah shines on stage of Qatar Football World Cup after suffering from caudal regression syndrome

TAGS :

Next Story