Quantcast

669 കോടിയുടെ പാർലമെന്റ്, 600 കോടിയുടെ ഹൈവേ, 1,500 കോടിയുടെ ഡാം; അഫ്ഗാന് ഇന്ത്യ സമ്മാനിച്ച സ്വപ്‌ന പദ്ധതികള്‍

2001ൽ അമേരിക്കന്‍ സഖ്യസേന താലിബാനെ പുറത്താക്കിയ ശേഷം മൂന്ന് ബില്യൻ ഡോളറിന്റെ നിർമാണ, വികസനപ്രവൃത്തികളാണ് ഇന്ത്യയുടെ നേതൃത്വത്തിൽ അഫ്ഗാനിൽ നടന്നത്. 34 പ്രവിശ്യകളിലായി 400ലേറെ പദ്ധതികള്‍ ഇപ്പോള്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്

MediaOne Logo

Shaheer

  • Updated:

    2021-08-17 18:40:30.0

Published:

17 Aug 2021 5:08 PM GMT

669 കോടിയുടെ പാർലമെന്റ്, 600 കോടിയുടെ ഹൈവേ, 1,500 കോടിയുടെ ഡാം; അഫ്ഗാന് ഇന്ത്യ സമ്മാനിച്ച സ്വപ്‌ന പദ്ധതികള്‍
X

അയൽരാജ്യമായ അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതോടെ അത് എങ്ങനെ ഇന്ത്യയെ ബാധിക്കുമെന്ന ചർച്ച രാജ്യത്ത് സജീവമാണ്. വർഷങ്ങൾ നീണ്ട താലിബാൻ ഭരണത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിലെ അടിസ്ഥാന സൗകര്യവികസനത്തിനും പുനർനിർമാണത്തിനും നേതൃത്വം നൽകിയത് ഇന്ത്യയായിരുന്നു. മൂന്ന് ബില്യൻ ഡോളറിന്റെ വികസനപ്രവൃത്തികളാണ് നിലവിൽ ഇന്ത്യയുടെ നേതൃത്വത്തിൽ അഫ്ഗാനിൽ നടന്നുവരുന്നത്. പുതിയ രാഷ്ട്രീയമാറ്റത്തിലൂടെ ഇവയുടെയെല്ലാം ഭാവിയെന്താകും കേന്ദ്രത്തിന്റെ പ്രധാന ആശങ്ക.

അഫ്ഗാനിൽ റോഡുകൾ, ഡാമുകൾ, വൈദ്യുതി ശൃംഖലകൾ, സ്‌കൂളുകൾ മുതൽ അഫ്ഗാൻ പാർലമെന്റ് വരെ നിർമിച്ചത് ഇന്ത്യയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1.5 ബില്യൻ ഡോളർ കടന്നിരുന്നു. ഇന്ത്യ ഒരു ബില്യൻ ഡോളറിന്റെ ചരക്കുകളാണ് കഴിഞ്ഞ വർഷം അഫ്ഗാനിലേക്ക് കയറ്റിയയച്ചത്. 530 മില്യൻ ഡോളറിന്റെ ചരക്കുകൾ അഫ്ഗാനിൽനിന്ന് ഇന്ത്യയിലുമെത്തി.

2001ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശസൈന്യം താലിബാനെ പുറത്താക്കിയ ശേഷം മൂന്ന് ബില്യൻ ഡോളറിന്റെ നിർമാണ, വികസനപ്രവൃത്തികളാണ് ഇന്ത്യയുടെ നേതൃത്വത്തിൽ അഫ്ഗാനിൽ നടന്നത്. 2020 നവംബറിൽ ജനീവയിൽ വച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞത് അഫ്ഗാനിലെ 34 പ്രവിശ്യകളിലായി 400ലേറെ പദ്ധതികളാണ് ഇന്ത്യ നിർവഹിച്ചുവരുന്നതെന്നാണ്. ഈ പദ്ധതികളെല്ലാമാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.

അഫ്ഗാനിസ്താനിലെ ഇന്ത്യയുടെ സുപ്രധാന പദ്ധതികൾ അറിയാം:

അഫ്ഗാൻ പാർലമെന്റ്

90 മില്യൻ ഡോളർ ചെലവിട്ടാണ് കാബൂളിലെ അഫ്ഗാൻ പാർലമെന്റ് ഇന്ത്യ നിർമിച്ചത്. 2009ൽ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്‍റെ ആസൂത്രണത്തോടെ ആരംഭിച്ച നിർമാണപ്രവൃത്തികൾ പൂർത്തിയായത് 2014ൽ. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചു. ആഭ്യന്തര യുദ്ധത്തില്‍ തകർന്ന അഫ്ഗാനുള്ള ഇന്ത്യയുടെ സമ്മാനമായാണ് ഇതു വിശേഷിപ്പിക്കപ്പെട്ടത്.

തലസ്ഥാനമായ കാബൂളിലെ ദാറുൽ അമാൻ കൊട്ടാര സമുച്ചയത്തിലാണ് പാർലമെന്റ് കെട്ടിടം സ്ഥിതിചെയ്യുന്നത്. 100 ഏക്കർ ഭൂമിയിലായി വിശാലവും അത്യാധുനികവുമായ സൗകര്യങ്ങളോടെ നിർമിച്ച കെട്ടിടം ഇന്ത്യയുടെ കേന്ദ്ര പൊതുമരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് സജ്ജമായത്.


സൽമ ഡാം

ഹെറാത് പ്രവിശ്യയിലെ ചിശ്തി ശരീഫ് ജില്ലയിലുള്ള സൽമ ഡാം അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ ഡാമുകളിലൊന്നാണ്. പ്രവിശ്യയിലെ പതിനായിരക്കണക്കിനു കുടുംബങ്ങൾക്ക് വെള്ളവും വൈദ്യുതിയുമെത്തിക്കുന്ന വൻ പദ്ധതി.

640 മില്യൻ ക്യൂബിക് മീറ്റർ ജലസംഭരണശേഷിയുള്ള ഡാമും നിർമിച്ചത് ഇന്ത്യയാണ്. ഏകദേശം 1,500 കോടി രൂപ ചെലവിൽ. അഫ്ഗാനിലെ ഇന്ത്യയുടെ ഏറ്റവും ചെലവേറിയ പദ്ധതിയായിരുന്നു ഇത്. ചിശ്തി ശരീഫ് ജില്ല മുതൽ ഇറാൻ അതിർത്തിയിലുള്ള സുൽഫീക്കർ മേഖല വരെയുള്ള രണ്ടു ലക്ഷത്തോളം ഏക്കർ കൃഷിഭൂമിയിലേക്ക് ജലസേചനം നടത്തുന്നത് ഇവിടെനിന്നാണ്. 2016ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ വൈദ്യുതോർജ-ജലസേചന പദ്ധതി അഫ്ഗാൻ-ഇന്ത്യ സൗഹൃദ ഡാം എന്ന പേരിലാണ് അറിയപ്പെടുന്നത്.


സ്‌തോർ കൊട്ടാരം

നൂറ്റാണ്ടിന്റെ പഴക്കമുള്ള അഫ്ഗാനിലെ പൈതൃക കേന്ദ്രങ്ങളിലൊന്നാണ് സ്‌തോർ കൊട്ടാരം. കാബൂളിൽ അഫ്ഗാന്റെ വിദേശകാര്യ ഓഫീസിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഈ ചരിത്രസ്മാരകം ഇന്ത്യയുടെ സഹായത്തോടെയാണ് അഫ്ഗാൻ പുനർനിർമിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യുന്നത്.

1965 വരെ അഫ്ഗാൻ വിദേശമന്ത്രിമാരുടെയും വിദേശമന്ത്രാലയത്തിന്റെയും കാര്യാലയങ്ങൾ പ്രവർത്തിച്ചിരുന്നത് പഴയ കൊട്ടാരത്തിലായിരുന്നു. 2009ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരാണ് ആഗാഖാൻ ഡെവലപ്‌മെന്റ് നെറ്റ്‌വർക്കുമായി ചേർന്ന് കൊട്ടാര പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുന്നത്. 2016 ഓഗസ്റ്റ് 22ന് നരേന്ദ്ര മോദി പുനരുദ്ധാരണം കഴിഞ്ഞ കൊട്ടാരം തുറന്നുകൊടുക്കുകയും ചെയ്തു.


സറഞ്ച്-ദെലാറാം ദേശീയപാത

കാണ്ഡഹാർ, ഗസ്‌നി, കാബൂൾ, മസാറെ ശരീഫ്, ഹെറാത് തുടങ്ങിയ അഫ്ഗാനിലെ തന്ത്രപ്രധാന മേഖലകളെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ദേശീയപാതയാണ് സറഞ്ച്-ദെലാറാം ഹൈവേ. 218 കി.മീറ്റർ നീളമുള്ള ഈ ദേശീയപാത അഫ്ഗാനിസ്താനിൽ ഇന്ത്യ നടത്തിവരുന്ന വികസനപ്രവൃത്തികളുടെ പ്രതീകമായാണ് അറിയപ്പെട്ടിരുന്നത്.

600 കോടി രൂപ ചെലവിട്ട് നിർമിച്ച ഹൈവേ അഫ്ഗാന് കൈമാറിയത് മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജിയും. സറഞ്ച്-ദെലാറാം പാതയ്ക്കു പുറമെ 58 കി.മീറ്റർ ദൂരത്തിൽ അന്തർ-നഗര പാതകൾ, സറഞ്ചിൽ 40 കി.മീറ്റർ പാത, ഗുർഗുരിയിൽ 10 കി.മീറ്റർ പാത എന്നിങ്ങനെ വേറെയും റോഡുകൾ നിർമിച്ചിട്ടുണ്ട് ഇന്ത്യ.


ആരോഗ്യപരിചരണ പദ്ധതികൾ

അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ ശിശുരോഗ ആശുപത്രിയാണ് ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചൈൽഡ് ഹെൽത്ത്. 1985ലാണ് ഇന്ത്യയുടെ സഹായത്തോടെ ആശുപത്രി നിർമിക്കുന്നത്. ഇതിനു പുറമെ അഫ്ഗാനിലെ നിരവധി മേഖലകളിൽ ഇന്ത്യൻ മെഡിക്കൽ മിഷനുകളുടെ നേതൃത്വത്തിൽ സൗജന്യ ക്യാംപുകളും പ്രവർത്തിക്കുന്നുണ്ട്. ബൽഖ്, കാണ്ഡഹാർ, ഖോസ്ത്, കുനാർ, നങ്കർഹാർ, നിംറോസ്, നൂറിസ്താൻ, പക്തിയ തുടങ്ങിയ നിരവധി പ്രവിശ്യകളിൽ ഇന്ത്യ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുമുണ്ട്.

മറ്റു സഹായങ്ങൾ: കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന വിവരങ്ങൾ പ്രകാരം അഫ്ഗാനുള്ള ഇന്ത്യയുടെ സഹായങ്ങൾ അവിടെയും തീരുന്നില്ല. 400 വലിയ ബസുകൾ, 200 മിനി ബസുകൾ, നഗരസഭാ ആശ്യങ്ങൾക്കായുള്ള 105 വാഹനങ്ങൾ, അഫ്ഗാൻ ദേശീയ സൈന്യത്തിന്റെ ആവശ്യത്തിനായി 285 സൈനിക വാഹനങ്ങൾ, അഞ്ചു നഗരങ്ങളിലെ സർക്കാർ ആശുപത്രികളിലേക്കായി 10 ആംബുലൻസുകൾ തുടങ്ങിയവയെല്ലാം ഇന്ത്യ നൽകിയിട്ടുണ്ട്.

TAGS :

Next Story