ഗസ്സ വെടിനിർത്തൽ കരാറിലെ മൂന്നാംഘട്ട ബന്ദി കൈമാറ്റം ഇന്ന്; ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി ഇസ്രായേലിൽ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ് ഇസ്രായേലിലെത്തി നേതാക്കളുമായി ചർച്ച ആരംഭിച്ചു

ഗസ്സസിറ്റി: വെടിനിർത്തൽ ആദ്യഘട്ടത്തിന്‍റെ ഭാഗമായുള്ള മൂന്നാമത് ബന്ദികൈമാറ്റവും തടവുകാരെ വിട്ടയക്കലും ഇന്ന്.
അർബൽ യെഹോദ് ഉൾപ്പെടെ മൂന്ന് വനിതാ ബന്ദികളെയും അഞ്ച് തായ്ലാന്റ് തൊഴിലാളികളെയും ഇന്ന് മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. 29കാരി അർബൽ യെഹോദിനു പുറമെ എൺപതു വയസുള്ള ഗാദി മോസസ്, ഇസ്രായേൽ വനിതാ സൈനിക അഗാം ബെർഗർ എന്നിവരെയാണ് ഇന്ന് ഹമാസ് കൈമാറുക. ശനിയാഴ്ച നടക്കേണ്ട ബന്ദിമോചനം ഇസ്രായേൽ ആവശ്യപ്രകാരം മധ്യസ്ഥ രാജ്യങ്ങളുടെ ഇടപെടലിനെ തുടർന്ന് ഇന്നേക്ക് മാറ്റുകയായിരുന്നു.
അതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ് ഇസ്രായേലിലെത്തി നേതാക്കളുമായി ചർച്ച ആരംഭിച്ചു. ഗസ്സയിലെ നെത്സറിം, ഫിലാഡൽഫി ഇടനാഴികളിലും അദ്ദേഹം സന്ദർശനം നടത്തി. ഈ മാസം 19ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന്‍റെ പുരോഗതി വിലയിരുത്തുകയും തുടർ ചർച്ചകൾക്ക് വഴിയൊരുക്കുകയുമാണ് സ്റ്റിവ് വിറ്റ്കോഫിന്റെ സന്ദർശന ലക്ഷ്യം.
വെടിനിർത്തൽ കരാറിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച് ഔപചാരിക ചർച്ച തിങ്കളാഴ്ച ദോഹയിൽ ആരംഭിക്കാനിരിക്കെ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള സ്റ്റിവ് വിറ്റ്കോഫിന്റെ കൂടിക്കാഴ്ച നിർണായകമാകും.
മൂന്ന് ദിവസം മുമ്പാണ് ഫലസ്തീനികൾക്ക് വടക്കൻ ഗസ്സയിലേക്ക് മടങ്ങാൻ ഇസ്രായേൽ അനുമതി നൽകിയത്. ഇതിനകം അഞ്ച് ലക്ഷത്തിലേറെ ഫലസ്തീനികളാണ് വടക്കൻ ഗസ്സയിൽ തിരിച്ചെത്തിയത്.പതിനഞ്ചു മാസം നീണ്ട യുദ്ധത്തിലൂടെ ഇസ്രായേൽ തകർത്തെറിഞ്ഞ പ്രദേശത്ത് തിരിച്ചെത്തിയ ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാണ്. 'യുനർവ' ഏജൻസിക്ക് ഇസ്രായേൽ വിലക്ക് ഏർപ്പെടുത്തിയത് ഗസ്സയിലുടനീളം ഭക്ഷ്യസഹായ വിതരണവും പ്രതിസന്ധിയിലാക്കി.
യുനർവ വിലക്ക് ഉടൻ പിൻവലിക്കണമെന്ന് യുഎന്നും അറബ് മുസ്ലിം രാജ്യങ്ങളും ആവശ്യപ്പെട്ടു.
Adjust Story Font
16

