Quantcast

തടവുകാരെ ഭ്രാന്തന്മാരാക്കുന്ന ഷെയ്ഖ് ഹസീനയുടെ 'ഐനാഘർ'; ബംഗ്ലാദേശിന്റെ ഇരുണ്ട യാഥാർഥ്യം

ഒരു റാലി സംഘടിപ്പിച്ചതിനോ പ്രതിഷേധത്തിന്റെ ഭാഗമായി റോഡുകൾ തടഞ്ഞതിനോ എന്തിനേറെ സോഷ്യൽ മീഡിയയിൽ സർക്കാറിനെ വിമർശിച്ച് ഒരു പോസ്റ്റിട്ടവർ പോലും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ഹസീനയുടെ സൈന്യം പിടികൂടിയ ആക്ടിവിസ്റ്റുകളും പത്രപ്രവർത്തകരും പ്രതിപക്ഷ നേതാക്കളും ഒരു തുമ്പും ബാക്കിവെക്കാതെ അപ്രത്യക്ഷരായി...

MediaOne Logo

Web Desk

  • Published:

    13 Feb 2025 3:13 PM IST

തടവുകാരെ ഭ്രാന്തന്മാരാക്കുന്ന ഷെയ്ഖ് ഹസീനയുടെ ഐനാഘർ; ബംഗ്ലാദേശിന്റെ ഇരുണ്ട യാഥാർഥ്യം
X

കണ്ണാടികളുടെ വീട്... House Of Mirrors, എന്ത് മനോഹരമായ പേരാണല്ലേ... കേൾക്കുമ്പോൾ തന്നെ മനസിലേക്ക് തിളങ്ങുന്ന ചില്ലുകൾ കൊണ്ടുള്ള വാതിലും ജനാലകളുമൊക്കെയുള്ള ഭംഗിയുള്ള ഒരു വീടാകും മനസിലേക്ക് വരിക. ആ ചിത്രം ബംഗ്ലാദേശിൽ എത്തിനിൽക്കുമ്പോൾ മാറും... മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അവരുടെ രഹസ്യ ജയിലുകൾക്ക് നൽകിയ പേരാണ് 'ഐനാഘർ'... കണ്ണാടികളുടെ വീട്.

തലസ്ഥാന നഗരമായ ധാക്കയിൽ ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്‌ടാവ് പ്രൊഫസർ മുഹമ്മദ് യൂനുസ് മൂന്ന് തടങ്കൽ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഹസീനയുടെ ഭരണകാലത്ത് പീഡന സെല്ലുകളായും രഹസ്യ ജയിലുകളായും പ്രവർത്തിച്ചിരുന്ന തടങ്കൽ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും നടുക്കത്തോടെ പുറംലോകത്തേക്ക് എത്തുകയാണ്. ധാക്കയിലെ അഗർഗാവ്, കച്ചുഖേത്, ഉത്തര പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന തടങ്കൽ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പുറത്ത് നിന്ന് വെളിച്ചത്തിന്റെ ഒരു തുള്ളി പോലും അകത്തേക്ക് കടക്കാത്ത വിധം രൂപകൽപന ചെയ്‌ത ജയിലറകൾ. കഷ്‌ടിച്ച് ഒരാൾക്ക് മാത്രം കഴിയാവുന്ന സെല്ലുകൾ.. വലിയ വെന്റിലേഷൻ ഫാനുകൾ...

ഇങ്ങനെ ശിക്ഷിക്കാൻ മാത്രം ഏത് കൊടുംകുറ്റവാളികളാണ് ഇവിടെ കഴിഞ്ഞതെന്ന സംശയം ഉണ്ടായേക്കാം. ഷെയ്ഖ് ഹസീനയുടെ കണ്ണിലെ ക്രിമിനലുകൾ രാജ്യത്തിനെതിരെ ചെറിയ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയവരാണ്... അവരുടെ അധികാരത്തെ ചോദ്യം ചെയ്‌തവരാണ്. സാമൂഹ്യ പ്രവർത്തകരടക്കം ഈ ഇരുട്ടറയിലേക്ക് തള്ളപ്പെട്ടിട്ടുണ്ട്. ഐനഘറിലെ പ്രവർത്തനങ്ങളും അവസ്ഥകളും യെനി സഫാക് ഇന്റർനാഷണൽ എന്ന മാധ്യമസ്ഥാപനം ഒരു ഡോക്യുമെന്ററിയിലൂടെ വളരെ ആഴത്തിൽ തുറന്നുകാട്ടിയിരുന്നു. അതിഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളിലേക്കും ബംഗ്ലാദേശിലെ നിർബന്ധിത തിരോധാനങ്ങളിലേക്കും ഈ ഡോക്യുമെന്ററി പുറത്തുവന്നതോടെ ഹസീനയുടെ കണ്ണാടികളുടെ വീടിനുള്ളിലേക്ക് തിരിഞ്ഞു ലോകശ്രദ്ധ.

ബംഗ്ലാദേശും അവിടുത്തെ 170 ദശലക്ഷം ജനങ്ങളും ഒരു ഇടക്കാല സർക്കാരിന്റെ കീഴിൽ പുതിയ ഭാവിക്കായി തയ്യാറെടുക്കുമ്പോൾ, ഒരിക്കലും സ്വതന്ത്ര ലോകത്തിന്റെ ഭാഗമാകാൻ കഴിയില്ലെന്ന് കരുതിയ ചിലരും കൂട്ടത്തിലുണ്ട്. 2009ൽ അധികാരത്തിലെത്തിയതിന് ശേഷം 1971ലെ യുദ്ധക്കേസുകളുടെ ഫയൽ പൊക്കിയെടുത്ത് ട്രൈബ്യൂണൽ പ്രതിപക്ഷത്തെ ഉന്നതരിൽ പലരുടെയും ശിക്ഷാവിധി കുറിച്ചിരുന്നു ഹസീന. അഴിമതിക്കുറ്റം ചുമത്തി എതിരാളി ഖാലിദ സിയയ്ക്ക് വിധിച്ചത് 17 വർഷത്തെ ജയിൽശിക്ഷയാണ്. വികസന നായിക, ഉരുക്കുവനിത, ദി അൺഷെയ്ക്കബിൾ ഹസീന... പാടിപ്പുകഴ്ത്തിയ ഈ പേരുകൾക്ക് പുറമേ സ്വേച്ഛാധിപതി എന്നൊരു വിശേഷണം കൂടിയുണ്ട് ഷെയ്ഖ് ഹസീനക്ക്. എന്തിനാണ് അങ്ങനെയൊരു വിളിപ്പേര് എന്ന് വ്യക്തമാകാൻ ഐനാഘറിനുള്ളിലേക്ക് ഒരു എത്തിനോട്ടം മാത്രം മതിയാകും.

രാഷ്ട്രീയ എതിരാളികളെ കൂട്ട തടങ്കലിലാക്കി. സർക്കാറിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടവർ പോലും പിന്നീട് പുറംലോകം കണ്ടില്ല. ഐനാഘർ എന്ന രഹസ്യനാമമുള്ള കുപ്രസിദ്ധമായ തടങ്കൽ കേന്ദ്രത്തിൽ മാനസികനില തെറ്റി ജീവിതം അവസാനിച്ചവരുടെ എണ്ണവും കുറവല്ല...

ഐനാഘർ

1996ൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിലെത്തിയ ഹസീന പിന്നീട് 2008 മുതൽ തുടർച്ചയായി ഭരണത്തിലിരിക്കുകയായിരുന്നു. ജനത്തെ നോക്കുകുത്തിയാക്കിയും പ്രതിപക്ഷത്തെയും എതിർശബ്‌ദങ്ങളെയും നിഷ്‌ഠൂരമായി നേരിട്ടും അധികാരത്തിൽ പിടിമുറുക്കിയത് 2009ലാണ്. തന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന, ചോദ്യംചെയ്യുന്ന ആരെയും നേരിടാനായി ഹസീന ഈ ഭരണകാലത്ത് സജ്ജമാക്കിയതായിരുന്നു ഐനാഘർ എന്ന ജയിൽ സംവിധാനം. നിർബന്ധിത തിരോധാനം ആയിരുന്നു ഇതിന്റെ ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്ന്. 2009 മുതൽ ബംഗ്ളാദേശിൽ 700ലധികം പേർ നിർബന്ധിത തിരോധാനത്തിന് ഇരയായിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. യഥാർഥ കണക്കെടുത്താൽ ഇതിലിരട്ടി വരും.

ഒരു റാലി സംഘടിപ്പിച്ചതിനോ പ്രതിഷേധത്തിന്റെ ഭാഗമായി റോഡുകൾ തടഞ്ഞതിനോ എന്തിനേറെ സോഷ്യൽ മീഡിയയിൽ സർക്കാറിനെ വിമർശിച്ച് ഒരു പോസ്റ്റിട്ടവർ പോലും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ബംഗ്ലാദേശ് സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഐനാഘറിന് കീഴിലുള്ള ദീർഘകാല തടങ്കലുകളുടെ ചുമതല വഹിച്ചിരുന്നത്. ഈ ഭൂഗർഭ ജയിലുകളിൽ പലതും ദീർഘകാല തടവുകാർക്ക് വേണ്ടിയുള്ളതായിരുന്നു. ഹസീനയുടെ സൈന്യം പിടികൂടിയ ആക്ടിവിസ്റ്റുകളും പത്രപ്രവർത്തകരും പ്രതിപക്ഷ നേതാക്കളും ഒരു തുമ്പും ബാക്കിവെക്കാതെ അപ്രത്യക്ഷരായി... ചിലർ ഈ തടങ്കലിൽ തന്നെ ദീർഘകാലം ജീവിച്ചു. മറ്റുചിലർ കൊല്ലപ്പെട്ടു.

ജയിലിനുള്ളിൽ...

എന്തുകൊണ്ടാണ് ഈ തടവറകൾക്ക് കണ്ണാടികളുടെ വീട് എന്നൊരു പേര് ലഭിച്ചതെന്ന് അറിയണ്ടേ... തടവുകാർക്ക് അവരെ തന്നെയല്ലാതെ മറ്റാരെയും കാണാൻ കഴിയുമായിരുന്നില്ല. ജീവനുണ്ട് എന്നത് കൊണ്ട് മാത്രം ജീവിതമാകില്ലല്ലോ... ജീവിക്കാൻ അർഹതിയില്ലാത്ത ഒരു ജീവിതമായിരുന്നു ഐനാഘറിലെ തടവുകാർക്ക്. ചോദ്യം ചെയ്യലുകളിൽ കടുത്ത ശാരീരിക പീഡനം നേരിടേണ്ടി വന്നു. തടവുകാരെ കൊല്ലുകയല്ല... അവരുടെ മാനസിക നില തകർത്ത് ഭ്രാന്തിന്റെ വാക്കിലേക്ക് തള്ളിവിടുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. തടവുകാരുടെ ജീവൻ നിലനിർത്താൻ മെഡിക്കൽ പരിശോധനകൾ പതിവായി നടത്തിയിരുന്നു. എന്നാൽ, ഏത് നിമിഷവും വധിക്കപ്പെടാം എന്ന ചിന്തയിൽ ഓരോരുത്തരുടെയും മാനസികനില മോശമായിക്കൊണ്ടേയിരുന്നു.

15 വർഷത്തെ സ്വേച്ഛാധിപത്യത്തിന് പെട്ടെന്ന് ഒരു തിരശീല വീണതും ഹസീന ജീവനുംകൊണ്ട് പലായനം ചെയ്‌തതും ഐനാഘറിലെ ചില തടവുകാരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് കാരണമായി.

ഐനാഘറിലെ തടവുകാർ

എട്ട് വർഷത്തിനിടെ ആദ്യമായി പുലർച്ചെ സൈന്യം തന്നെ തേടിയെത്തിയപ്പോൾ , മുൻ അഭിഭാഷകൻ മിർ അഹമ്മദ് ഖാസിം അർമാൻ കരുതിയത് അത് തന്റെ അവസാനത്തെ നിമിഷമാണെന്നായിരുന്നു. വധശിക്ഷയാണ് കാത്തുനിന്നതെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. കണ്ണിലെ കെട്ടഴിച്ച് കൈകൾ ഒരു തുണികൊണ്ട് കൂട്ടിക്കെട്ടി.. ഇരുണ്ട ഇടനാഴിയിലൂടെ നടത്തി ഒരു വാനിലേക്ക് കയറ്റി കൊണ്ടുപോയി. തന്നെ ഏതെങ്കിലും നദിയിലേക്ക് വലിച്ചെറിയാനോ മലയുടെ മുകളിൽ നിന്ന് തള്ളിതാഴെയിടാനോ കൊണ്ടുപോവുകയാണെന്നാണ് മിർ അഹമ്മദ് ഖാസിം കരുതിയിരുന്നത്.

പകരം ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഒഴിഞ്ഞ വയലിലെ ചെളിനിറഞ്ഞ കുഴിയിലേക്ക് അദ്ദേഹത്തെ തള്ളി സൈന്യം മടങ്ങി. സൂര്യൻ ഉദിക്കാൻ തുടങ്ങുന്ന സമയമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകാൻ പിന്നെയും സമയമേറെ വേണ്ടിവന്നു... എട്ട് വർഷങ്ങൾക്ക് ശേഷം ശുദ്ധവായു ലഭിച്ചത് ആ നിമിഷമായിരുന്നു. അർമാൻ സ്വാതന്ത്രനാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടിരുന്നു. തന്റെ സ്വാതന്ത്ര്യം മാത്രമല്ല, തിരിച്ചറിയാൻ കഴിയാത്ത വിധം തന്റെ രാജ്യവും മാറിക്കഴിഞ്ഞുവെന്ന് അർമാൻ തിരിച്ചറിഞ്ഞു. രാജ്യത്ത് ഒരു ദേശീയ പ്രക്ഷോഭം നടന്നെന്നോ ഹസീന രാജ്യം വിട്ടെന്നോ ഒന്നും അദ്ദേഹത്തിന് അപ്പോഴും അറിവുണ്ടായിരുന്നില്ല.

അർമാൻനൊപ്പം മറ്റ് രണ്ട് രാഷ്ട്രീയ തടവുകാരെ കൂടി സൈന്യം മോചിപ്പിച്ചിരുന്നു. അതിജീവിച്ചവർ ഇരുണ്ട കാലത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ രാജ്യം അതിന്റെ ഭയാനകമായ ഭൂതകാലത്തിന്റെ കണക്കെടുപ്പും തുടങ്ങുകയാണ്.

2016ലാണ് അർമാനെ ഹസീനയുടെ സൈന്യം പിടികൂടുന്നത്. പ്രമുഖ ഇസ്‌ലാമിക നേതാവായിരുന്ന പിതാവിന്റെ പ്രവർത്തനങ്ങൾക്ക് പകരമായി അർമാനെ പിടികൂടി ജയിലറയിൽ അടക്കുകയായിരുന്നു. ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക പാർട്ടിയായ ജമാഅത്ത്-ഇ-ഇസ്ലാമിയുടെ മുതിർന്ന അംഗമായിരുന്നു അദ്ദേഹത്തിന്റെ പിതാവ് മിർ ക്വാസിം അലി. 1971ൽ പാകിസ്ഥാനെതിരായ രാജ്യത്തിന്റെ വിമോചന യുദ്ധത്തിൽ സ്വാതന്ത്ര്യ അനുകൂല ബംഗ്ലാദേശികളെ പീഡിപ്പിച്ച ഒരു അർദ്ധസൈനിക സംഘം നടത്തി എന്നായിരുന്നു അലിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. യുദ്ധക്കുറ്റ ട്രൈബ്യൂണൽ അദ്ദേഹത്തെയും മറ്റ് പലരെയും കുറ്റക്കാരായി കണ്ടെത്തി. സംഘർഷത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഹസീനയുടെ ഒരു മാർഗമായിട്ടാണ് ഇത് വ്യാപകമായി കണക്കാക്കപ്പെട്ടിരുന്നത്.

പിതാവിന് മേൽ ചുമത്തിയിരുന്ന കുറ്റങ്ങളുടെ വാദങ്ങൾ കൈകാര്യം ചെയ്‌തിരുന്നത്‌ അർമാനായിരുന്നു. കോടതിയിലെ നടപടിക്രമങ്ങളിലെ പിഴവുകളും ജുഡീഷ്യൽ പക്ഷപാതവും ചൂണ്ടിക്കാട്ടി അദ്ദേഹം പതിവായി മാധ്യമ സമ്മേളനങ്ങൾ നടത്തിപ്പോന്നു. ഹസീനയെ ചൊടിപ്പിച്ചതും ഇതുതന്നെ. പിതാവിന്റെ വധശിക്ഷയ്ക്ക് ദിവസങ്ങൾക്ക് മുൻപാണ് അർമാനെ വീട്ടിൽ കയറി സൈന്യം പിടികൂടി കൊണ്ടുപോവുന്നത്. ഈ കേസ് നടത്താൻ അർമാൻ അവിടെയുണ്ടാകേണ്ടത് അത്യാവശ്യമായിരുന്നു. അർമാൻ പിടിയിലായി നാലാഴ്‌ചകൾക്ക് ശേഷം അദ്ദേഹത്തിന്റെ പിതാവിനെ തൂക്കിലേറ്റുകയും ചെയ്‌തു.

അത്യാവശ്യം തടിച്ച ശരീരപ്രകൃതമുള്ള അർമാൻ തിരിച്ചെത്തിയപ്പോൾ മെലിഞ്ഞൊട്ടിയിരുന്നു. അദ്ദേത്തിന്റെ കറുത്ത് നീണ്ട മുടിയെല്ലാം കൊഴിഞ്ഞുപോയിരുന്നു. ഒറ്റപ്പെട്ട എട്ടുവർഷങ്ങളിൽ അദ്ദേഹത്തിന്റെ മനോനില തെറ്റാതിരുന്നതിന്റെ കാരണം ഭാര്യയെയും രണ്ട് പെൺമക്കളെയും എന്നെങ്കിലും കാണാനാകുമെന്നുള്ള അടങ്ങാത്ത ആഗ്രഹവും പ്രതീക്ഷയുമായിരുന്നു. ഈ ലോകത്ത് കുടുംബത്തോടൊപ്പം ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്വർഗത്തിലെങ്കിലും ഒരുമിപ്പിക്കണമെന്ന് എല്ലാ ദിവസവും മുടങ്ങാതെ ദൈവത്തോട് പ്രാർഥിച്ചു.

ജനാലകളില്ലാത്ത ലോക്കപ്പിൽ 24 മണിക്കൂറും തടവിലായിരുന്നു. പുറം ലോകത്തിൽ നിന്നുള്ള വാർത്തകൾ അറിയിക്കരുതെന്ന് ജയിലർമാർക്ക് കർശന നിർദ്ദേശവും നൽകിയിരുന്നു. തടങ്കൽ കേന്ദ്രത്തിലെ മറ്റിടങ്ങളിൽ ഗാർഡുകൾ ദിവസം മുഴുവൻ സംഗീതം മുഴക്കിയിരുന്നു. സമീപത്തുള്ള പള്ളികളിൽ നിന്ന് വാങ്കുവിളി കേട്ട് സമയം തിരിച്ചറിയാൻ സാധിക്കരുത് എന്നതായിരുന്നു ഇതിന് പിന്നിൽ. സൈന്യത്തിന്റെ ഈ സംഗീതം നിലക്കുമ്പോൾ ആളുകൾ കരയുന്നത് കേൾക്കാൻ കഴിഞ്ഞു. അപ്പോൾ താൻ ഒറ്റക്കല്ല എന്ന് അർമാന് മനസിലായി. കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ഗാർഡുകളുടെ ശബ്‌ദവും സംഗീതവും മറ്റ് തടവുകാരുടെ സംസാരവും കേൾക്കാതിരിക്കാൻ സെല്ലിനുള്ളിൽ ഉച്ചത്തിൽ ശബ്‌ദിക്കുന്ന വെന്റിലേഷൻ ഫാനുകൾ സ്ഥാപിക്കപ്പെട്ടു. ഇതോടെ തീർത്തും ഏകാന്തമായ ജീവിതം.

മനസിന്റെ തടവറ

മനസിന്റെ തടവറയാണ് ഐനാഘർ. മാനസിക പീഡനങ്ങളുടെ ക്രൂരമായ ഒരിടം. ഖാസിമിന്റെ സഹതടവുകാരൻ, വിരമിച്ച സൈനിക ജനറൽ അബ്‌ദുല്ലഹിൽ അമാൻ ആസ്‌മിയും ആ ക്രൂരദിനങ്ങൾ ഓർത്തെടുക്കുന്നുണ്ട്. എട്ട് വർഷത്തിനിടയിൽ, 41,000 തവണയാണ് കണ്ണുകെട്ടിയും കൈകൾ ബന്ധിക്കപ്പെട്ടും അദ്ദേഹം സെല്ലിനുള്ളിൽ കിടന്നത്. ഒരു സൈനിക താവളത്തിനടിയിലായിരുന്നു ഐനാഘർ. തടവുകാരെ ഭ്രാന്തിന്റെ വക്കിലേക്ക് തള്ളിവിടാൻ രൂപകൽപന ചെയ്‌ത ഒരു യന്ത്രമായിരുന്നു അത്. ആകാശത്തെയോ, സൂര്യനെയോ, മരങ്ങളെയോ, ചന്ദ്രനെയോ ഈ വർഷത്തിനിടയിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് അമാൻ ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തിയിരുന്നു. മാസങ്ങളോളം, തന്റെ സെല്ലിലെ വെന്റിലേഷൻ ദ്വാരങ്ങളിലൂടെ ഒരു തുള്ളി വെളിച്ചത്തിനായി തിരിഞ്ഞുനടന്നു. ഇത് മനസിലാക്കിയ സൈന്യം ഈ ദ്വാരങ്ങൾ അടച്ചുകെട്ടി.

ഹസീനയെ എതിർത്ത ഒരു ഇസ്ലാമിക പാർട്ടിയിൽ ഉന്നത സ്ഥാനം വഹിച്ചിരുന്ന വ്യക്തിയായിരുന്നു അസ്‌മിയുടെ പിതാവ് എന്നതിനാലാണ് അദ്ദേഹം തടവറയിലേക്ക് തള്ളപ്പെട്ടത്. സങ്കൽപിക്കാൻ കഴിയാത്ത സാഹചര്യങ്ങളാണ് നേരിട്ടതെങ്കിലും ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് എന്നാണ് പുറത്തിറങ്ങുന്ന എന്ന അനിശ്ചിതത്വമായിരുന്നു. തന്റെ മൃതദേഹം മൃഗങ്ങൾക്ക് ഇട്ടുകൊടുക്കരുതേ, കുടുംബത്തിന് എത്തിച്ചുകൊടുക്കണേ എന്ന് മാത്രമായിരുന്നു അസ്‌മിയുടെ പ്രാർഥന.

ബംഗ്ലാദേശിന്റെ ഇരുണ്ട യാഥാർഥ്യം

2022ലെ ഒരു വിസിൽബ്ലോവർ റിപ്പോർട്ട് വിദേശത്ത് പ്രസിദ്ധീകരിക്കുന്നതുവരെ ഐനാഘർ പൊതുജനങ്ങൾക്ക് അജ്ഞാതമായിരുന്നു. അങ്ങനെയൊരു തടവറ ബംഗ്ലാദേശിൽ നിലവിലില്ലെന്ന് ഹസീനയുടെ ഭരണകൂടം നിരന്തരം വാദിച്ചു. കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ ചിലർ യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിച്ചുവെന്നതടക്കമുള്ള വാദങ്ങൾ നിരത്തിയായിരുന്നു പ്രതിരോധം. അതിർത്തിരാജ്യമായ മ്യാൻമറിൽ നിന്നുള്ള ദശലക്ഷക്കണക്കിനു റോഹി‍ൻഗ്യൻ അഭയാർഥികളെ സ്വീകരിച്ച് ലോകത്തിന്റെ ആദരം ഹസീന പിടിച്ചുപറ്റി. ഹസീനയുടെ നേതൃത്വത്തിൽ, ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധി പ്രാപിച്ചു, ദാരിദ്ര്യം കുറയ്ക്കുന്നതിലെ പുരോഗതിക്ക് രാജ്യം അന്താരാഷ്ട്ര പ്രശംസ നേടി. പക്ഷേ, ബംഗ്ലാദേശിന്റെ ഉപരിതലത്തിനടിയിൽ ഒളിച്ചിരുന്നത് ഒരു ഇരുണ്ട യാഥാർത്ഥ്യമായിരുന്നു.

ഭീകരതയെ ചെറുക്കാൻ അമേരിക്കയും ബ്രിട്ടനും ആദ്യം പരിശീലിപ്പിച്ച റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ പോലുള്ള ഉന്നത സേനകളെ ഹസീന ഭീകരതയുടെ ഉപകരണങ്ങളാക്കി മാറ്റി. ഇൻ-ഹൗസ് ഡെത്ത് സ്ക്വാഡ് എന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് അവരെ വിശേഷിപ്പിച്ചത്. 2009 മുതൽ 2023 വരെ, 700ലധികം പേർ അപ്രത്യക്ഷരായതായി റിപ്പോർട്ടുണ്ട്. മാധ്യമങ്ങളിലും സിവിൽ സൊസൈറ്റിയിലും സർക്കാർ ചെലുത്തിയ നിയന്ത്രണം കാരണം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയി. ചിലരെ മരിച്ച നിലയിൽ കണ്ടെത്തി. അർമാനെ പോലെ ചിലരെ വർഷങ്ങൾ നീണ്ട തടവിന് ശേഷം വിട്ടയച്ചു. ഏകദേശം 150 പേർ ഇപ്പോഴും കാണാമറയത്താണ്.

ബംഗ്ലാദേശിൽ 2024 ജൂണിൽ ആരംഭിച്ച വിദ്യാർഥിപ്രക്ഷോഭത്തിന്റെ തീവ്രതയെ അതിജീവിക്കാനാകാതെ ഹസീന ഭരണംവിട്ടൊഴിഞ്ഞ് പലായനം ചെയ്‌തതോടെ കാണാതായവരുടെ കുടുംബങ്ങളും ധൈര്യത്തോടെ തെരുവിലിറങ്ങി. നീതി തേടി ഞങ്ങളുടെ പ്രിയപ്പെട്ടവർ എവിടെ എന്ന ചോദ്യവുമായി തെരുവിലിറങ്ങിയവരുടെ വിരലുകൾ ചൂണ്ടുന്നത് ഐനാഘറിലേക്കാണ്.

ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന രാജ്യത്തെ ഏക നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ്, മുൻകാലങ്ങളിലെ അതിക്രമങ്ങൾ പരിഹരിക്കാൻ വേഗത്തിലുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. നിർബന്ധിത തിരോധാനങ്ങൾ സംബന്ധിച്ച ഒരു അന്താരാഷ്ട്ര ഉടമ്പടിയിൽ അദ്ദേഹം ഒപ്പുവെക്കുകയും ഹസീനയുടെ ഭരണത്തിൻ കീഴിൽ നടന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തിരുന്നു. വിദേശത്ത് അഭയം തേടിയ ഷെയ്ഖ് ഹസീനക്കെതിരെ ഒരു പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പോലും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിരുന്നാലും, നീതിയിലേക്കുള്ള വഴി അത്ര സുഗമമുള്ളതല്ല.

പ്രതീക്ഷകൾ നിലനിർത്തുക, പക്ഷേ ഫലം എന്തായിരിക്കുമെന്ന് എനിക്ക് പറയാനാവില്ലെന്ന് യൂനുസ് അതിജീവിച്ചവരോടും കാണാതായവരുടെ കുടുംബങ്ങളോടും പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അർമാനും അസ്‌മിയും അടക്കമുള്ളവർ മോചിതരായത്. തടവിന്റെ മുറിവുകൾ ഒരിക്കലും പൂർണ്ണമായും ഉണങ്ങില്ല. എങ്കിലും ഇവരുടെ മോചനം പ്രിയപ്പെട്ടവരുടെ എന്തെങ്കിലുമൊരു വിവരം കാത്തിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. സൈനിക താവളങ്ങൾക്കും സർക്കാർ കെട്ടിടങ്ങൾക്കും പുറത്ത് കണ്ണാടികളുടെ വീട് തകർക്കുക എന്നാക്രോശിച്ച് അവർ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്.

ബംഗ്ലാദേശിന്റെ രാജ്യത്തെ നയതന്ത്ര സമവാക്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഏറെ നിർണായകമാണ്. കണ്ണാടികളുടെ വീട്ടിൽ ഇപ്പോഴും ജീവിതം നഷ്‌ടപെട്ടിരിക്കുന്നവരുടെ വിധിയും ഈ മാറ്റങ്ങളെ ആശ്രയിച്ചിരിക്കും...

TAGS :

Next Story