Quantcast

ഇസ്രായേൽ-ഇറാൻ സംഘർഷം; ആശങ്കയിലാകുന്ന ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ, ബാധിക്കുക ബഹുതലങ്ങളിൽ

ഇസ്രായേൽ ഏകപക്ഷീയമായി തുടങ്ങിവച്ച ആക്രമണത്തിന് ഇറാനും അതേ ഭാഷയിൽ മറുപടി നൽകാൻ ആരംഭിച്ചതോടെ പശ്ചിമേഷ്യ ഒരു യുദ്ധത്തിന്റെ വക്കോളം എത്തിനിൽക്കുകയാണ്. നയതന്ത്ര പങ്കാളികളായ ഇറാനും ഇസ്രായേലും തമ്മിലുള്ള ആക്രമണം മൂർച്ഛിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഇന്ത്യയും.

MediaOne Logo

Web Desk

  • Published:

    15 Jun 2025 4:57 PM IST

ഇസ്രായേൽ-ഇറാൻ സംഘർഷം; ആശങ്കയിലാകുന്ന ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ, ബാധിക്കുക ബഹുതലങ്ങളിൽ
X

ഇസ്രായേൽ ഏകപക്ഷീയമായി തുടങ്ങിവച്ച ആക്രമണത്തിന് ഇറാനും അതേ ഭാഷയിൽ മറുപടി നൽകാൻ ആരംഭിച്ചതോടെ പശ്ചിമേഷ്യ ഒരു യുദ്ധത്തിന്റെ വക്കോളം എത്തിനിൽക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഏതൊക്കെ തരത്തിൽ വികസിക്കുമെന്നത് പ്രവചനാതീതമായ തുടരുകയാണ്. നയതന്ത്ര പങ്കാളികളായ ഇറാനും ഇസ്രായേലും തമ്മിലുള്ള ആക്രമണം മൂർച്ഛിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഇന്ത്യയും.

ഇന്ത്യയുമായി നാഗരിക ബന്ധം ഉൾപ്പെടെ അവകാശപ്പെടാനുള്ള ഇറാൻ, പല ഭൗമരാഷ്ട്രീയ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിലും രാജ്യത്തിന് നിർണായകമാണ്. ഇസ്രയേലിന്റെ കാര്യമെടുത്താൽ 1992ൽ മാത്രമാണ് ഇന്ത്യ അവരുമായി നയതന്ത്ര ബന്ധം ആരംഭിക്കുന്നത്. എന്നാൽ അതിന് ശേഷം വലിയ തോതിലാണ് ആ ബന്ധം വളർന്നത്.

ഇന്ത്യയും ഇസ്രയേലും

ഗസ്സയിൽ ആക്രമണം തുടങ്ങിയ ശേഷവും ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി അവസാനിപ്പിക്കാത്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് പിന്തുണ അറിയിച്ച ആദ്യ ലോകനേതാവായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹമാസ് ആക്രമണത്തെ തീവ്രവാദം എന്നായിരുന്നു അന്ന് മോദി വിശേഷിപ്പിച്ചത്. ഇന്ത്യയുടെ എല്ലാകാലത്തെയും ഫലസ്തീൻ അനുകൂല നിലപാടുകളിൽനിന്ന് ഇന്ത്യ പിന്നോട്ടുപോകുന്നതും പിന്നീട് കണ്ടു.

പലപ്പോഴും യു എന്നിൽ അവതരിപ്പിക്കപ്പെട്ട ഇസ്രയേലിനെതിരായ പ്രമേയങ്ങൾ ഇന്ത്യ അനുകൂലിച്ചെങ്കിൽ പോലും ചിലപ്പോൾ വിട്ടുനിൽക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂൺ പതിമൂന്നിനും ഇന്ത്യ അത്തരത്തിൽ വിട്ടുനിന്നിരുന്നു. ഗസ്സയിൽ നിരുപാധിക വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിലായിരുന്നു ഇന്ത്യ അപ്രതീക്ഷതമായ ആ നിലപാട് സ്വീകരിച്ചത്.

മോദി സർക്കാരിന് ഇസ്രായേലും ബിന്യമിൻ നെതന്യാഹുവും എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന് തെളിയിക്കുന്ന സംഭവങ്ങളായിരുന്നു ഇവയെല്ലാം. 1992ൽ ഇന്ത്യ ഇസ്രയേലുമായി നയന്തന്ത്ര ബന്ധം ആരംഭിക്കുമ്പോൾ 200 ദശലക്ഷം ഡോളറിന്റെ വ്യാപാരമായിരുന്നുവെങ്കിൽ 2022-23ലേക്ക് എത്തുമ്പോഴത് 10.7 ബില്യൺ ഡോളർ എന്ന നിലയിലേക്കാണ് ഉയർന്നിട്ടുള്ളത്. അത്രയുമധികം വ്യാപാരബന്ധമാണ് കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഇന്ത്യയും ഇസ്രയേലും തമ്മിൽ ഉടലെടുത്തിട്ടുള്ളത്. ആയുധക്കച്ചവടത്തിന് പുറമെയുള്ള കണക്കുകളാണ് ഇവ.

ഇനി ആയുധക്കച്ചവടത്തിലേക്ക് വന്നാൽ, ഇന്ത്യ ഏറ്റവുമധികം ആയുധ ഇറക്കുമതിക്കായി ആശ്രയിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ഇസ്രയേൽ. ഇന്ത്യയുടെ ചില സുരക്ഷാ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ സഹായിച്ച പ്രതിരോധ ഉപകരണങ്ങളുടെയും ഹൈടെക് ആശയവിനിമയ സംവിധാനങ്ങളുടെയും പ്രധാന വിതരണക്കാരാണ് ഇസ്രയേൽ. കഴിഞ്ഞ പത്ത് വർഷത്തിനിടെ, 290 കോടി ഡോളറിന്റെ സൈനിക ഹാർഡ് വെയറാണ് ഇന്ത്യ ഇസ്രയേലിൽനിന്ന് ഇറക്കുമതി ചെയ്തത്.

ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഇന്ത്യ-മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലും അവിഭാജ്യ ഘടകമാണ് ഇസ്രയേൽ. നിലവിൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന ഹൈഫ തുറമുഖത്തിന് ഇടനാഴിയിൽ പ്രധാന പങ്കുണ്ട്.

ഇന്ത്യ-ഇറാൻ

2024 മെയ് 13-നാണ് ഇന്ത്യയും ഇറാനും തന്ത്രപ്രധാനമായ ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു സുപ്രധാന കരാറിൽ ഇന്ത്യ ഒപ്പുവയ്ക്കുന്നത്. തെക്കുകിഴക്കൻ ഇറാനിൽ സ്ഥിതി ചെയ്യുന്ന ചബഹാർ തുറമുഖം, ഇന്ത്യൻ മഹാസമുദ്രവുമായി നേരിട്ടുള്ള കടൽ വ്യാപാരം വാഗ്ദാനം ചെയ്യുന്ന തുറമുഖമാണ്. ഇന്റർനാഷണൽ നോർത്ത് സൗത്ത് ഇടനാഴിയിലെ (INSTC) നിർണായക കണ്ണിയായി മാറാനുള്ള സാധ്യതയും ചബഹാറിനുണ്ട്. മധ്യേഷ്യൻ വിപണികളിലേക്കുള്ള തന്ത്രപരമായ സാന്നിധ്യം വർധിപ്പിക്കാൻ ഇന്ത്യയെ ഏറ്റവുമധികം സഹായിക്കുന്ന മേഖല.

കൂടാതെ, അറബിക്കടലിലെ ചബഹാറിന്റെ സ്ഥാനം, ഹോർമുസ് കടലിടുക്കിൽ ഉണ്ടാകാൻ സാധ്യതയുള്ള തടസ്സങ്ങൾ ഒഴിവാക്കാനും ഇന്ത്യയെ സഹായിക്കും. അതുകൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങളുടെ എല്ലാ എതിർപ്പുകളെയും മറികടന്നും അന്ന് ഇറാനുമായി കരാറിലേർപ്പെടാൻ ഇന്ത്യ തയാറായത്. കൂടാതെ, പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും ഊർജ സുരക്ഷയിൽ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിൽ ഒന്നാണ് ഇറാൻ. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഉയരുന്ന സമ്പദ്‍വ്യവസ്ഥയ്ക്ക് ഇറാൻ എന്ന ഊർജ്ജോത്പാദന രാജ്യം അതിപ്രധാനമാണ്.

ഇന്ത്യയുടെ ആശങ്കകൾ

ഇസ്രയേൽ-ഇറാൻ സംഘർഷത്തിലേക്ക് യമനിലെ ഹൂതി സായുധ സംഘത്തിന്റെ വരവ് ഏവരും ഒരു ഭയത്തോടെയാണ് നോക്കികാണുന്നത്. ചെങ്കടൽ പാതയിൽ ഹൂതികൾക്കുള്ള മേൽക്കൈ, കപ്പൽ വ്യാപാരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ആഗോള കടൽ വ്യാപാരത്തിന്റെ 12-15 ശതമാനം വരെ നടക്കുന്നത് ചെങ്കടലിലൂടെയാണ് എന്ന യാഥാർഥ്യം കൂടി പരിഗണിക്കുമ്പോൾ അതിന്റെ തോത് മനസിലാക്കാവുന്നതെ ഉള്ളു.

റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് ചെങ്കടൽ റൂട്ട് വഴിയാണ്. മേഖലയിൽ സംഘർഷം ഉണ്ടായാൽ, ആക്രമണങ്ങൾ ഒഴിവാക്കാൻ കേപ് ഓഫ് ഗുഡ് ഹോപ്പ് പോലെയുള്ള ദൂരം കൂടിയ കടൽ പാതകൾ തിരഞ്ഞെടുക്കാൻ ഇന്ത്യ നിർബന്ധിതമാകും. അതോടെ എണ്ണ വിലയിലും മറ്റ് കയറ്റുമതി- ഇറക്കുമതി വിഭാഗങ്ങളുടെയും ചിലവ് വർധിക്കും. ഇത് ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകൾ.

മറ്റൊരു പാത, ഇറാന് സ്വാധീനമുള്ള ഹോർമുസ് കടലിടുക്കാൻ. പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാനുമായും അറേബ്യൻ കടലുമായും ഒന്നിപ്പിക്കുന്ന ഒരേയൊരു കടലിടുക്കാണ് ഹോർമുസ്. അതിന്റെ ഒരുഭാഗത്ത് ഇറാനും മറുഭാഗത്ത് യുഎഇയും ഒമാനുമാണ്. ആഗോള എണ്ണവ്യാപാരത്തിന്റെ 20 ശതമാനമാണ് ഇതുവഴി നടക്കുന്നത്. അത്രയും പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസപ്പെടുകയാണെങ്കിൽ ആഗോള എണ്ണ വിതരണ ശൃംഖല തന്നെ പ്രതിസന്ധിയിലാകും. അത് ആഗോളതലത്തിൽ തന്നെ വിലക്കയറ്റത്തിനും സാമ്പത്തിക സ്തംഭനാവസ്ഥയ്ക്ക് പോലും കാരണമായേക്കാം.

ഇനി മറ്റൊരു പ്രധാന പ്രശ്‌നം, ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ സംബന്ധിക്കുന്നതാണ്. ഏകദേശം 1.34 കോടി ഇന്ത്യൻ പൗരന്മാരാണ് ഗൾഫ് രാജ്യങ്ങളിലുള്ളത്. ഇറാൻ-ഇസ്രയേൽ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണെങ്കിൽ അവരുടെ ജോലി, വരുമാനം എന്നിവയെല്ലാം പ്രതിസന്ധിയിലാകും.

നിലവിലെ സംഘർഷത്തിലേക്ക് അമേരിക്ക കൂടി വരികയാണെങ്കിൽ ഗൾഫ് മേഖലയിൽ പലയിടത്തുമുള്ള അമേരിക്കൻ കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചേക്കാൻ സാധ്യതയുണ്ട്. അക്കാര്യം ഇറാൻ പലതവണ സൂചിപ്പിച്ചതുമാണ്. അങ്ങനെയുണ്ടായാൽ ഗൾഫ് മേഖലയും യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടും. അത് ഇന്ത്യൻ പ്രവാസികളെയും സ്വാഭാവികമായി ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്കും തിരിച്ചടിയായേക്കും. ഇന്ത്യയിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിന്റെ 38 ശതമാനമാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്നത്.

TAGS :

Next Story