Quantcast

'ഭൂമിയിലെ നരകം': ഓഷ്വിറ്റ്സ് എന്ന മരണത്തടവറയും, നാസി ക്രൂരതകളും

നാസി ക്യാമ്പിൽ നിന്ന് അതിജീവിച്ച മരിയന്‍ ടര്‍സ്‌കിക്ക് ഇപ്പോൾ 98 വയസ്സാണ് പ്രായം... അന്ന് നടന്ന സംഭവങ്ങൾ വിവരിക്കുന്നതിനിടെ ഇന്നും യഹൂദവിരുദ്ധത വർധിച്ചുവരുന്നതായി അവർ ചൂണ്ടിക്കാട്ടുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    28 Jan 2025 3:44 PM IST

ഭൂമിയിലെ നരകം: ഓഷ്വിറ്റ്സ് എന്ന മരണത്തടവറയും, നാസി ക്രൂരതകളും
X

ശ്വാസമെടുക്കുമ്പോൾ വായുവിൽ പച്ചമാംസം കരിഞ്ഞ ഗന്ധമായിരുന്നു... ആകാശത്തിന് കടുത്ത ചുവപ്പ് നിറവും... അതെന്താണെന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞത് നമ്മളെ പോലെയുള്ള മനുഷ്യരാണെന്നായിരുന്നു... അന്നെനിക്കത് മനസിലായില്ല.. നാസി തടങ്കൽപാളയമായ ഓഷ്വിറ്റ്സിൽ നിന്ന് അതിജീവിച്ച സീജ സ്റ്റോജ്‌ക ഹോളോകോസ്റ്റ് ഓർമകൾ പങ്കുവെച്ച് തുടങ്ങിയത് ഇങ്ങനെയായിരുന്നു. ജനുവരി 27 ഇൻ്റർനാഷണൽ ഹോളോകോസ്റ്റ് അനുസ്‌മരണ ദിനമാണ്... ജൂതന്മാരിൽ മൂന്നിലൊന്ന് ആളുകളെയും വംശഹത്യക്ക് വിധേയമാക്കിയ ഹോളോകോസ്റ്റിൻ്റെ ഇരകളെ അനുസ്‌മരിക്കുന്ന ഈ അന്താരാഷ്ട്ര സ്‌മാരക ദിനത്തിൽ നാസി കോൺസൻട്രേഷൻ ക്യാമ്പുകൾ നിന്ന് അതിജീവിച്ചവർ അവരുടെ യാതനകളും അനുഭവിച്ച ക്രൂരതകളുമെല്ലാം പങ്കുവെക്കാറുണ്ട്...

ക്രൂരതകള്‍ക്ക് വേദിയൊരുക്കിയ ഓഷ്വിറ്റ്‌സ് ബെര്‍ക്കനോവിലായിരുന്നു ഇത്തവണ ഹോളോകോസ്റ്റ് അനുസ്‌മരണത്തിന്റെ എൺപതാം വാർഷികം. ചാൾസ് മൂന്നാമനും ചടങ്ങിൽ പങ്കെടുത്തിരുന്നു... നാസി കോൺസൻട്രേഷൻ ക്യാമ്പുകളിലെ യാതനകളും കൊടുംക്രൂരതകളും ഓരോന്നോരാന്നായി വിശദീകരിച്ച് തുടങ്ങിയപ്പോൾ വളരെ വികാരാധീനനായി ചാൾസ് രാജാവ് ഇതെല്ലാം കേട്ടുനിന്നു.. നാസി ക്യാമ്പിൽ നിന്ന് അതിജീവിച്ച മരിയന്‍ ടര്‍സ്‌കിക്ക് ഇപ്പോൾ 98 വയസ്സാണ് പ്രായം... അന്ന് നടന്ന സംഭവങ്ങൾ വിവരിക്കുന്നതിനിടെ ഇന്നും യഹൂദവിരുദ്ധത വർധിച്ചുവരുന്നതായി അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. പലർക്കും പറയാനുള്ളത് നേരിടേണ്ടി വന്ന ക്രൂരതകൾ തന്നെയായിരുന്നു... ക്രൂരതയുടെ അങ്ങേയറ്റം വിവരിക്കാൻ വാക്കുകൾ കിട്ടാതെ പലരും കുഴയുന്നുണ്ട്... ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തിലെ ആ ഓർമകളിലേക്കാണ്...

മരണത്തിന്റെ തടവറകൾ

എൺപത് വർഷങ്ങൾക്ക് മുൻപ്, തെക്കൻ പോളണ്ടിലെ സൈലേഷ്യൻ മേഖലയിലെ നാസി ഉന്മൂലന ക്യാമ്പായ ഓഷ്വിറ്റ്സ്-ബിർകെനൗവിൽ നിന്ന് അതിജീവിച്ചവരെ സോവിയറ്റ് റെഡ് ആർമി മോചിപ്പിച്ചു. ക്യാമ്പിന്റെ ഭീകരതയുടെ ആദ്യ യഥാർഥ കാഴ്‌ച ലോകം കാണുന്നത് സഖ്യകക്ഷികളുടെ വരവോടെയാണ്... നാസികൾ, 1939 മുതൽ 1945 വരെ ജർമ്മനിയിലും അതിന്റെ അധിനിവേശ പ്രദേശങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി 44,000-ത്തിലധികം ക്യാമ്പുകളാണ് സ്ഥാപിക്കുന്നത്. ഈ വിശാലമായ ശൃംഖലയെ ലാഗർ എന്നാണ് വിളിച്ചിരുന്നത്. വംശീയ വിഭാഗങ്ങൾക്കും രാഷ്ട്രീയ തടവുകാർക്കും വേണ്ടിയുള്ള തടങ്കൽപ്പാളയങ്ങൾ, IG ഫാർബെൻ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ കോം‌ഗ്ലോമറേറ്റ്, ക്രുപ്പ് എഞ്ചിനീയറിംഗ് കമ്പനി പോലുള്ള ജർമ്മൻ സ്ഥാപനങ്ങൾ ഉൾപ്പടെ, അടിമകളക്കിയ തടവുകാർ വ്യാവസായിക- കാർഷിക ജോലികൾ ചെയ്‌തിരുന്ന ലേബർ ക്യാമ്പുകൾ, മറ്റ് ക്യാമ്പുകളിലേക്ക് കടത്തിക്കൊണ്ട് പോകുന്നതിന് മുമ്പ് തടവുകാരെ പാർപ്പിക്കുന്നതിനുള്ള ട്രാൻസിറ്റ് ക്യാമ്പുകൾ, ആളുകളെ കൊല്ലാൻ കൊണ്ടുപോവുന്ന ആറ് ഉന്മൂലന ക്യാമ്പുകൾ ഇങ്ങനെ 44,000ത്തിലധികം ക്യാമ്പുകൾ അന്ന് നാസികൾ സ്ഥാപിച്ചിരുന്നു.

ഇത്തരത്തിലുള്ള നിരവധി ക്യാമ്പുകൾ ഉണ്ടായിരുന്ന ഒരു സമുച്ചയമായിരുന്നു ഓഷ്വിറ്റ്സ്. രണ്ടാംലോകമഹായുദ്ധകാലത്തെ ജർമൻ നിയന്ത്രിത യൂറോപ്പിലെ നാസി തടങ്കൽപാളയം. മരണ ക്യാമ്പുകളിൽ ഏറ്റവും വലുതും ഇതുതന്നെയായിരുന്നു. യഹൂദർ എന്ന പ്രശ്നത്തിന് നാസികൾ അന്തിമപരിഹാരം കാണുന്ന പ്രധാന സ്ഥലമായിരുന്നു ഓഷ്വിറ്റ്സിലെ ക്യാമ്പുകൾ. 1939 സെപ്തംബറിൽ പോളണ്ടിനെ ആക്രമിച്ചുകൊണ്ട് ജർമ്മനി രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടപ്പോൾ ഷുട്സ്റ്റാഫൽ സൈനിക ബാരക്കായിരുന്ന ഓഷ്വിറ്റ്സ് I-നെ യുദ്ധത്തടവുകാരുടെ ക്യാമ്പാക്കി മാറ്റി. പോളണ്ടുകാരായിരുന്നു ഓഷ്വിറ്റ്സിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാർ.

1940 മെയിൽ, നാസി ജർമ്മനി, ജർമ്മൻ കുറ്റവാളികളെ ഈ ക്യാമ്പിലേക്ക് ഉദ്യോഗസ്ഥരായി നിയമിച്ചു. ഇവിടെ നിന്നാണ് 'ഭൂമിയിലെ നരകം' എന്ന വിളിപ്പേര് നാസി ക്യാമ്പുകൾക്ക് വന്നുവീഴുന്നത്. യൂറോപ്പിലുടനീളമുള്ള ട്രാൻസിറ്റ് ക്യാമ്പുകളിൽ നിന്നും ജോലി ചെയ്യാൻ യോഗ്യരല്ലെന്ന് കണ്ടെത്തുന്ന ആളുകളെ നേരെ ലേബർ ക്യാമ്പുകളിൽ നിന്നും ഓഷ്വിറ്റ്സിലേക്കാണ് അയച്ചിരുന്നത്. ചിലരെ ഓഷ്വിറ്റ്സിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് നിർബന്ധിത ജോലിക്ക് ഉപയോഗിക്കുന്നതിനായും അയച്ചിരുന്നു.

നിസ്സാര കാരണങ്ങളുടെ പേരിൽ തടവുകാരെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും പിന്നീട് കൊന്നുകളയുകയും ചെയ്യുന്നത് ക്യാമ്പുകളിലെ വളരെ സാധാരണ കാഴ്‌ചയായി മാറി. പ്രധാനമായും പോളിഷ് രാഷ്ട്രീയ തടവുകാർക്കായി സ്ഥാപിച്ച ഓഷ്വിറ്റ്സ് Iലേക്ക് പിന്നീട് ജൂതന്മാരും നാസികളുടെ കണ്ണിൽ പിടിക്കാത്ത പലരും എത്തിച്ചേരുന്നുണ്ട്. തെക്കൻ പോളണ്ടിലെ ഓസ്വീസിം പട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്യാമ്പ് നാസികൾ തന്ത്രപരമായി ഒരു ഇടതൂർന്ന റെയിൽവേ ശൃംഖലയുമായാണ് ബന്ധിപ്പിച്ചിരുന്നത്. യൂറോപ്പിലുടനീളമുള്ള സ്ഥലങ്ങളിൽ നിന്ന് തടവിലാക്കപ്പെട്ടവരെ ക്യാമ്പുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് കാര്യക്ഷമമായി കൊണ്ടെത്തിക്കാനായി ഈ പദ്ധതി സഹായിച്ചു.

കൊലയാളി യന്ത്രം

ഓഷ്വിറ്റ്സ് II-ബിർകെനൗ 1941ലും 1942 ലും ബ്രെസിങ്ക ഗ്രാമത്തിൽ നിർമ്മിച്ചതാണ്. ഓഷ്വിറ്റ്സ് I ൽ നിന്ന് ഏകദേശം 3 കിലോമീറ്റർ മാത്രം ദൂരമാണ് ഈ ക്യാമ്പിലേക്ക് ഉണ്ടായിരുന്നത്. നാസി സംവിധാനത്തിലെ ഏറ്റവും വലിയ ഉന്മൂലന, നിർബന്ധിത തൊഴിൽ ക്യാമ്പായാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഗ്യാസ് ചേമ്പറുകളും ശ്മശാനങ്ങളും ഇതിനുള്ളിൽ സജ്ജീകരിച്ചിരുന്നു. ഐൻസാറ്റ്‌സ്‌ഗ്രൂപ്പൻ പാരാമിലിറ്ററി ഡെത്ത് സ്ക്വാഡുകൾക്കൊപ്പം, ഹോളോകോസ്റ്റിന്റെ സമയത്ത് ഓഷ്വിറ്റ്സ് ഏറ്റവും വലിയ ഒറ്റ കൊലയാളി യന്ത്രമായാണ് പ്രവർത്തിച്ചിരുന്നത്. നാല് വർഷത്തെ പ്രവർത്തനത്തിനിടെ തടവിലാക്കിയ 13 ലക്ഷം ആളുകളിൽ 11 ലക്ഷം പേരെയും കൊന്നുതള്ളി.

ഒരേസമയം 90,000 തടവുകാരെയാണ് ഓഷ്വിറ്റ്സിൽ കൈകാര്യം ചെയ്‌തിരുന്നത്‌. വൃത്തിയാക്കൽ, മറ്റ് തടവുകാരുടെ മേൽനോട്ടം വഹിക്കൽ, ഗ്യാസ് ഓവനുകളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കൽ, പല്ലുകളും സ്ത്രീകളുടെ മുടിയും നീക്കം ചെയ്യൽ, മൃതദേഹങ്ങൾ കത്തിക്കൽ, . ഫാക്ടറികൾ, ക്വാറികൾ, ഫാമുകൾ തുടങ്ങി പുറത്തുള്ള സ്ഥലങ്ങളിൽ കഠിനമായ ജോലി ചെയ്യൽ തുടങ്ങി തടവുകാർ ചെയ്യേണ്ടി വന്ന കാര്യങ്ങൾ നിരവധിയാണ്. പകൽ സമയം മുഴുവൻ കഠിനമായ ജോലി ചെയ്‌ത്‌ രാത്രിയാണ് തടവുകാരെ തിരികെ ക്യാമ്പുകളിലേക്ക് കൊണ്ടുവരിക. 1.5 മീ. നീളവും വീതിയും മാത്രമുള്ള ഇടുങ്ങിയ സെല്ലിനുള്ളിൽ നാലു പേരെ വീതം രാത്രി മുഴുവൻ നിർത്തുകയാണ് ചെയ്യാറ്.

തടവുകാരെ നിയന്ത്രിക്കാനായി സാധാരണ ജർമൻ കുറ്റവാളികളെയാണ് തിരഞ്ഞെടുത്തിരുന്നത്. ഇവർ അറിയപ്പെട്ടിരുന്നത് 'കാപ്പോ' എന്നാണ്. തടവുകാരെ തിരിച്ചറിയാനായി വസ്‌ത്രങ്ങളിൽ പ്രത്യേക അടയാളങ്ങൾ ഉണ്ടായിരുന്നു. കഠിനമായ ജോലിയും, ഭക്ഷണമില്ലായ്മയും വൃത്തിഹീനമായ ചുറ്റുപാടുകളും കാരണം ഓരോ നിമിഷവും ഇവിടങ്ങളിലെ മരണസംഖ്യ ഉയർന്നുകൊണ്ടേയിരുന്നു. നിയമം തെറ്റിക്കുന്നവരെ തടവറക്കുള്ളിലെ മറ്റൊരു തടവറയായിരുന്ന ബ്ലോക്ക്‌ 11-ൽ ആയിരുന്നു താമസിപ്പിച്ചത്‌. ഇവിടേക്ക് കൊണ്ടുപോയവരെ പിന്നീട് ഗ്യാസ് ഓവനുകളിൽ നിന്ന് ജീവനറ്റ് പുറത്തെടുക്കുകയായിരുന്നു പതിവ്.

സ്റ്റാർവേഷൻ സെൽ എന്നറിയപ്പെടുന്ന ഇരുട്ടറയിൽ പട്ടിണിക്കിട്ട് കൊന്നുകളയും. വളരെ ചെറിയൊരു ജനാലപ്പാളി മാത്രമായിരുന്നു ഈ തടവറയിൽ ഉണ്ടായിരുന്നത്. ഇതിനുള്ളിലെ ഓക്‌സിജൻ അളവ്‌ പെട്ടെന്നു കുറക്കാൻ വേണ്ടി മെഴുകുതിരികൾ കത്തിച്ചുവെക്കുമായിരുന്നു. ശ്വാസംമുട്ടിച്ച് കൊല്ലുന്നതായിരുന്നു മറ്റൊരു രീതി. തടവുകാരുടെ ചുമലെല്ലുകൾ തെറ്റുന്ന വിധത്തിൽ കൈകൾ പിന്നിൽ കെട്ടി ദിവസങ്ങളോളം തൂക്കിയിടും. ബ്ലോക്ക്‌ 10-നും 11-നും ഇടയ്ക്കായിരുന്നു എക്സിക്യൂഷൻ യാർഡ്‌. ചുമരിനോട്‌ ചേർത്ത്‌ നിർത്തി വെടിവെച്ച്‌ കൊല്ലുന്നതും തൂക്കിക്കൊല്ലുന്നതും ആയിരുന്നു ഇവിടത്തെ രീതി. സോവിയറ്റ്, പോളിഷ് തടവുകാരുടെ മേലുള്ള ആദ്യത്തെ വിഷവാതകപ്രയോഗം നടന്നത് 1941 ആഗസ്‌റ്റിൽ ഓഷ്‌വിറ്റ്‌സ് I-ൽ വച്ചാണ്.

മരണത്തിന്റെ മാലാഖ

വൈദ്യശാസ്ത്ര പരീക്ഷണങ്ങൾക്കും കപട-ശാസ്ത്ര ഗവേഷണങ്ങൾക്കുമുള്ള ഒരു സ്ഥലം കൂടിയായിരുന്നു ഓഷ്വിറ്റ്സ്. തടവുകാരായ കുട്ടികളെ പോലും ഗിനിപ്പന്നികളെ പോലെ മെഡിക്കൽ പരീക്ഷണങ്ങൾക്ക് വിനിയോഗിച്ചു. 'മരണത്തിന്റെ മാലാഖ' എന്നറിയപ്പെടുന്ന ഡോ. ജോസഫ് മെംഗലെ ആയിരുന്നു ഓഷ്വിറ്റ്സിൽ നടത്തിയ ഭയാനകമായ പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ചയാൾ. ഇരട്ടകളിലും ശാരീരിക വൈകല്യങ്ങളുള്ള വ്യക്തികളിലുമാണ് കൂടുതൽ പരീക്ഷണങ്ങളും നടന്നത്. കണ്ണിന്റെ നിറം മാറ്റാൻ ശ്രമിക്കുന്നതിനായി കണ്ണുകളിൽ രാസവസ്തുക്കൾ കുത്തിവെക്കുക, രോഗപ്രതിരോധ പ്രതികരണങ്ങൾ പഠിക്കാൻ ബോധപൂർവ്വം അണുബാധയുണ്ടാക്കുക, ഇരട്ടകളിൽ ആരാണ് അതിജീവിക്കുക എന്നറിയാൻ ശരീരം കീറിമുറിച്ചിടുക എന്നിങ്ങനെ കപടമായ പല മെഡിക്കൽ പരീക്ഷണങ്ങൾക്കും തടവുകാർ വിധേയരായിരുന്നു.

പ്രത്യുത്പാദന അവയവങ്ങൾ ലക്ഷ്യമാക്കി നിർബന്ധിത റേഡിയേഷൻ, ഗർഭാശയത്തിലേക്കോ വൃഷണങ്ങളിലേക്കോ കാസ്റ്റിക് രാസവസ്തുക്കൾ കുത്തിവയ്ക്കൽ, അനസ്തേഷ്യ ഇല്ലാതെ ശസ്ത്രക്രിയാ വന്ധ്യംകരണം എന്നിവക്കും ഇക്കാലയളവിൽ ഇരകളാകുന്നത് പത്ത് ലക്ഷത്തിലേറെ തടവുകാരാണ്. ഓഷ്വിറ്റ്സ് മേധാവിയായിരുന്ന റുഡോൾഫ് ഹോസ് തന്റെ നിയന്ത്രണകാലഘട്ടത്തിൽ 30 ലക്ഷം പേരെ ഇവിടെ കൊല ചെയ്തുവെന്നു ന്യുറംബെർഗ്‌ വിചാരണാവേളയിൽ മൊഴിയും നൽകിയിട്ടുണ്ട്‌.

ഓഷ്വിറ്റ്സിലെ ഇരകളിൽ 90 ശതമാനവും ജൂതന്മാരായിരുന്നു. 1933ൽ യൂറോപ്പിലെ ജൂതരുടെ ജനസംഖ്യ 90 ലക്ഷമാണ്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ജർമനി ആക്രമിച്ചു കീഴടക്കാനിരുന്ന രാജ്യങ്ങളിലായിരുന്നു ഈ ജനസംഖ്യയുടെ സിംഹഭാഗവും താമസിച്ചിരുന്നത്. 1945ൽ യുദ്ധം അവസാനിക്കുമ്പോഴേക്കും യൂറോപ്പിലെ 67 ശതമാനം ജൂതരെയും ജർമൻ നാസികൾ കൊന്നുതള്ളിക്കഴിഞ്ഞിരുന്നു.

ഹോളോകോസ്റ്റ്

ജർമ്മൻ ആര്യവംശശുദ്ധിക്ക് കടുത്ത ഭീഷണിയായാണ് ജൂതരെ നാസികൾ കണ്ടിരുന്നത്. അധികാരം കിട്ടി തൊട്ടടുത്ത ദിവസം തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് യഹൂദരെ അകറ്റിനിർത്തുന്ന നടപടികൾക്ക് നാസികൾ തുടക്കമിടുന്നുണ്ട്. യഹൂദരുടെ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടിയും താങ്ങാനാകാത്ത നികുതി ചുമത്തിയും പലതരത്തിൽ ബുദ്ധിമുട്ടിച്ച് ജർമനിയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കിയിരുന്നു. ഇതൊന്നും പോര, പ്രശ്‌നത്തിന് അന്തിമ പരിഹാരം വേണമെന്ന ചർച്ചയിൽ നിന്നും ചിന്തകളിൽ നിന്നും നാസി പാർട്ടി കണ്ടെത്തിയ പരിഹാരമാണ് ജൂതരെ കണ്ടിടത്തുവെച്ച് കൊന്നുതള്ളുക എന്നത്.

അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജർമനിയുടെ ചാൻസലർ ആയി അവരോധിക്കപ്പെട്ട 1933ലാണ് നാസികൾ ജർമനിയിൽ പൂർണമായ അർത്ഥത്തിൽ സർവാധികാരത്തിലേറുന്നത്. ലോകത്തെ ഏറ്റവും വംശശുദ്ധിയുള്ളവർ ഞങ്ങളാണ്, ഞങ്ങൾ ആര്യന്മാരാണ് എന്ന അഹങ്കാരമായിരുന്നു നാസികൾ. തങ്ങളേക്കാൾ വംശീയമായി താഴെക്കിടയിൽ നിന്നിരുന്നവർ എന്ന് ഹിറ്റ്ലർക്ക് തോന്നുന്നവരെയെല്ലാം ജർമനിയിൽ നിന്ന് മാത്രമല്ല ഈ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കുന്നുണ്ട് ഹോളോകോസ്റ്റ് കാലത്ത്. ജൂതരെ കൂടാതെ റോമൻ ജിപ്സികൾ, അംഗവൈകല്യം ബാധിച്ചവർ, മാനസികമായ വളർച്ചയില്ലാത്തവർ, സ്ലാവിക് ജനത, റഷ്യൻ യുദ്ധത്തടവുകാർ, ആഫ്രിക്കൻ അമേരിക്കക്കാർ, കമ്യൂണിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, യഹോവാസാക്ഷികൾ, സ്വവർഗാനുരാഗികൾ, യാചകർ, വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ, മദ്യാസക്തർ എന്നിങ്ങനെ കണ്ണിൽപിടിക്കാത്ത എല്ലാ വിഭാഗക്കാരെയും കൊന്നുതള്ളി.

രണ്ടരലക്ഷത്തോളം റോമൻ ജിപ്‌സികൾ ഈ കാലയളവിൽ കൊല്ലപ്പെടുന്നുണ്ട്. അംഗപരിമിതിയും മാനസിക വളർച്ചയില്ലാത്തവരുമായ മറ്റൊരു രണ്ടര ലക്ഷത്തോളം പേരെയും കൊന്നുതള്ളി. വെടിവെച്ചുമാത്രം നാസികൾ പതിനഞ്ചു ലക്ഷം ജൂതരെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്. 1941 അവസാനത്തോടെ ജൂതരെ കൂട്ടത്തോടെ കൊല്ലാൻ നാസി ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത താരതമ്യേന ചെലവുകുറഞ്ഞൊരു മാർഗമായിരുന്നു ഗ്യാസ് ചേംബർ. വായുപ്രവേശമാർഗ്ഗമില്ലാത്ത ഒരു അറയ്ക്കുള്ളിലേക്ക് ആളുകളെ തള്ളിക്കയറ്റി വാതിലച്ച് അതിനുള്ളിലേക്ക് വിഷവാതകം പമ്പുചെയ്‌ത്‌ കയറ്റും. നിമിഷങ്ങൾക്കകം ആളുകൾ വീർപ്പുമുട്ടിയും വിഷവാതകം ശ്വസിച്ച് വായിൽ നിന്ന് നുരയും പതയും വന്നും ചത്തുമലയ്ക്കും. ഇങ്ങനെ ഗ്യാസ് ചേമ്പറുകളിൽ മരിച്ചുവീണവരുടെ എണ്ണം 30 ലക്ഷത്തോളം വരും.

ഓഷ്വിറ്റ്സിലെ ക്യാമ്പുകളിലേക്ക് കൊണ്ടുവന്നവരുടെ അവസ്ഥ ഇതിലും അതിദാരുണമായിരുന്നു. ഓരോ നിമിഷവും കൊടിയ പീഡനങ്ങളിലൂടെയാണ് അവർ കടന്നുപോയത്. കാപ്പോകളുടെ കൊടിയ പീഡനങ്ങൾ കൊണ്ടും കടുത്ത ജോലിഭാരം മൂലവും പട്ടിണി കൊണ്ടും ഇവിടെ പിടഞ്ഞുമരിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണ്.

രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുൻപും അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ്‌ ഹോളോകോസ്റ്റ്. ഏതാണ്ട് അറുപതു ലക്ഷത്തോളം ജൂതന്മാരെയാണ് ഇക്കാലത്ത് ഹിറ്റ്ലർ കൊന്നുതള്ളിയത്. ഇതിൽ 15 ലക്ഷത്തോളം കുട്ടികളും ഉണ്ട്. യൂറോപ്പിൽ ഉണ്ടായിരുന്ന 90 ലക്ഷം ജൂതന്മാരിലെ മൂന്നിൽ രണ്ടുഭാഗവും കൂട്ടക്കുരുതിക്ക് ഇരയായി. നാസികൾ കൂട്ടക്കൊല ചെയ്ത ജൂതരല്ലാത്തവരെയും കൂടി കൂട്ടിയാൽ ഏതാണ്ട് 110 ലക്ഷം ആളുകൾ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 1945 മെയ് 7ന് അഡോൾഫ് ഹിറ്റ്‌ലറിന്‍റെ ജർമനി സഖ്യസേനയ്ക്ക് മുന്നിൽ നിരുപാധികം ആയുധം വെച്ച് കീഴടങ്ങും വരെ അവർ ഈ അക്രമങ്ങൾ തുടർന്നു.

ക്രൂരതയുടെ നേർക്കാഴ്‌ചകൾ

സഖ്യസേന വഴി പുറത്തുവന്ന ചിത്രങ്ങളിലൂടെയാണ് ലോകം ആദ്യമായി നാസികൾ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നടത്തിയിരുന്ന ഹോളോകോസ്റ്റിന്റെ കൊടുംക്രൂരതകളെ കുറിച്ച് അറിയുന്നത്. ഈ ചിത്രങ്ങൾ തുടക്കത്തിൽ സഖ്യസേന പുറത്തുവിട്ടിരുന്നില്ല. കുറേക്കാലം കയ്യിൽക്കൊണ്ട് നടന്നിട്ടാണ് പിന്നീട് പുറംലോകത്തെത്തിക്കുന്നത്. 1944 ജൂലൈ 24ന് സഖ്യസേന ആദ്യമായി കണ്ടെത്തിയതും സ്വാതന്ത്രമാക്കിയ ക്യാമ്പും കിഴക്കൻ പോളണ്ടിലെ മയ്‌ദനെക്കിലെ ആയിരുന്നു. ഇതിന് ഒരു വർഷം കഴിഞ്ഞ്, ഫ്രാൻസ് വിമോചിതമായി ജനറൽ ചാൾസ് ഡി ഗോളെയുടെ നേതൃത്വത്തിൽ അവിടെ ഒരു ഗവൺമെന്റ് രൂപീകൃതമായ ശേഷമാണ് നാസി ക്യാമ്പിലെ വിവരങ്ങൾ പുറത്തുവിടാം എന്ന ഒരു ധാരണയുണ്ടാകുന്നത്.

1944ൽ സമ്പൂർണ പരാജയം ഉറപ്പിച്ച് കഴിഞ്ഞപ്പോൾ നാസി നേതാവ് ഹെൻറിച്ച് ഹെയിംലർ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നുണ്ട്. സഖ്യസേന എത്തും മുമ്പ് അതിർത്തിക്കടുത്തുള്ള ക്യാമ്പുകൾ ഒഴിപ്പിക്കണം, തടവുകാരെ കൂടുതൽ ഉൾഭാഗത്തേക്കുള്ള ജയിലുകളിലേക്ക് മാറ്റണം. ബാൾട്ടിക് ഭാഗത്ത് മുന്നേറിവരുന്ന സഖ്യസേന ആദ്യം എത്തിപ്പെടാൻ സാധ്യതയുള്ള പ്രദേശത്തായിരുന്നു ഓഷ്വിറ്റ്സ്- ബിർക്കേനൗ ഭാഗത്ത് കെട്ടിപ്പൊക്കിയിരുന്ന ഈ പടുകൂറ്റൻ ക്യാമ്പ്. 1944 പകുതിയായപ്പോഴേക്കും ഹിറ്റ്ലറുടെ പാരാമിലിട്ടറി പടയായ ഷുട്ട്സ്സ്റ്റാഫെൽ ക്യാമ്പ് ഒഴിപ്പിച്ച് തുടങ്ങിയിരുന്നു. ഓഷ്വിറ്റ്സിൽ നിന്ന് ലോസ്ളാവ് വരെയുള്ള 35 കിലോമീറ്റർ ദൂരം അൽപ ജീവൻ മാത്രമുള്ള ആ മനുഷ്യരെ കാൽനടയായാണ് കൊണ്ടുപോകുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും ഇതിൽ 15000 പേരും തളർന്നുവീണ് മരിച്ചിരുന്നു. ഈ നടത്തം ചരിത്രത്തിൽ പിന്നീട് അറിയപ്പെട്ടത് 'ഡെത്ത് മാർച്ച്' എന്ന പേരിലാണ്.

സോവിയറ്റ് സൈന്യം വന്നപ്പോൾ അവിടെ നിന്ന് മോചിപ്പിച്ചതാകട്ടെ ആകെ 7000 പേരെ മാത്രമാണ്. പട്ടിണി മൂലം അവിടെ കിടന്ന് ചാവാൻ നാസിപ്പട ഉപേക്ഷിച്ച് പോയതായിരുന്നു ഇവരെ. റെഡ് ആർമി കണ്ടതിന്റെയൊന്നും ചിത്രങ്ങൾ എങ്ങും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ അന്ന് ഇതൊന്നും വലിയ സ്വാധീനം ചെലുത്തിയിരുന്നില്ല. 1945 ഏപ്രിൽ ആറിന് ജർമനിയിലെ ബുക്കൻവാൾഡ് ക്യാമ്പിന്റെ ഒരു അനെക്സ് ആയിരുന്ന ഓഡ്രൂഫ് കണ്ടെത്തപ്പെട്ടതായിരുന്നു വഴിത്തിരിവ്. അമേരിക്കൻ യുദ്ധ റിപ്പോർട്ടർ മേയർ ലൈവിനും, എഎഫ്പിയുടെ ഫോട്ടോഗ്രാഫർ എറിക്ക് ഷ്വാബിനും ഒപ്പം അമേരിക്കൻ സൈന്യം അവിടെ എത്തുമ്പോൾ അവർക്ക്, ഇനിയും കത്തിത്തീർന്നിട്ടില്ലാത്ത തീ കാണാനായിരുന്നു. ഒപ്പം, തലയ്ക്ക് വെടിയുണ്ടയേറ്റ് കിടന്നു പിടച്ചുകൊണ്ടിരുന്ന എല്ലും തോലുമായ തടവുപുള്ളികളെയും.

നാസികൾ പ്രവർത്തിച്ച കൊടും ക്രൂരതകൾ ലോകത്തെത്തിച്ചത് സഖ്യസേനയുടെ സുപ്രീം കമാണ്ടർ ഡ്വൈറ്റ് ഐസൻഹോവർ ആണ്. അദ്ദേഹം ജർമനിയിലെ ബുക്കൻവാൾഡ് ക്യാമ്പിന്റെ ഒരു അനെക്സ് ആയിരുന്ന ഓഡ്രൂഫ് സന്ദർശിച്ചതാണ് വഴിത്തിരിവായത്. സഖ്യസേനയുടെ മീറ്റിങ് വിളിച്ചുകൂട്ടി സകല സെൻസർഷിപ്പും നീക്കി ഡോക്യൂമെന്ററിയായും ചിത്രങ്ങളായും നാസി ക്യാമ്പിലെ ക്രൂരതകൾ പുറംലോകത്തെത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. അന്ന് വൈകുന്നേരം ഫ്രാൻസിലെ കമ്യൂണിസ്റ്റ് പത്രമായ സെ സോയിറിന്റെ ഒന്നാം പേജിൽ അച്ചടിച്ച് വരുന്നത് ഒരു വമ്പൻ കുഴിമാടത്തിന്റെ ചിത്രമായിരുന്നു. ഒപ്പം നാസിഭീകരതയുടെ അനുഭവസാക്ഷ്യങ്ങളും. അതിനു പിന്നാലെ ലോകമെമ്പാടുമുള്ള പത്രങ്ങളുടെ ലേഖകർ ഈ ക്യാമ്പുകൾ സന്ദർശിച്ചതിന്റെ വിവരങ്ങളും ഉൾപ്പെടുത്തിയ വിശദമായ ലേഖനങ്ങളും. ജർമൻകാർ തന്നെ എടുത്തിരുന്ന പല ട്രോഫി ചിത്രങ്ങളും പിന്നീട് ചരിത്ര രേഖകളായി.

ഇതിലും കൂടുതൽ തരംതാഴാൻ ഒരു മനുഷ്യനും കഴിയില്ല. ഒരു മനുഷ്യജീവിയും ഇതിനേക്കാൾ ദയനീയമായ ഒരു അവസ്ഥയിലൂടെ ഇന്നേവരെ കടന്നുപോയിട്ടില്ല... ഇറ്റാലിയൻ ജൂത രസതന്ത്രജ്ഞനും എഴുത്തുകാരനും ഓഷ്വിറ്റ്സ് അതിജീവിച്ചയാളുമായ പ്രിമോ ലെവി പറയുന്നുണ്ട്. 1947-ൽ പുറത്തിറങ്ങിയ തന്റെ "സർവൈവൽ ഇൻ ഓഷ്വിറ്റ്സ് എന്ന ഓർമ്മക്കുറിപ്പിൽ , 1944 ജനുവരിയിൽ ക്യാമ്പിൽ എത്തിയ ഉടൻ തന്നെ താൻ എങ്ങനെയാണ് സെലക്ഷൻ" പ്രക്രിയയ്ക്ക് വിധേയനായതെന്നും പ്രിമോ ലെവി വിവരിക്കുന്നു. ഫിറ്റ്-ടു-വർക്ക് ടെസ്റ്റിൽ ജോലിക്ക് യോഗ്യരല്ലെന്ന് കണ്ടെത്തിയവരെ നേരെ ഗ്യാസ് ചേമ്പറുകളിലേക്കാണ് അയക്കുക. 400 പേർക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ഇടങ്ങളിൽ 1,000 തടവുകാരെ വരെയാണ് തിങ്ങിനിറഞ്ഞു കഴിഞ്ഞത്. ശുചിത്വം എന്നത് കേട്ടുകേൾവി പോലുമില്ല, വെള്ളമോ കക്കൂസുകളോ പരിമിതമായിരുന്നു, ഇത് വ്യാപകമായ രോഗങ്ങളിലേക്കാണ് തള്ളിവിടുന്നത്. മണിക്കൂറുകളോളം നഗ്നരായി നിന്ന് പൊതുവധശിക്ഷകൾക്ക് സാക്ഷ്യംവഹിക്കുക. ജൂതസ്ത്രീകൾ നിരന്തരം ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരായിരുന്നു.

അതിജീവിച്ച് പിന്നീട് വളരെയധികം പ്രശംസ നേടിയ നിരവധി പുസ്തകങ്ങളുടെ രചയിതാവായി മാറിയെങ്കിലും ഹോളോകോസ്റ്റിനിടെ അനുഭവിച്ച ആഘാതങ്ങൾ ലെവിയെ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നു. ഒടുവിൽ 1987 ൽ അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നു.

ഓഷ്വിറ്റ്സിലെ മലയാളി

ഹിറ്റ്‌ലറുടെ തേര്‍വാഴ്ചക്കാലത്ത് നാസികളുടെ കുപ്രസിദ്ധമായ തടങ്കല്‍പ്പാളയങ്ങളില്‍ കൊല്ലപ്പെട്ട രണ്ടു കോടിയിലേറെ ആളുകളിൽ ഒരു മലയാളിയും ഉണ്ടായിരുന്നു. നാസി തടങ്കല്‍പ്പാളയത്തില്‍ കൊല്ലപ്പെട്ട ഏക ഇന്ത്യക്കാരനായിരുന്നു മലയാളിയായ മിച്ചിലോട്ട് മാധവന്‍. പാരീസിലെ ഷേര്‍മിദി ജയിലിലും റൊമേന്‍വീലെ തടങ്കല്‍ പാളയത്തിലും നാസികളുടെ ക്രൂരപീഡനത്തിന് ഇരയായ മാധവനെ കൊന്ന് മൃതദേഹം കത്തിച്ചു കളയുകയായിരുന്നു. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന മാധവനെ മറ്റ് 116 കമ്യൂണിസ്റ്റുകാര്‍ക്കൊപ്പമാണ് കൊന്നുകളഞ്ഞത്. മരിക്കുമ്പോൾ ഇദ്ദേഹത്തിന് 28 വയസായിരുന്നു പ്രായം.

ഓഷ്വിറ്റ്സ് ഭൂമിയിലെ നരകമായിരുന്നു... കത്തുന്ന മാംസത്തിന്റെ ഗന്ധം ജീവിതത്തിന്റെയും ഞങ്ങളുടെ ശ്വാസത്തിന്റെയും ഭാഗമായി... റോമ ഓഷ്വിറ്റ്സിൽ നിന്ന് അതിജീവിച്ച സീജ സ്റ്റോജ്‌കയുടെ ഓർമകൾ ചെന്നെത്തുന്നത് ഇങ്ങനെയാണ്. ഓഷ്വിറ്റ്സിൽ ആരും മനുഷ്യരായിരുന്നില്ല... എണ്ണങ്ങൾ മാത്രമായിരുന്നു... നശിപ്പിക്കപ്പെടേണ്ട വസ്‌തുക്കളായാണ് അവർ കണ്ടിരുന്നത്. മരിക്കുന്നതിന് മുൻപ് ക്യാമ്പുകളിൽ ചെയ്യുന്ന ജോലിയല്ലാതെ മറ്റൊരു മൂല്യവും മനുഷ്യർക്ക് ഉണ്ടായിരുന്നില്ല.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രണ്ടരക്ഷത്തോളം ജൂതർ നാസികൾ ഉപേക്ഷിച്ചിട്ടുപോയ താത്കാലിക ജയിലുകളിൽ തന്നെ താമസമാക്കി. സഖ്യകക്ഷികൾ അവർക്കാവശ്യമായ സഹായം നൽകിപ്പോന്നു. 1948നും 1951നുമിടയിൽ പല ജൂതരും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി പലായനം ചെയ്‌തു. 1,36,000 ജൂതർ ആ കാലയളവിൽ ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തു. അവശേഷിക്കുന്നതിൽ പലരും യൂറോപ്പിന്റെ മറ്റുപല ഭാഗങ്ങളിലേക്കും, അമേരിക്കയിലേക്കുമാണ് മാറിത്താമസിച്ചത്. 1957ൽ അവസാന ദുരിതാശ്വാസ ക്യാമ്പും അടച്ചു.

മനുഷ്യർക്ക് സഹജീവികളോട് എത്ര മോശമായി പെരുമാറാനാകും, എങ്ങനെയൊക്കെ മറ്റൊരു മനുഷ്യനെ ചിത്രവധം ചെയ്യാനാകും എന്നൊക്കെയുള്ള വേദനിപ്പിക്കുന്ന സാക്ഷ്യങ്ങളാണ് നാസി ക്യാമ്പുകളുടെ റിപ്പോർട്ടുകളിൽ ഉടനീളം കാണാനാവുക. ഹോളോകോസ്റ്റ് എന്ന ഒരു കൊടുംക്രൂരത സഹജീവികളോട് മനുഷ്യർ കാണിച്ചിട്ടുണ്ട് എന്നതിന്റെ ഓർമ്മകൾ കെടാതെ കാക്കാൻ വേണ്ടിയാണ് വർഷാവർഷം ജനുവരി 27 -ന് ഹോളോകോസ്റ്റ് അനുസ്‌മരണ ദിനമായി ആചരിക്കുന്നതും... ഒരു പ്രത്യേക വംശത്തിൽ ജനിച്ചു പോയി എന്ന ഒറ്റ കാരണം കൊണ്ട് മരിക്കാൻ മാത്രം ജീവിക്കേണ്ടി വന്ന ഒരുകൂട്ടം മനുഷ്യർ, കൊന്നൊടുക്കിയ മനുഷ്യരുടെ കണക്കെടുത്ത് നോക്കിയാൽ മരവിച്ച് പോകും... ഹോളോകോസ്റ്റ് മറക്കാനോ നിഷേധിക്കാനോ സാധിക്കാത്ത ഒരു യാഥാർഥ്യം തന്നെയാണ്...

TAGS :

Next Story