Quantcast

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്- രാജ്‌നാഥ് സിങ്ങിനെയും എസ്. ജയശങ്കറിനെയും സാക്ഷിനിർത്തി ആന്‍റണി ബ്ലിങ്കന്‍റെ മുന്നറിയിപ്പ്

ഇന്ത്യയിൽ മോദി സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ന്യൂനപക്ഷ-മുസ്‌ലിം വിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് യു.എസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-12 11:16:13.0

Published:

12 April 2022 10:29 AM GMT

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്- രാജ്‌നാഥ് സിങ്ങിനെയും എസ്. ജയശങ്കറിനെയും സാക്ഷിനിർത്തി ആന്‍റണി ബ്ലിങ്കന്‍റെ മുന്നറിയിപ്പ്
X

വാഷിങ്ടൺ: ഇന്ത്യയില്‍ മുസ്‍ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ അപ്രതീക്ഷിത പ്രതികരണവുമായി അമേരിക്ക. ഇന്ത്യയില്‍ വർധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവർക്കൊപ്പം കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു ബ്ലിങ്കൻ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് മോദി സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ന്യൂനപക്ഷ-മുസ്‌ലിം വിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം യു.എസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

മനുഷ്യാവകാശ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പങ്കാളികളുമായി ഞങ്ങൾ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അടുത്തിടെയായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പുതിയ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണ്. ചില ഭരണകൂടങ്ങളും പൊലീസും ജയിൽ അധികൃതരുമെല്ലാം ചേർന്ന് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അതിൽ ഉൾപ്പെടും-വാർത്താ സമ്മേളനത്തിൽ ബ്ലിങ്കൻ വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ കൂടുതൽ വിശദീകരണത്തിന് ബ്ലിങ്കൻ തയാറായിട്ടില്ല. രാജ്‌നാഥ് സിങ്ങും എസ്. ജയശങ്കറും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള യു.എസ് വൃത്തത്തിന്റെ പരാമർശത്തോട് പ്രതികരിക്കുകയും ചെയ്തിട്ടില്ല.

എന്തായിരുന്നു ഇൽഹാൻ ഒമറിന്റെ വിമർശം?

ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും ജോ ബൈഡൻ ഭരണകൂടം ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നാണ് ദിവസങ്ങൾക്കുമുൻപ് യു.എസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ ആവശ്യപ്പെട്ടത്. മോദി ഭരണകൂടം ന്യൂനപക്ഷത്തിനെതിരെ നടത്തുന്ന നടപടികളിൽ പ്രതികരിക്കാൻ ബൈഡൻ ഭരണകൂടം മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇൽഹാൻ ചോദിച്ചു.

മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ മോദി സർക്കാരിനെ വിമർശിക്കാൻ എന്തുകൊണ്ടാണ് ബൈഡൻ ഭരണകൂടം മടിക്കുന്നത്? ഇനിയും എത്ര മുസ്ലിംകളെ മോദി ഭരണകൂടം കുറ്റവാളികളാക്കിയിട്ടു വേണം നമ്മൾ ഒന്നു പ്രതികരിക്കാൻ? മോദി ഭരണകൂടത്തിന്റെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായ നടപടികളെ പരസ്യമായി വിമർശിക്കാൻ ഇനിയെന്തു വേണം? ശത്രുക്കൾക്കു മുന്നിൽ മാത്രമല്ല, സഖ്യകക്ഷികൾക്കു മുന്നിലും എഴുന്നേറ്റു നിൽക്കുന്നത് നമ്മൾ ശീലമാക്കുമെന്നാണ് പ്രതീക്ഷ-ഇൽഹാൻ ഒമർ പറഞ്ഞു.

അമേരിക്കയിലെ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമനോടായിരുന്നു ഇൽഹാൻ ഒമറിന്റെ നേർക്കുനേർ ചോദ്യം. എല്ലാ മതക്കാർക്കും വംശക്കാർക്കും വേണ്ടി സർക്കാർ ഇടപെടേണ്ടതുണ്ടെന്ന് ഷെർമൻ ഇതിനോട് പ്രതികരിച്ചു. സംഭാഷണത്തിന്റെ വിഡിയോ ഇൽഹാൻ ഒമർ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

Summary: U.S. Secretary of State Antony Blinken said the United States is monitoring the rise in human rights abuses in India by some officials

TAGS :

Next Story