Quantcast

ഹോർമൂസ് അടച്ചാൽ ചരക്ക് നീക്കം പ്രതിസന്ധിയിൽ; ചബഹാറിനെ ആശ്രയിക്കുമോ ഇന്ത്യ?

ഒമാൻ കടലിലേക്കും പേർഷ്യൻ ഗൾഫിലേക്കും സുഗമമായി പ്രവേശിക്കാവുന്നതിനാൽ പണ്ടു മുതൽക്കേ വാണിജ്യത്തിന് പേരുകേട്ട തുറമുഖമാണ് ചബഹാർ..

MediaOne Logo

Web Desk

  • Published:

    22 Jun 2025 8:31 PM IST

Indian Exporters Urge Shift From Bandar Abbas To Chabahar
X

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരവേ, വ്യാപാര മേഖലയിൽ അതിനിർണായകമായ ഒരു നീക്കത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ചരക്ക് നീക്കങ്ങളെല്ലാം ബന്ദർ അബ്ബാസ് തുറമുഖത്ത് നിന്ന് ചബഹാർ തുറമുഖത്തേക്ക് കേന്ദ്രീകരിക്കണമെന്ന് കേന്ദ്രത്തിന് മേൽ സമ്മർദം ചെലുത്തുകയാണ് കയറ്റുമതിക്കാർ. നിലവിലെ സംഘർഷം രൂക്ഷമായാൽ, പ്രതിരോധ നടപടിയുടെ ഭാഗമായി ഇറാൻ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമോ എന്ന ആശങ്കയാണ് ഇതിന് പിന്നിൽ. അങ്ങനെ വന്നാൽ അത് ഇന്ത്യയുടെ ഊർജ ഇറക്കുമതിയെയും വാണിജ്യ ഇടപാടുകളെയും കാര്യമായി ബാധിക്കും.

വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച വിളിച്ചുചേർത്ത സുപ്രധാന മീറ്റിങ്ങിലാണ് ബന്ദർ അബ്ബാസ് വിഷയം വ്യാപാര-വ്യവസായ പ്രമുഖർ ചൂണ്ടിക്കാട്ടിയത്. വാണിജ്യ സെക്രട്ടറി സുനിൽ ബർദ്വാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പെട്രോളിയം, കയറ്റുമതി, റവന്യൂ, ധനകാര്യ വകുപ്പുകളിലെ പ്രമുഖരും തുറമുഖ അധികാരികൾ, ഓഹരി ഉടമകൾ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ബന്ദർ അബ്ബാസ് തുറമുഖം പ്രവർത്തനരഹിതമായാൽ ഇറാനിലേക്കുള്ള വ്യാപാരത്തെ മാത്രമല്ല, അഫ്ഗാനിസ്ഥാനിലും മധ്യേഷ്യയിലുമൊക്കെയുള്ള ഇന്ത്യൻ നിക്ഷേപങ്ങളെ അത് കാര്യമായി ബാധിക്കുമെന്ന് യോഗത്തിൽ വിലയിരുത്തി. ചബഹാറിന് നിലവിൽ ഉചിതമായ പ്രവർത്തനക്ഷമതയുണ്ടെന്നും അതുകൊണ്ട് തന്നെ ചരക്ക് നീക്കം ചബഹാറിൽ കേന്ദ്രീകരിക്കാമെന്നും അങ്ങനെയാണ് അഭിപ്രായമുയരുന്നത്. ഏതായാലും ഷിപ്പിങ് ലൈൻ ലോജിസ്റ്റിക്‌സും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിൽ നിന്നുള്ള വിലയിരുത്തലുകളും വന്ന ശേഷമാകും അന്തിമ തീരുമാനം.

ഇറാനിലെ ഏറ്റവും വലിയ തുറമുഖമായ ബന്ദർ അബ്ബാസ്, അഫ്ഗാനിസ്ഥാനും എന്തിന് റഷ്യ പോലുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തിൽ അതീവ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ 80ശതമാനവും ഹോർമൂസ് കടലിടുക്ക് വഴിയാണ് നടക്കുക. യുദ്ധം മുറുകിയാൽ ബന്ദർ അബ്ബാസിന്റെ സുരക്ഷ പ്രതിസന്ധിയിലാവുകയും അങ്ങനെ വന്നാൽ ഹോർമൂസ് കടലിടുക്കിലേക്ക് പ്രവേശനം വിലക്കാൻ ഇറാൻ നിർബന്ധിതരാവുകയും ചെയ്യും. നിലവിൽ തുറമുഖത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെങ്കിലും, വ്യോമപാത വഴിയുള്ള ചരക്ക് നീക്കത്തിന്റെ ചെലവ് 15 ശതമാനം വർധിച്ചിട്ടുണ്ട്. കൂടാതെ യൂറോപ്പിലേക്കും മെഡിറ്ററേനിയൻ കടലിലേക്കുമുള്ള സർചാർജും വർധിച്ചു.

ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്കുള്ള കയറ്റുമതി, ഈ സാമ്പത്തിക വർഷം 2.1 ബില്യൺ ഡോളർ ആയി ഇടിഞ്ഞിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിലിത് 4.5 ബില്യൺ ആയിരുന്നു. എന്നാൽ ഇറാനുമായുള്ള വ്യാപാരം 1.4 ബില്യൺ ഡോളറിൽ നിന്ന് വ്യതിചലിക്കാതെ നിൽക്കുകയാണ്. ഇത് ഇടിയാതെ നോക്കണമെങ്കിൽ കൃത്യമായ അജണ്ടയോടെ മുന്നോട്ട് നീങ്ങണം.

ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തെ യുദ്ധം ബാധിച്ചാൽ, ബന്ദർ അബ്ബാസ് വിട്ട്, യുഎഇയിലെ ഫുജൈറ തുറമുഖം വഴിയും ഒമാൻ വഴിയുമൊക്കെ ഇന്ത്യയ്ക്ക് ചരക്ക് കടത്തേണ്ടി വരും. ഇത് അധികച്ചെലവുമാണ്. എന്നാൽ ഇതിന് പകരം ഇന്ത്യയ്ക്ക് കാര്യമായ നിക്ഷേപമുള്ള ചബഹാർ പോർട്ട് വഴി ചരക്ക് ഗതാഗതം നടത്താമെന്ന ആശയമാണ് യോഗത്തിൽ ഉയർന്നത്. അഫ്ഗാനിലേക്കും മധ്യേഷ്യൻ മാർക്കറ്റുകളിലേക്കും പാകിസ്താൻ വഴിയല്ലാതെയുള്ള ചരക്ക് മുന്നിൽ കണ്ടാണ് ഇന്ത്യ പത്ത് വർഷത്തെ കരാറിൽ ഒപ്പിട്ടത്. ഇറാൻ വഴി മുംബൈയെ റഷ്യയുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയിലെ നിർണായക കണ്ണിയാണ് ചബഹാർ തുറമുഖം.

കഴിഞ്ഞ വർഷമാണ് ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പിനുള്ള കരാറിൽ ഇന്ത്യ ഒപ്പു വച്ചത്. ഇന്ത്യ പോർട്ട്‌സ് ഗ്ലോബൽ ലിമിറ്റഡ് അഥവാ ഐപിജിഎല്ലിനാണ് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല. ഊർജ സമ്പന്നമായ ഇറാന്റെ തെക്കുകിഴക്കൻ തീരത്ത് സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ചബഹാർ തുറമുഖം സ്ഥിതി ചെയ്യുന്നത്. തുറമുഖം ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധം വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. 7200 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര ഉത്തര ദക്ഷിണ ഗതാഗത ഇടനാഴിയിലെ പ്രധാന ഹബ്ബാണ് ചബഹാർ. ഈ തുറമുഖത്തിന്റെ നിർമാണ പ്രവർത്തനത്തിൽ ഇന്ത്യ നേരത്തേ തന്നെ സഹകരിച്ചിട്ടുണ്ട്.

2024-25 വർഷത്തേക്ക് വിദേശകാര്യ മന്ത്രാലയം ചബഹാർ തുറമുഖത്തിന് 100 കോടി രൂപ അനുവദിച്ചിരുന്നു. ഒമാൻ കടലിലേക്കും പേർഷ്യൻ ഗൾഫിലേക്കും സുഗമമായി പ്രവേശിക്കാവുന്നതിനാൽ പണ്ടു മുതൽക്കേ വാണിജ്യത്തിന് പേരുകേട്ട തുറമുഖമാണിത്. തെക്കെ അഫ്ഗാനിസ്ഥാനിലെ സാബൂൾ ഇരുമ്പ് ഖനികളെയും ചബഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന 560 മൈൽ നീളമുള്ള റെയിൽപ്പാത ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ചിരുന്നു. 2003 മുതൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ചർച്ചയിലെ പ്രധാന അജൻഡയാണ് ചബഹാർ തുറമുഖത്തിന്റെ വികസനം. ചൈനീസ് മാതൃകയിൽ ഇറാനിലെ തുറമുഖം വികസിപ്പിച്ച് വ്യാപാരമുന്നേറ്റം നടത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

TAGS :

Next Story