Quantcast

വനിതാ ജഡ്ജിക്കെതിരായ വിവാദ പരാമര്‍ശം പിൻവലിക്കാൻ തയാറെന്ന് ഇമ്രാൻ ഖാൻ; അയഞ്ഞത് കോടതിയലക്ഷ്യ നടപടിയോടെ

പ്രസംഗത്തില്‍ പൊലീസിനെയും ജുഡീഷ്യറിയെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയതിന് ഇമ്രാനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-08-31 12:48:38.0

Published:

31 Aug 2022 12:44 PM GMT

വനിതാ ജഡ്ജിക്കെതിരായ വിവാദ പരാമര്‍ശം പിൻവലിക്കാൻ തയാറെന്ന് ഇമ്രാൻ ഖാൻ; അയഞ്ഞത് കോടതിയലക്ഷ്യ നടപടിയോടെ
X

ഇസ്‌ലാമാബാദ്: വനിതാ ജഡ്ജിക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ തയാറെന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. എന്നാൽ മാപ്പ് പറയുന്നതില്‍ നിന്ന് അദ്ദേഹം പിന്മാറി. ഈ മാസം ആദ്യ‌മായിരുന്നു സംഭവം.

ഇസ്‌ലാബാദില്‍ നടന്ന ഒരു റാലിക്കിടെ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഇമ്രാന്‍ ഖാന്റെ സഹായി ഷഹബാസ് ഗില്ലിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഷഹബാസിനെ തലസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് റിമാന്‍ഡും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഇമ്രാന്‍ ഖാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി സേബ ചൗധരിയെ ഭീഷണിപ്പെടുത്തിയത്.

'അവര്‍ക്കെതിരെ നടപടിയെടുക്കും. തയാറായിരിക്കൂ' എന്നായിരുന്നു ഇമ്രാന്‍ ഖാന്‍റെ ഭീഷണി. കൂടാതെ, ഷഹബാസിനോടുള്ള പെരുമാറ്റത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, വനിതാ മജിസ്ട്രേറ്റ്, പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍, രാഷ്ട്രീയ എതിരാളികള്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ഇമ്രാൻ ഭീഷണിപ്പെടുത്തി.

പ്രസംഗത്തില്‍ പൊലീസിനെയും ജുഡീഷ്യറിയെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയതിന് ഇമ്രാനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ഇസ്‌ലാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹ്സിന്‍ അക്തര്‍ കയാനി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഖാനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുകയും കാരണംകാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. ആ​ഗസ്റ്റ് 31ന് മറുപടി നൽകണം എന്നായിരുന്നു നിർദേശം.

പൊതുജനങ്ങളുടെ ദൃഷ്ടിയിൽ നീതിന്യായ വ്യവസ്ഥയുടെ ആത്മാർഥതയ്ക്കും വിശ്വാസ്യതയ്ക്കും തുരങ്കം വച്ചതിനാണ് ഖാനെതിരായ നടപടിയെന്ന് കോടതി പറഞ്ഞു. ഇതിനയച്ച രേഖാമൂലമുള്ള മറുപടിയിൽ, സേബ ചൗധരി ഒരു ജുഡീഷ്യല്‍ ഓഫീസറായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഖാന്‍ പറഞ്ഞത്. താന്‍ പറഞ്ഞ വാക്കുകള്‍ ഉചിതമല്ലാത്തതിനാല്‍ അത് തിരിച്ചെടുക്കാന്‍ തയ്യാറാണെന്നും ഖാന്‍ മറുപടിയില്‍ പറഞ്ഞു.

താന്‍ കോടതിയലക്ഷ്യമായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന് കാണിക്കാനായി പ്രസം​ഗത്തിലെ ചില ഭാഗം മാത്രം തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുകയാണെന്നും ഖാന്‍ അവകാശപ്പെട്ടു. മാത്രമല്ല, ഒരു ജഡ്ജിയുടെയോ പൊതുപ്രവര്‍ത്തകന്റെയോ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടാന്‍ ഓരോ പൗരനും നിയമപരമായ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള കാരണംകാണിക്കല്‍ നോട്ടീസ് ഒഴിവാക്കണമെന്നും കോടതിയലക്ഷ്യ നടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.

ഇതിനിടെ ഖാന് ആഗസ്റ്റ് 25വരെ ഇസ്‌ലാമാബാദ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഖാനെതിരെ കേസെടുക്കുന്നതിന് സര്‍ക്കാര്‍ കൂടിയാലോചന നടത്തുമെന്ന് ആഭ്യന്തരമന്ത്രി സനാഉല്ല നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സൈന്യത്തെയും മറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഖാന്റെ പ്രസംഗമെന്നും അവര്‍ ആരോപിച്ചു. ആറ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ലാസ്ബെല സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിന് പാകിസ്താനില്‍ വിലക്കും ഏര്‍പ്പെടുത്തി. ടി.വി ചാനലുകളില്‍ ഈ പ്രസംഗങ്ങള്‍ ഇനി കാണിക്കരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരായ ഉള്ളടക്കങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യരുതെന്ന തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ചാനലുകള്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.

TAGS :

Next Story