Quantcast

'നിമിഷങ്ങൾ തള്ളിനീക്കുന്നത് ഭീതിയോടെ, ഇവിടെ നിന്ന് പുറത്തെത്തിക്കാന്‍ വഴിയുണ്ടാക്കണം'; അഭ്യര്‍ഥനയുമായി ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഇന്ന് രാവിലെയാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-02-28 14:26:11.0

Published:

28 Feb 2026 7:55 PM IST

നിമിഷങ്ങൾ തള്ളിനീക്കുന്നത് ഭീതിയോടെ, ഇവിടെ നിന്ന് പുറത്തെത്തിക്കാന്‍ വഴിയുണ്ടാക്കണം; അഭ്യര്‍ഥനയുമായി ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
X

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ഒറ്റപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഇസ്രായേലിന്റെ നിരന്തരമായ വ്യോമാക്രമണം കാരണം ഭയത്തോടെയാണ് സമയങ്ങള്‍ തള്ളിനീക്കുന്നതെന്നും ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോകളിലൂടെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

പറഞ്ഞറിയിക്കാനാവാത്ത അവസ്ഥയിലാണ് തങ്ങളുള്ളതെന്നും ഇവിടെനിന്ന് പുറത്തെത്താനുള്ള വഴിയൊരുക്കണമെന്നും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയില്‍ ഒരു വിദ്യാര്‍ഥി പറഞ്ഞു.

'എല്ലാവരും കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെഹ്‌റാനില്‍ കുടുങ്ങിക്കിടക്കുകയാണ് ഞാന്‍. ഇന്ത്യയില്‍ നിന്ന് പഠനാവശ്യാര്‍ഥം എത്തിയതായിരുന്നു. എത്രമാത്രം പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞറിയിക്കാനാവില്ല. അടുത്തതെന്ത് സംഭവിക്കുമെന്നും അറിയില്ല. ഞങ്ങളുടെ സുരക്ഷയോര്‍ത്ത് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് നന്ദിയുണ്ട്. എങ്കിലും, ഇത്തരം സാഹചര്യങ്ങളില്‍ എത്രയും വേഗത്തിലുളള നടപടിയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിരന്തരം വ്യോമാക്രമണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യമാകുന്നത്രയും വേഗത്തിൽ ഞങ്ങളെ ഇവിടെ നിന്ന് പുറത്തെത്തിക്കണം. സാഹചര്യം ഇതിലും മോശമാകുന്നത് വരെ കാത്തിരിക്കരുത്. സഹായിക്കണം'. വിദ്യാര്‍ഥി വീഡിയോയിൽ പറഞ്ഞു.

സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പരിഭ്രാന്തരാണെന്ന് ഉര്‍മിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി മെഹെക് ഹുസൈനും പറഞ്ഞു.

'ഇറാനിലുള്ള സാഹചര്യം ഒട്ടുമിക്കയാളുകളും ഇതിനോടകം അറിഞ്ഞുകാണും. രാവിലെ മുതല്‍ ഇസ്രായേല്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. തെഹ്‌റാന്‍ അടക്കം നിരവധി സ്ഥലങ്ങള്‍ ആക്രമണത്തില്‍ സ്തംഭിച്ചിരിക്കുകയാണ്'. മെഹെക് ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കി.

യുദ്ധസാഹചര്യം മുന്‍നിര്‍ത്തി ഇറാനിലുള്ള വിദ്യാര്‍ഥികളോട് എത്രയും വേഗം രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നെങ്കിലും അധ്യയനവര്‍ഷത്തിന്റെ പകുതിയില്‍ വെച്ച് പോകാന്‍ യൂണിവേഴ്‌സിറ്റി അനുവാദം നല്‍കാതിരുന്നതിനാലാണ് പലര്‍ക്കും പോകാന്‍ കഴിയാതിരുന്നതെന്നും മെഹെക് വ്യക്തമാക്കി.

'എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങണമെന്ന് തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. എന്നാല്‍, തീരുമാനം ഞങ്ങളുടെ കയ്യിലായിരുന്നില്ല. യൂണിവേഴ്‌സിറ്റി അനുമതി നല്‍കിയിരുന്നില്ല. ചിലരൊക്കെ നേരത്തെ മടങ്ങിയിരുന്നെങ്കിലും അധികപേര്‍ക്കും മടങ്ങാനായില്ല. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിനായി ഇന്ത്യന്‍ എംബസി എത്രയും വേഗം ഇടപെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. സംഘര്‍ഷം തുടരുമോ അവസാനത്തോടടുത്തിരിക്കുകയാണോ എന്നറിയില്ല. ഒരു കാര്യം പറയാം, ഇവിടെയുള്ള ഓരോ നിമിഷവും അങ്ങേയറ്റം ഭയപ്പാടോടെയാണ് ഞങ്ങള്‍ തള്ളിനീക്കുന്നത്'. വിദ്യാര്‍ഥിനി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ സര്‍ക്കാര്‍ മേഖലയിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം വീക്ഷിച്ചുവരികയാണെന്നും എത്രയും വേഗം തങ്ങളുടെ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാര്‍ഥികള്‍ പങ്കുവെച്ചു.

യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഇന്ന് രാവിലെയാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നീട് വിവിധ സമയങ്ങളിലായി ആക്രമണം തുടര്‍ന്നു. മറുപടിയായി ഇസ്രായേലിലെ തെല്‍ അവിവ് ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. ഇറാനില്‍ സ്‌കൂളിലുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 50ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടു. മേഖലയിലാകെ സംഘര്‍ഷ സാഹചര്യം തുടരുകയാണ്.

TAGS :

Next Story