കാനഡയിൽ ഇന്ത്യൻ പൗരനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
ആക്രമണ കാരണം എന്താണെന്നോ കസ്റ്റഡിയിലുള്ള വ്യക്തിക്കെതിരെ എന്തെങ്കിലും കുറ്റം ചുമത്തുമോ എന്നോ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ പൗരനെ കുത്തിക്കൊന്നു. ഒട്ടാവയ്ക്ക് സമീപം റോക്ക്ലാൻഡ് ടൗണിലാണ് സംഭവം. കൊലപാതകത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തതായി കാനഡയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ സമയം ഇന്നു പുലർച്ചെയാണ് സംഭവം. മരിച്ചയാളുടെ പേരുവിവരങ്ങളും ആക്രമണ കാരണവും പുറത്തുവന്നിട്ടില്ല.
'ഒട്ടാവയ്ക്ക് സമീപം റോക്ക്ലാൻഡിൽ ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചതിൽ അതീവദുഃഖം രേഖപ്പെടുത്തുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറയുന്നു. ദുഃഖിതരായ ബന്ധുക്കൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാനായി ഞങ്ങൾ പ്രാദേശിക കമ്യൂണിറ്റി അസോസിയേഷൻ വഴി അടുത്തബന്ധം പുലർത്തിവരികയാണ്'- ഇന്ത്യൻ എംബസി എക്സ് പോസ്റ്റിൽ കുറിച്ചു.
ഒട്ടാവ ഡൗൺടൗണിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ കിഴക്കായി ലാലോണ്ടെ സ്ട്രീറ്റിന് സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് സംഭവം നടന്നതെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് റേഡിയോ-കാനഡയോട് പറഞ്ഞതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണ കാരണം എന്താണെന്നോ കസ്റ്റഡിയിലുള്ള വ്യക്തിക്കെതിരെ എന്തെങ്കിലും കുറ്റം ചുമത്തുമോ എന്നോ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് റേഡിയോ- കാനഡയെ പൊലീസ് അറിയിച്ചു. അതേസമയം, പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിക്കുമെന്ന് ഒന്റാറിയോ പ്രവിശ്യാ പൊലീസ് വ്യക്തമാക്കി.
Adjust Story Font
16

