Quantcast

അറസ്റ്റിന് ശേഷമുള്ള സംഘർഷം; ഇമ്രാൻ ഖാന്റെ പാർട്ടി നിരോധിക്കാനൊരുങ്ങി പാക് സർക്കാർ

മെയ് ഒമ്പതിന് രാജ്യത്തുടനീളമുള്ള സൈനിക സ്ഥാപനങ്ങൾ നശിപ്പിച്ചത് ഇമ്രാൻ ഖാൻ ആസൂത്രണം ചെയ്ത ആക്രമണങ്ങൾ ആണെന്ന് പ്രതിരോധ മന്ത്രി ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    24 May 2023 2:54 PM GMT

Imran Khans Party May Face Ban Over Violent Riots in pakistan after his arrest
X

ഇസ്‌ലാബാമാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയെ നിരോധിക്കാനൊരുങ്ങി സർക്കാർ. പി.ടി.ഐയെ നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. ഇമ്രാന്റെ അറസ്റ്റിനു പിന്നാലെ സൈനിക സ്ഥാപനങ്ങൾക്ക് നേരെ പാർട്ടി പ്രവർത്തകർ നടത്തിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി പറയുന്നു.

മെയ് ഒമ്പതിന് 70 കാരനായ ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം അക്രമാസക്തമായ പ്രതിഷേധമാണ് രാജ്യ തലസ്ഥാനത്തുൾപ്പെടെ പൊട്ടിപ്പുറപ്പെട്ടത്. ലാഹോർ കോർപ്‌സ് കമാൻഡർ ഹൗസ്, മിയാൻവാലി എയർബേസ്, ഫൈസലാബാദിലെ ഐഎസ്‌ഐ കെട്ടിടം എന്നിവയുൾപ്പെടെ നിരവധി സൈനിക സ്ഥാപനങ്ങൾ പി.ടി.ഐ പ്രവർത്തകർ നശിപ്പിച്ചിരുന്നു.

റാവൽപിണ്ടിയിലെ കരസേനാ ആസ്ഥാനവും ജനക്കൂട്ടം ആക്രമിച്ചു. അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ 10 പേരാണ് മരിച്ചത്. 'നിലവിൽ പിടിഐ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. എന്നാൽ ആലോചനയും അവലോകനവും നടക്കുന്നുണ്ട്'- മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുൻ ഭരണകക്ഷിയെ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചാൽ വിഷയം പാർലമെന്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെ തന്റെ എതിരാളിയായാണ് മുൻ പ്രധാനമന്ത്രി കണക്കാക്കിയതെന്നും മന്ത്രി ആരോപിച്ചു. 'അന്ന് അദ്ദേഹം തന്റെ രാഷ്ട്രീയം മുഴുവൻ സൈന്യത്തിന്റെ മടിത്തട്ടിൽ ചെയ്തു. ഇന്ന് അദ്ദേഹം അതേ സൈന്യത്തിനെതിരെ നിൽക്കുന്നു'- ഖവാജ ആസിഫ് പറഞ്ഞു.

പാർട്ടി വിട്ട നേതാക്കളും ഇതുതന്നെയാണ് പറയുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. എല്ലാം ആസൂത്രണത്തോടെയാണ് സംഭവിച്ചതെന്നും പഴയ നേതാക്കൾ പറഞ്ഞു. സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഖാൻ അപലപിച്ചില്ലെന്നും മന്ത്രി വിമർശിച്ചു.

'ഇതുവരെ ഖാൻ വ്യക്തമായ വാക്കുകളിൽ അക്രമത്തെ അപലപിച്ചിട്ടില്ല. തനിക്കറിയില്ല, താൻ കസ്റ്റഡിയിൽ ആയിരുന്നു എന്നൊക്കെയാണ് ഖാൻ പറയുന്നത്. ഈ പ്രതികരണം പ്രതീക്ഷിച്ചതാണെന്നും അറസ്റ്റ് ചെയ്താൽ അതിക്രമം ആവർത്തിക്കും'- ആസിഫ് പറഞ്ഞു.

മെയ് ഒമ്പതിന് രാജ്യത്തുടനീളമുള്ള സൈനിക സ്ഥാപനങ്ങൾ നശിപ്പിച്ചത് ഇമ്രാൻ ഖാൻ ആസൂത്രണം ചെയ്ത ആക്രമണങ്ങൾ ആണെന്ന് ഖവാജ ആസിഫ് ആരോപിച്ചു. അതിന് ഒരുപാട് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സായുധ സേനയ്‌ക്കെതിരായ ഖാന്റെ അവസാന നീക്കമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളും പരാജയപ്പെട്ടിരിക്കുന്നു.

മെയ് ഒമ്പതിന് പ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിച്ച് ഖാന്റെ പാർട്ടി രാജ്യത്തിന്റെ അടിത്തറയെ വെല്ലുവിളിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ഒരു രാഷ്ട്രീയ പാർട്ടിയേയും നിരോധിക്കാനാവില്ലെന്നും പി.ടി.ഐയെ നിരോധിച്ചാൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും പിടിഐ നേതാവ് ബാരിസ്റ്റർ അലി സഫർ പറഞ്ഞു.

TAGS :

Next Story