Quantcast

ഇസ്രായേലിനെതിരെ ഇറാൻ നടത്തിയത് സ്വാഭാവിക പ്രതികരണമെന്ന് ഹമാസ്

ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ

MediaOne Logo

Web Desk

  • Published:

    14 April 2024 7:49 AM GMT

iran against israel
X

ഇറാന്റെ ആക്രമണത്തിന് പിന്നാലെ തെഹ്റാനിലെ ഫലസ്തീൻ സ്ക്വയറിൽ ‘അടുത്ത അടി കൂടുതൽ കഠിനമായിരിക്കും’ എന്ന് എഴുതിയ ബാനർ സ്ഥാപിച്ചപ്പോൾ

ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ സൈനിക നടപടി സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് ഹമാസ്. ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ച് നിരവധി റെവല്യൂണറി ഗാർഡ് നേതാക്കളെ വധിച്ച കുറ്റകൃത്യത്തിനുള്ള അർഹമായ മറുപടിയാണിത്.

ഇസ്രായേലിന്റെ ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാനുള്ള രാജ്യങ്ങളുടെയും അവിടത്തെ ജനങ്ങളുടെയും അവകാശത്തെ തങ്ങൾ അംഗീകരിക്കുന്നു. അറബ്, ഇസ്‍ലാമിക രാഷ്ട്രങ്ങളോടും ലോകത്തെ സ്വത​ന്ത്ര ജനതയോടും മേഖലയിലെ പ്രതിരോധ ശക്തികളോടും തങ്ങളെ പിന്തുണക്കുന്നത് തുടരണമെന്ന് അഭ്യർഥിക്കുകയാണ്. ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും ജറുസലേമിനെ തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും പിന്തുണ വേമെന്നും ഹമാസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ശനിയാഴ്ച രാത്രിയാണ് ഇസ്രായേലിനെതിരെ ഇറാൻ ആക്രമണം അഴിച്ചുവിട്ടത്. നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളുമാണ് ഇറാൻ അയച്ചത്. ഇതിൽ ഭൂരിഭാഗവും തടയാൻ സാധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു.

ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സുരക്ഷ മന്ത്രി ബെൻഗിവിറും പറഞ്ഞു. അതേസമയം, ഇറാനെ തിരിച്ചടിക്കാനുള്ള നടപടിയെ പിന്തുണക്കില്ലെന്ന് അമേരിക്ക ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി.

ഒമാൻ കടലിലും പേർഷ്യൻ ഗൾഫിലൂടെയും സഞ്ചരിക്കുന്ന ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾ പിടിച്ചെടുക്കുമെന്ന് ഇറാൻ വ്യക്തമാക്കി. കഴിഞ്ഞദിവസം ഇത്തരത്തിൽ ഒരു കപ്പൽ പിടികൂടിയിരുന്നു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് എംബസി ജാഗ്രത നിർദേശം നൽകി. എംബസിയിൽ രജിസ്റ്റർ ചെയ്യാത്തവർ അടിയന്തരമായി രജിസ്റ്റർ ചെയ്യണം. 00972 547520711, 00972 543278392 എന്നീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട വ്യോമപാത ജോർദാനും ഇസ്രായേലും ഇറാഖും വീണ്ടും തുറന്നു. മണിക്കൂറുകൾക്ക് ശേഷമാണ് പാത തുറക്കുന്നത്.

TAGS :

Next Story