Quantcast

ലൈംഗികാതിക്രമ കേസിലെ പ്രതിക്ക് മാപ്പുകൊടുത്ത ഹംഗറി പ്രസിഡണ്ട് രാജിവച്ചു

ഖത്തറിലായിരുന്ന നൊവാക് രാജ്യത്ത് വിമാനമിറങ്ങിയ ഉടന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-02-11 06:38:26.0

Published:

11 Feb 2024 6:37 AM GMT

ലൈംഗികാതിക്രമ കേസിലെ പ്രതിക്ക് മാപ്പുകൊടുത്ത ഹംഗറി പ്രസിഡണ്ട് രാജിവച്ചു
X

ബുഡാപെസ്റ്റ്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാപ്പു കൊടുത്തത് വിവാദമായതിന് പിന്നാലെ ഹംഗറി പ്രസിഡണ്ട് കാതലിന്‍ നൊവാക് രാജിവച്ചു. ടെലിവിഷനിലൂടെയാണ് പ്രസിഡണ്ടിന്‍റെ രാജി പ്രഖ്യാപനം. പ്രതിക്ക് മോചനം നൽകിയത് തെറ്റായിപ്പോയെന്ന് നൊവാക് പ്രസംഗത്തിൽ സമ്മതിച്ചു.

മോചനം അംഗീകരിച്ച നിയമമന്ത്രി ജുഡിറ്റ് വർഗയും അപ്രതീക്ഷിതമായി സ്ഥാനം രാജിവച്ചു. രാഷ്ട്രീയജീവിതം അവസാനിപ്പിക്കുകയാണെന്നും വര്‍ഗ വ്യക്തമാക്കി.

പോപ് ഫ്രാൻസിസിന്റെ ഹംഗറി സന്ദർശനത്തോട് അനുബന്ധിച്ച് ജയിൽ മോചനം നൽകിയ 25 പേരിലാണ് ബാലപീഡനക്കേസിലെ പ്രതി ഉൾപ്പെട്ടിരുന്നത്. ബുഡാപെസ്റ്റിലെ ചിൽഡ്രൻസ് ഹോമിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ഇയാൾ. മൂന്നു വർഷത്തേക്കായിരുന്നു ശിക്ഷ. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ പേരു വിവരങ്ങൾ ഹംഗേറിയൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ നൊവാകിന്റെ രാജിയാവശ്യപ്പെട്ട് പ്രസിഡണ്ടിന്റെ കൊട്ടാരത്തിന് മുമ്പിൽ കൂറ്റൻ പ്രതിഷേധം നടന്നിരുന്നു.

പ്രതിഷേധം നടക്കുമ്പോള്‍ ലോക വാട്ടർ പോളോ ചാമ്പ്യൻഷിപ്പിൽ കസാക്കിസ്ഥാനെതിരെയുള്ള ഹംഗറിയുടെ മത്സരം കാണാനായി ഖത്തറിലായിരുന്നു നൊവാക്. ബഹളങ്ങള്‍ക്ക് പിന്നാലെ ഇവർ വേഗത്തിൽ നാട്ടിൽ തിരിച്ചെത്തി. വിമാനമിറങ്ങിയ ഉടൻ രാജിവാർത്ത പ്രഖ്യാപിക്കുകയായിരുന്നു. നൊവാകിന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് നിയമമന്ത്രിയും സ്ഥാനമൊഴിഞ്ഞത്.

2022ലാണ് നൊവാക് പ്രസിഡണ്ടായി ചുമതലയേറ്റത്. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വനിതയായി ഫോബ്‌സ് മാഗസിൻ ഈയിടെ ഇവരെ തെരഞ്ഞെടുത്തിരുന്നു. ഭരണകക്ഷിയായ ഫിദെസ് പാർട്ടിയിലെ ജനപ്രിയ മുഖം കൂടിയാണ് നൊവാക്. പ്രധാനമന്ത്രി വിക്ടർ ഓർബനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവു കൂടിയായിരുന്നു ഇവർ.

Summary: The president of Hungary Katalin Novak resigned live on television over a decision to pardon a man convicted of covering up a child sexual abuse case.

TAGS :

Next Story