Quantcast

വെടിനിർത്തൽ കരാറിലെത്താൻ നെതന്യാഹുവിന് താൽപ്പര്യമില്ലെന്ന് ഹമാസ്

‘ഹമാസ് അതിന്റെ നിലപാടിൽ എന്നും പ്രതിജ്ഞാബദ്ധമാണ്’

MediaOne Logo

Web Desk

  • Published:

    13 Feb 2024 2:18 PM GMT

hamas leader osama hamdan
X

ലെബനാൻ: വെടിനിർത്തൽ സംബന്ധിച്ച് ഇസ്രായേൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഗൗരവതരമല്ലെന്നും കരാറിലെത്താൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന് താൽപ്പര്യമില്ലെന്നും ലെബനാനിലെ ഹമാസ് നേതാവ് ഒസാമ ഹംദാൻ. പാരീസിലെ ചർച്ചയിൽ ഉയർന്ന തീരുമാനങ്ങളിൽനിന്ന് പിൻവാങ്ങലാണ് ഇസ്രായേലിന്റെ നിർദേശങ്ങൾ. ബന്ദികളെ മോചിപ്പിക്കുന്നതിൽ ഇസ്രായേലിന് ഗൗരവമില്ലെന്ന് ഇത് തെളിയിക്കുന്നു.

പാരീസിൽ മുന്നോട്ടുവച്ച നിർദ്ദേശത്തോടുള്ള ഇസ്രായേലിന്റെ പ്രതികരണങ്ങൾ കെയ്‌റോയിലെ ഹമാസ് പ്രതിനിധികൾ ചർച്ച ചെയ്തു. കരാർ യാഥാർഥ്യമാകാതിരിക്കാനുള്ള തടസ്സങ്ങൾ ഇസ്രായേൽ കൊണ്ടുവരികയാണ്.

സഞ്ചാര സ്വാതന്ത്ര്യം, അഭയാർഥികളുടെ തിരിച്ചുവരവ്, ഗസ്സയിൽനിന്ന് സൈന്യത്തെ പിൻവലിക്കൽ എന്നിവ സംബന്ധിച്ച് ഇസ്രായേൽ ഉറപ്പുനൽകുന്നില്ല. പരിക്കേറ്റവരുടെ വിദഗ്ധ ചികിത്സക്കായി അതിർത്തികൾ തുറക്കാനുള്ള പദ്ധതിയുമില്ല.

കരാർ നടപ്പാക്കുന്നത് നീട്ടി​ക്കൊണ്ടുപോകുന്ന നയമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റേത്. കരാറിലെത്താൻ അദ്ദേഹത്തിന് താൽപ്പര്യമില്ല. യുദ്ധം തുടരാനും തന്റെ രാഷ്ട്രീയ ഭാവിയുമായി ബന്ധപ്പെട്ട വ്യക്തിപരമായ പരിഗണനകൾക്കുമാണ് അദ്ദേഹം സമയം കണ്ടെത്തുന്നത്.

ഹമാസ് അതിന്റെ നിലപാടിൽ എന്നും പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ ജനങ്ങൾക്കെതിരായ ആക്രമണത്തിന് വിരാമമിട്ടുകൊണ്ട് ഒരു കരാറിലെത്താൻ അന്നും ഇന്നും താൽപ്പര്യമുണ്ട്. ഗസ്സയിൽനിന്ന് അധിനിവേശ സൈന്യത്തെ പിൻവലിക്കുക, ജനങ്ങൾക്ക് ആശ്വാസം നൽകുക, അവരവരുടെ പ്രദേശങ്ങളിലേക്ക് മടങ്ങിയെത്താനാവുക, പുനർനിർമ്മാണം, ഗസ്സയിലെ ഉപരോധം പിൻവലിക്കുക, തടവുകാരെ കൈമാറ്റം പൂർത്തിയാക്കുക തുടങ്ങിയവ ഹമാസിന്റെ ലക്ഷ്യങ്ങളാണ്.

എന്നാൽ, യാഥാർത്ഥ്യത്തിൽ നിന്ന് രക്ഷപ്പെടുകയും ജനങ്ങളോട് കള്ളം പറയുകയുമാണ് നെതന്യാഹു. അദ്ദേഹം ഇപ്പോഴും ഖാൻ യൂനിസിലെ തെരുവുകളിൽ കുടുങ്ങിക്കിടക്കുന്നു എന്നതാണ് ലോകം മുഴുവൻ കാണുന്ന സത്യമെന്നും ഹംദാൻ പറഞ്ഞു.

വെടിനിർത്തൽ സംബന്ധിച്ച് ചൊവ്വാഴ്ച കെയ്റോയിൽ അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസി തലവനും ഇസ്രായേൽ ചാര സംഘടനയായ മൊസാദിന്റെ തലവനും ചർച്ച നടത്തുന്നുണ്ട്. ഈജിപ്ത്, ഖത്തർ പ്രതിനിധികൾ ചർച്ചയിൽ പ​ങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം, തെക്കൻ ഗസ്സയിൽ കഴിഞ്ഞദിവസം മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഒക്ടോബർ ഏഴിന് ശേഷം കൊല്ലപ്പെട്ട ഇസ്രായേൽ അധിനിവേശ സൈനികരുടെ എണ്ണം 569 ആയി.

ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആസൂത്രിത വംശഹത്യയിൽ ഇതുവരെ 28,340 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 67,984 ആയി.

TAGS :

Next Story